വ്യാജരേഖാക്കേസ്: കൂടുതല്‍ വൈദികര്‍ കുടുങ്ങും

വിവാദമായ ഭൂമിയിടപാട് കേസിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ തിരിഞ്ഞ വിമതപക്ഷത്തിന് തിരിച്ചടിയായിരിക്കുകയാണ് വ്യാജരേഖാക്കേസ്.

വ്യാജരേഖാക്കേസ്: കൂടുതല്‍  വൈദികര്‍ കുടുങ്ങും

കൊച്ചി: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ചത് സീറോ മലബാർസഭ വൈദികൻ ആന്റണി കല്ലൂക്കാരൻ ആവശ്യപ്പെട്ടത് പ്രകാരമാണെന്ന് അറസ്റ്റിലായ പ്രതി ആദിത്യൻ മൊഴി നൽകിയതോടെ സഭാക്കേസ് കൂടുതൽ സങ്കീർണതയിലേക്ക്. വിവാദമായ ഭൂമിയിടപാട് കേസിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ തിരിഞ്ഞ വിമതപക്ഷത്തിന് തിരിച്ചടിയായിരിക്കുകയാണ് വ്യാജരേഖാക്കേസ്.

കർദ്ദിനാളിനെതിരേ സഭയ്ക്കുള്ളിൽ നിന്നുകൊണ്ട് ശബ്ദമുയർത്തിയ ഒരുകൂട്ടം വൈദികരുടെ ഇടപെടലാണ് വ്യാജരേഖകൾ കെട്ടിച്ചമച്ചതിന് പിന്നിലെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീടാണ് ആദിത്യൻ അറസ്റ്റിലാകുന്നത്. പൊലീസ് ആദ്യം കണ്ടെത്തിയ കാര്യങ്ങൾ സാധൂകരിക്കുന്നതാണ് പ്രതിയുടെ ഇപ്പോഴത്തെ മൊഴി.

തേവരയിലെ ഒരു കടയിൽ വച്ചാണ് വ്യാജരേഖ തയ്യാറാക്കിയത്. കർദിനാളിനെതിരായ വികാരം സൃഷ്ടിക്കാനാണ് വ്യാജരേഖ തയ്യാറാക്കിയതെന്ന് സമ്മതിച്ച ആദിത്യൻ നേരത്തെ പൊലീസിനു നൽകിയ മൊഴി പ്രകാരം രേഖ താൻ ആദ്യം ജോലി ചെയ്ത സ്ഥാപനത്തിന്റെ സെർവറിൽ കണ്ടെത്തിയതാണെന്നും അതാണ് വൈദികർക്ക് അയച്ചു കൊടുത്തതെന്നുമാണ് പറഞ്ഞിരുന്നത്. കർദ്ദിനാളിന് സ്വകാര്യ ബാങ്കിൽ നിക്ഷേപമുണ്ടെന്നു കാണിക്കുന്ന രേഖകൾ ഫാ. പോൾ തേലക്കാട്ടിന് മെയിൽ ചെയ്തതായി ആദിത്യൻ നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യം ഫാ. തേലക്കാട്ടിന്റെ ഇ-മെയിൽ പരിശോധിച്ച അന്വേഷണ സംഘം സ്ഥിരികരിച്ചു. തുടർന്ന് കസ്റ്റഡിയിൽ വാങ്ങിയ ആദിത്യനെ തുടർച്ചയായി മണിക്കൂറുകളോളം ചോദ്യം ചെയ്തതോടെയാണ് കൂടുതൽ വെളിപ്പെടുത്തലുകളുണ്ടായത്. പ്രമുഖ വ്യാപാര കേന്ദ്രത്തിൽ കർദിനാളിനും മറ്റും നിക്ഷേപമുണ്ടെന്ന് വരുത്തിതീർക്കാനുള്ള രേഖകളാണ് ആദിത്യൻ തയ്യാറാക്കിയതെന്നാണ് അന്വേഷണ സംഘം അനുമാനിക്കുന്നു.

ചില വൈദികർ തെറ്റിദ്ധരിപ്പിച്ചാണ് വ്യാജരേഖയുണ്ടാക്കിയതെന്ന് ആദിത്യൻ മൊഴി നൽകിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ആദിത്യനെ ഈ മാസം 31 വരെ റിമാന്റ് ചെയ്തു.

ഈ കേസുമായി ബന്ധപ്പെട്ട് കർദിനാളിന്റെ മുൻ ഓഫീസ് സെക്രട്ടറിയും മുരിങ്ങൂർ പള്ളി വികാരിയുമായ ഫാ. ടോണി കല്ലൂക്കാരനെ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞ ദിവസം രാത്രി ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഇതിനിടെ വ്യാജരേഖ കേസിൽ സഭയുടെ നിലപാടുകൾ എന്തായിരിക്കണമെന്ന് ആലോചിക്കാൻ സഭാ നേതൃത്വം അനൗപചാരികമായി യോഗം ചേർന്നു.

കൂടുതൽ വൈദികരുടെ പങ്കാളിത്തം കേസിൽ പുറത്തുവരുമെന്ന ആശങ്കയാണ് ഇപ്പോഴുള്ളത്. അതേസമയം കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ജേക്കബ് മനത്തോട്ടവും ഫാ. പോൾ തേലക്കാടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇ-മെയിലിൽ വന്ന രേഖകൾ സംശയ ദുരീകരണത്തിന് വേണ്ടി സിനഡിന് മുന്നിൽ സമർപ്പിക്കുകയായിരുന്നുവെന്നും കേസുമായി ബന്ധമില്ലെന്നും ഇരുവരും കോടതിയിൽ അറിയിച്ചു. നേരത്തെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് ഇവർ സമീപിച്ചിരുന്നെങ്കിലും കോടതി ആവശ്യം നിരാകരിക്കുകയായിരുന്നു.

Read More >>