കടുവകള്‍ കിടു; ബംഗ്ലാദേശിന്റെ സാധ്യതാ ഇലവന്‍

അട്ടിമറികൊണ്ട് പേരെടുത്ത ടീമാണ് ബംഗ്ലാദേശ്. അതിനാൽത്തന്നെ പ്രമുഖ ടീമുകളുടെയെല്ലാം പേടി സ്വപ്‌നമാണ് ഈ കടുവാക്കൂട്ടം.

കടുവകള്‍ കിടു; ബംഗ്ലാദേശിന്റെ സാധ്യതാ ഇലവന്‍

ധാക്ക: ലോക ക്രിക്കറ്റിൽ ഏത് വമ്പന്മാരെയും വീഴ്ത്താൻ കെൽപ്പുള്ള കുഞ്ഞൻനിര. 1999 മുതലുള്ള എല്ലാ ലോകകപ്പിലും യോഗ്യത സ്വന്തമാക്കാൻ ബംഗ്ലാദേശിന് സാധിച്ചിട്ടുണ്ടെങ്കിലും കപ്പുയർത്താനായിട്ടില്ല. അട്ടിമറികൊണ്ട് പേരെടുത്ത ടീമാണ് ബംഗ്ലാദേശ്. അതിനാൽത്തന്നെ പ്രമുഖ ടീമുകളുടെയെല്ലാം പേടി സ്വപ്‌നമാണ് ഈ കടുവാക്കൂട്ടം. 2007ൽ സൂപ്പർ എട്ടിലും 2015ൽ ക്വാർട്ടർ ഫൈനലിൽ കളിച്ചതുമാണ് ബംഗ്ലാദേശിന്റെ ലോകകപ്പിലെ മികച്ച പ്രകടനം. പ്രതിഭാധനരായ ഒരുകൂട്ടം താരങ്ങൾ അണിനിരക്കുന്ന ബംഗ്ലാദേശ് അയർലൻഡും വിൻഡീസും പങ്കെടുത്ത ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ കിരീടം ചൂടിയാണ് ലോകകപ്പിനെത്തുന്നത്. പ്രവചനാതീതമായ ബംഗ്ലാദേശ് കരുത്ത് ഇത്തവണ ലോകകിരീടത്തിലേക്കെത്തിയാലും അത്ഭുതപ്പെടാനില്ല. ബംഗ്ലാദേശിന്റെ ലോകകപ്പിലെ സാദ്ധ്യതാ ഇലവനെ ഒന്ന് പരിശോധിക്കാം.

തമിം ഇക്ബാൽ

ബംഗ്ലാദേശിന്റെ ബാറ്റിങ് നിരയുടെ നട്ടെല്ല്. ഓപ്പണറായി ഇറങ്ങി മത്സരത്തിന്റെ ഗതി മാറ്റിമറിക്കാൻ കെൽപ്പുള്ള ഇടം കൈയൻ ബാറ്റ്‌സ്മാൻ. 193 മത്സരത്തിന്റെ അനുഭവസമ്പത്തുള്ള തമിം 36.26 ശരാശരിയിൽ 6636 റൺസാണ് അദ്ദേഹം നേടിയത്. ഇതിൽ 11 സെഞ്ച്വറിയും 46 അർദ്ധ സെഞ്ച്വറിയും ഉൾപ്പെടും. റാങ്കിങ്ങിൽ 20ാം സ്ഥാനത്താണ്.

സൗമ്യ സർക്കാർ

26കാരനായ സൗമ്യസർക്കാരിനും ബംഗ്ലാദേശ് ടീമിൽ സ്ഥാനം ഉറപ്പാണ്. അടുത്തിടെ നടന്ന മത്സരങ്ങളിലെല്ലാം തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. 44 ഏകദിനത്തിൽ നിന്ന് 36.67 ശരാശരിയിൽ 1467 റൺസാണ് താരം നേടിയത്. ഇതിൽ രണ്ട് സെഞ്ച്വറിയും 10 അർദ്ധ സെഞ്ച്വറിയും ഉൾപ്പെടും.

ഷക്കീബ് അൽ ഹസൻ

ലോക ക്രിക്കറ്റിൽ നമ്പർ വൺ ഓൾറൗണ്ടർമാരുടെ പട്ടികയിൽ മുന്നിലാണ് ഷക്കീബ് അൽഹസന്റെ സ്ഥാനം. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഗതിയെ മാറ്റിമറിക്കാൻ കെൽപ്പുള്ള ഷക്കീബിന് ടീമിൽ നിർണ്ണായക സ്ഥാനമുണ്ടാവും. ലീഗ് ക്രിക്കറ്റുകളിലൂടെ ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ പരിചിതനായ ഷക്കീബിന്റെ അനുഭവസമ്പത്തും ബംഗ്ലാദേശിന് കരുത്താകും. 198 ഏകദിനത്തിൽ നിന്ന് 35.51 ശരാശരിയിൽ 5717 റൺസാണ് അദ്ദേഹം നേടിയത്. ഏഴ് തവണ സെഞ്ച്വറി കണ്ടെത്തിയ ഷക്കീബിന്റെ പേരിൽ 42 അർദ്ധ സെഞ്ച്വറിയുമുണ്ട്.

സാബിർ റഹ്മാൻ

27കാരനായ സാബിറിനെയും ബാറ്റ്‌സ്മാനായി ബംഗ്ലാദേശ് ടീമിൽ ഉൾപ്പെടുത്താനാണ് സാദ്ധ്യത. 61 ഏകദിനത്തിൽ നിന്ന് 25.94 ശരാശരിയിൽ 1219 റൺസാണ് സാബിറിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും അഞ്ച് അർദ്ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്.

മഹ്മൂദുല്ല

ഓൾറൗണ്ടറായ മഹ്മൂദുല്ലയിലും ടീം പ്രതീക്ഷവയ്ക്കുന്നു. ബാറ്റുകൊണ്ട് മദ്ധ്യനിരയിൽ ടീമിന്റെ വിജയശിൽപ്പിയാകാൻ കെൽപ്പുള്ള താരത്തിന് 175 മത്സരങ്ങളുടെ അനുഭവസമ്പത്തുണ്ട്. 34.15 ശരാശരിയിൽ 3757 റൺസും 76 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. മൂന്ന് സെഞ്ച്വറിയും 20 അർദ്ധ സെഞ്ച്വറിയും താരത്തിന്റെ പേരിലുണ്ട്.

മുഹമ്മദ് സെയ്ഫുദ്ദീൻ

22കാരനാ യുവതാരത്തിനും ബംഗ്ലാദേശ് ടീമിൽ സ്ഥാനം നൽകിയേക്കും. 13 മത്സരം മാത്രം കളിച്ചിട്ടുള്ള താരം 29.17 ശരാശരിയിൽ 175 റൺസ് നേടിയിട്ടുണ്ട്. 50 റൺസാണ് ഉയർന്ന സ്‌കോർ.

മുഹമ്മദ് മിഥുൻ

28കാരനായ മുഹമ്മദ് മിഥുനും ടീമിൽ സ്ഥാനം ലഭിച്ചേക്കും. പരിചയസമ്പത്ത് കുറവാണ് താരത്തിന്. 18 ഏകദിനത്തിൽ നിന്ന് 32.31 ശരാശരിയിൽ 420 റൺസ് നേടിയ മിഥുന് ഒരു സെഞ്ച്വറി പോലും നേടാൻ സാധിച്ചിട്ടില്ല. ടീമിലെ രണ്ടാം നമ്പർ വിക്കറ്റ് കീപ്പറായി മിഥുനെയാണ് പരിഗണിക്കുന്നത്.

മുഷ്ഫിഖർ റഹിം

ബംഗ്ലാദേശിന്റെ മുഷ്ഫിഖർ റഹിം ടീമിന്റെ നെടുന്തൂണാണ്. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ മുഷ്ഫിഖർ ബാറ്റുകൊണ്ട് നിരവധി തവണ ടീമിന്റെ വിജയശിൽപ്പിയായിട്ടുണ്ട്. 31കാരനായ താരത്തിന്റെ പരിചയസമ്പത്തിലും പ്രതീക്ഷ. 205 ഏകദിനത്തിൽ നിന്ന് 34.74 ശരാശരിയിൽ 5558 റൺസാണ് അദ്ദേഹം നേടിയത്. ആറ് സെഞ്ച്വറിയും 33 അർദ്ധ സെഞ്ച്വറിയും ഇതിൽ ഉൾപ്പെടും.

മഷ്‌റഫെ മുർത്താസ

ബംഗ്ലാദേശ് ക്യാപ്റ്റനാണ് ഫാസ്റ്റ് ബൗളറായ മുർത്താസ. 209 ഏകദിനത്തിൽ നിന്ന് 265 വിക്കറ്റാണ് മൊർത്താസ നേടിയത്. 26 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം. അത്യാവശ്യഘട്ടത്തിൽ ബാറ്റുകൊണ്ടും മികവുകാട്ടുന്ന മുർത്താസയുടെ ഉയർന്ന സ്‌കോർ 51.

മുസ്തഫിസുർ റഹ്മാൻ

ടീമിന്റെ ബൗളിങ് കുന്തമുന. അതിവേഗത്തിൽ പന്തെറിയാനും സ്ലോ ബൗളുകൾ എറിയാനും മിടുക്കൻ.ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ ശോഭിക്കാൻ കെൽപ്പുള്ള താരമാണ് അദ്ദേഹം. 46 ഏകദിനത്തിൽ നിന്ന് 83 വിക്കറ്റ് നേടിയ താരത്തിന്റെ മികച്ച പ്രകടനം 43 റൺസിന് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. അഞ്ച് വിക്കറ്റ് നേട്ടം മൂന്ന് തവണ നേടിയിട്ടുണ്ട്.

റൂബൽ ഹുസൈൻ

പേസ് ബൗളറായ റൂബൽ ഹുസൈനും ടീമിലിടം ഉണ്ടാകും. 29കാരനായ താരം 97 മത്സരത്തിൽ നിന്ന് 123 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 26 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഇക്കഴിഞ്ഞ ത്രിരാഷ്ട്ര ടൂർണമെന്റിലും അദ്ദേഹം തിളങ്ങിയിരുന്നു.

Read More >>