എന്‍.ഡി.എ ഇതര പാര്‍ട്ടികളെ യു.പി.എയിലേക്ക് ക്ഷണിച്ച് ശരത് പവാറിന്റെ നീക്കം

എക്‌സിറ്റ് പോൾ ഫലങ്ങൾ എൻ.ഡി.എയ്ക്ക് പ്രതീക്ഷ നൽകിയതോടെ പ്രതിപക്ഷ സഖ്യ ചർച്ചകളിൽ നിന്നും വിട്ടുനിന്ന പാർട്ടികളുടെ നേതാക്കളുമായി പവാർ ഫോണിൽ ബന്ധപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.

എന്‍.ഡി.എ ഇതര പാര്‍ട്ടികളെ യു.പി.എയിലേക്ക് ക്ഷണിച്ച് ശരത് പവാറിന്റെ നീക്കം

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലമറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ബി.ജെ.പി വിരുദ്ധ മുന്നണിക്കായി കരുനീക്കി നാഷണിലിസ്റ്റ് കോൺഗ്രസ് പാർട്ടി അദ്ധ്യക്ഷൻ ശരത് പവാർ. എക്‌സിറ്റ് പോൾ ഫലങ്ങൾ എൻ.ഡി.എയ്ക്ക് പ്രതീക്ഷ നൽകിയതോടെ പ്രതിപക്ഷ സഖ്യ ചർച്ചകളിൽ നിന്നും വിട്ടുനിന്ന പാർട്ടികളുടെ നേതാക്കളുമായി പവാർ ഫോണിൽ ബന്ധപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. ബി.ജെ.പി ഇതര പാർട്ടികളായ ബിജു ജനതാ ദൾ, തെലങ്കാന രാഷ്ട സമിതി (ടി.ആർ.എസ്), വൈ.എസ്.ആർ കോൺഗ്രസ് എന്നിവയുടെ നേതാക്കളെ പ്രതിപക്ഷ സഖ്യത്തിലേക്ക് അടുപ്പിക്കാനാണ് ശ്രമം. കോൺഗ്രസ്സുമായും എൻ.സി.പിയുമായും അടുത്ത വൃത്തങ്ങളിൽ നിന്നുമുള്ള വിവരങ്ങൾ അനുസരിച്ച് ബിജു ജനതാ ദൾ നേതാവും ഒഡിഷ മുഖ്യമന്ത്രിയുമായ നവീൻ പട്‌നായിക്, ടി.ആർ.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു എന്നിവരുമായി പവാർ ചർച്ച നടത്തിക്കഴിഞ്ഞു. എന്നാൽ വിദേശയാത്രയിലുള്ള വൈ.എസ്.ആർ നേതാവ് ജഗൻ മോഹൻ റെഡ്ഡിയെ ബന്ധപ്പെടാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.

തൂക്കുസഭ വന്നാൽ യു.പി.എ മുന്നണിക്ക് പിന്തുണ നൽകാമെന്ന് ടി.ആർ.എസ് ഉറപ്പുനൽകിയതായാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം. ഹൈദരാബാദിലെ തന്റെ ഫാംഹൗസിൽ വച്ചാണ് ചന്ദ്രശേഖർ റാവും ശരത് പവാറുമായി ചർച്ച നടത്തിയത്. എന്നാൽ ചർച്ചയെ ടി.ആർ.എസ് രാജ്യസഭാംഗമായ സന്തോഷ് കുമാർ തള്ളി. ഒഡിഷ മുഖ്യമന്ത്രി നവിൻ പട്‌നായിക് പവാറിനോട് അനുകൂലമായി പ്രതികരിച്ചെന്നാണ് അറിയാൻ കഴിയുന്നത്.

എൻ.ഡി.എ ഭൂരിപക്ഷം നേടുമെന്ന് എക്‌സിറ്റ് പോൾ പ്രവചനമുണ്ടെങ്കിലും കേവല ഭൂരിപക്ഷമില്ലെങ്കിൽ ബി.ജെ.പിയ്ക്ക് ഭരണമുറപ്പിക്കാൻ ഈ പാർട്ടികളുടെ പിന്തുണ ആവശ്യമാണ്. ഇരു മുന്നണികളും ഇവരെ സമീപിക്കുകയാണെങ്കിൽ അടുത്ത സർക്കാറിനെ തീരുമാനിക്കുന്നതിൽ നിർണ്ണായക പങ്ക് ഇവർക്കാവുമെന്നുറപ്പായി.

കുറച്ചു ദിവസങ്ങളായി എൻ.ഡി.എയ്ക്കു പുറത്തുള്ള പാർട്ടികളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ് ശരത് പവാർ. ഇനി ഫലത്തിനായി കാത്തിരിക്കുകയാണെന്നും എൻ.സി.പി എം.പി മജീദ് മേമൻ പറഞ്ഞു. കോൺഗ്രസ്സിന്റെ മുതിർന്ന നേതാക്കളും ഇത് രഹസ്യമായി സമ്മതിക്കുന്നുണ്ട്. ആന്ധ്രപ്രദേശിൽ 25ഉം തെലങ്കാനയിൽ 17ഉം ഒഡിഷയിൽ 21ഉം ലോക്‌സഭാ സീറ്റുകളാണ് ഉള്ളത്.

Read More >>