അത്ഭുതം കാത്ത് ദക്ഷിണാഫ്രിക്ക

നാല് തവണ സെമി ഫൈനലിൽ കളിച്ചിട്ടും വിശ്വവിജയികളാവാൻ സാധിച്ചില്ല എന്ന ചീത്തപ്പേര് ഇത്തവണ ദക്ഷിണാഫ്രിക്ക മാറ്റിമറിക്കുമോയെന്ന് കണ്ടറിയണം.

അത്ഭുതം കാത്ത് ദക്ഷിണാഫ്രിക്ക

കേപ്ടൗൺ: ലോകകപ്പിലെ ഏറ്റവും നിർഭാഗ്യ ടീം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രം- ദക്ഷിണാഫ്രിക്ക. ലോകക്രിക്കറ്റിനെ വിസ്മയിപ്പിച്ച നിരവധി താരങ്ങൾ ഒുപ്പമുണ്ടായിട്ടും ഒരു തവണപോലും കിരീടത്തിൽ മുത്തമിടാൻ ദക്ഷിണാഫ്രിക്കയ്ക്കായിട്ടില്ല. നാല് തവണ സെമി ഫൈനലിൽ കളിച്ചിട്ടും വിശ്വവിജയികളാവാൻ സാധിച്ചില്ല എന്ന ചീത്തപ്പേര് ഇത്തവണ ദക്ഷിണാഫ്രിക്ക മാറ്റിമറിക്കുമോയെന്ന് കണ്ടറിയണം. നിലവിലെ ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തമായ ബൗളിങ് നിരയുള്ള ദക്ഷിണാഫ്രിക്ക കിരീട സാധ്യതയിൽ മുന്നിൽത്തന്നെയാണ്. ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് സാധ്യതാ ഇലവനെ പരിശോധിക്കാം.

ഫഫ് ഡുപ്ലെസിസ്

ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനായ ഫഫ് ഡുപ്ലെസിസാണ് ടീമിന്റെ നട്ടെല്ല്. ബാറ്റിങ് നിരയുടെ പ്രതീക്ഷകളെല്ലാം താരത്തിന്റെ തോളിലാണ്. 134 ഏകദിനത്തിൽ നിന്ന് 45.71 ശരാശരിയിൽ 5120 റൺസാണ് ഡുപ്ലെസിസ് നേടിയത്. ഇതിൽ 11 സെഞ്ച്വറിയും 32 അർദ്ധ സെഞ്ച്വറിയും ഉൾപ്പെടും. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളെക്കുറിച്ച് പരിചയസമ്പന്നനായ ഡുപ്ലെസിസ് ഇത്തവണ ടൂർണമെന്റിന്റെ ടോപ് സ്‌കോററാൻ സാധ്യത കൽപ്പിക്കുന്നവരിൽ മുന്നിലാണ്. ഐ.പി.എല്ലിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനും താരത്തിന് സാധിച്ചിരുന്നു.

ഹാഷിം അംല

സീനിയർ താരമായ ഹാഷിം അംലയ്ക്കും പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചേക്കും. അടുത്തിടയൊന്നും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്ന അംലയെ ടീമിലെടുത്തതിനെതിരേ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രതിഷേധം ഉയർന്നിരുന്നു. 174 ഏകദിനത്തിൽ നിന്ന് 49.75 ശരാശരിയിൽ 7910 റൺസാണ് അംല നേടിയത്. ഇതിൽ 27 സെഞ്ച്വറിയും 37 അർദ്ധ സെഞ്ച്വറിയും ഉൾപ്പെടും.

ഡേവിഡ് മില്ലർ

ടീമിലെ വെടിക്കെട്ട് താരം ഡേവിഡ് മില്ലർക്കും പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചേക്കും. മദ്ധ്യനിരയിൽ ടീമിന് അടിത്തറയേകുന്നത് മില്ലറാവും. 120 ഏകദിനത്തിൽ നിന്ന് 38.96 ശരാശരിയിൽ 2922 റൺസാണ് മില്ലറുടെ സമ്പാദ്യം. അഞ്ച് സെഞ്ച്വറിയും 12 അർദ്ധ സെഞ്ച്വറിയും നേടിയിട്ടുള്ള അദ്ദേഹം ഏകദിന റാങ്കിങ്ങിൽ 28ാം സ്ഥാനത്താണ്. ഐ.പി.എല്ലിലെ താരത്തിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല

ക്വിന്റൻ ഡീ കോക്ക്

ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ഡീ കോക്കിന്റെ സമീപകാല ഫോം ടീമിന് പ്രതീക്ഷ നൽകുന്നു. ഓപ്പണറായി ഇറങ്ങി ടീമിന് അടിത്തറയിടാൻ മിടുക്കനാണെന്ന് നേരത്തെ തന്നെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. ആക്രമണ ശൈലിയിലും കളിക്കാൻ കെൽപ്പുള്ള അദ്ദേഹം ഐ.പി.എല്ലിലും തിളങ്ങി. 106 ഏകദിനത്തിൽ നിന്ന് 45.56 ശരാശരിയിൽ 4602 റൺസാണ് ഡി കോക്ക് നേടിയത്. 14 സെഞ്ച്വറിയും 21 അർദ്ധ സെഞ്ച്വറിയും താരം സ്വന്തം പേരിലാക്കി. റാങ്കിങ്ങിൽ നാലാം സ്ഥാനത്താണ്.

എയ്ഡൻ മാർക്രം

ടീമിലെ യുവതാരം എയ്ഡൻ മാർക്രമിനും ടീമിൽ സ്ഥാനം ലഭിക്കും. ടോപ് ഓഡറിൽ തല്ലിത്തകർന്ന് കളിക്കാൻ കെൽപ്പുള്ള മാർക്രമിന് പരിചയസമ്പത്ത് കുറവുണ്ട്. 18 ഏകദിനത്തിൽ നിന്ന് 29.59 ശരാശരിയിൽ 503 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. രണ്ട് അർദ്ധ സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും ഒരു തവണ പോലും സെഞ്ച്വറിയിലേക്കെത്താനായില്ല. റാങ്കിങ്ങിൽ 90ാം സ്ഥാനത്ത്.

ആൻഡിലി ഫെലുക്കുവായോ

ഓൽറൗണ്ടറായ ആൻഡിലി ഫെലുക്കുവായോയ്ക്കും ടീമിൽ സ്ഥാനം ഉറപ്പ്. 23കാരനായ താരം 43 മത്സരത്തിൽ നിന്ന് 32 ശരാശരിയിൽ 416 റൺസും 54 വിക്കറ്റുമാണ് സ്വന്തം പേരിലാക്കിയത്. മദ്ധ്യനിരയിൽ ബാറ്റുകൊണ്ട് സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ മിടുക്കനാണെന്ന് ഇതിനോടകം താരം തെളിയിച്ചിട്ടുണ്ട്.

ജെ പി ഡുമിനി

പരിചയസമ്പന്നനായ ജെ.പി ഡുമിനി ടോപ് ഓഡറിൽ ടീമിന് കരുത്ത് പകരും. 194 ഏകദിനത്തിൽ നിന്ന് 37.39 ശരാശരിയിൽ 5047 റൺസാണ് അദ്ദേഹം നേടിയത്. നാല് തവണ സെഞ്ച്വറി കണ്ടെത്തിയ ഡുമിനി 27 അർദ്ധ സെഞ്ച്വറിയും സ്വന്തം പേരിലാക്കി. റാങ്കിങ്ങിൽ 58ാം സ്ഥാനത്തുള്ള ഡുമിനി ലോകകപ്പിന് ശേഷം വിരമിക്കും.

കഗിസോ റബാദ

ടീമിന്റെ വജ്രായുധം. വേഗംകൊണ്ട് എതിരാളികളെ വിറപ്പിക്കുന്ന റബാദ ഇക്കഴിഞ്ഞ ഐ.പി.എല്ലിലും ശ്രദ്ധേയ പ്രകടനം പുറത്തെടുത്തു. 66 ഏകദിനത്തിൽ നിന്ന് 106 വിക്കറ്റാണ് റബാദ വീഴ്ത്തിയത്. 201 റൺസും താരം നേടിയിട്ടുണ്ട്. 16 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. പരിക്കിന്റെ പിടിയിലായിരുന്ന താരം കായിക ക്ഷമത വീണ്ടെടുത്തിട്ടുണ്ട്.

ഡെയ്ൽ സ്റ്റെയിൻ

ബാറ്റ്‌സ്മാൻമാരുടെ പേടി സ്വപ്‌നമായ ഡെയ്ൽ സ്റ്റെയിനും ടീമിന്റെ പ്രതീക്ഷകളെ ഉയർത്തുന്നു. 125 മത്സരത്തിൽ നിന്ന് 196 വിക്കറ്റാണ് സ്റ്റെയിൻ വീഴ്ത്തിയത്.

39 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ താരം മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. 365 റൺസും സ്‌റ്റെയിന്റെ പേരിലുണ്ട്.

ലൂങ്കി എൻഗിഡി

23കാരനായ ലൂങ്കി എൻഗിഡിയിലും ടീം പ്രതീക്ഷവയ്ക്കുന്നു. തന്റെ ഉയരക്കൂടുതൽ ഇംഗ്ലണ്ടിൽ മുതലാക്കാനായാൽ ടീമിനത് ഗുണംചെയ്യു. 18 ഏകദിനം മാത്രം കളി പരിചയമുള്ള എൻഗിഡി 34 വിക്കറ്റ് ഇതിനോടകം സ്വന്തം പേരിലാക്കി. 51 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന താരം ആദ്യ മത്സരം മുതൽ ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമുണ്ടാകും.

ഇമ്രാൻ താഹിർ

40കാരനായ ഇമ്രാൻ താഹിറിനാവും ടീമിന്റെ സ്പിൻ ചുമതല. ഐ.പി.എല്ലിന്റെ ഈ സീസണിൽ കൂടുതൽ വിക്കറ്റ് നേടിയ ബൗളറെന്ന ബഹുമതി സ്വന്തമാക്കിയ താഹിറ് മികവ് ആവർത്തിച്ചാൽ ടീമിന്റെ കുതിപ്പിനത് കരുത്താകും. 98 ഏകദിനത്തിൽ നിന്ന് 162 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. 45 റൺസ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

Read More >>