ആന്റിബയോട്ടിക്കുകള്‍ നദികളെ മലിനമാക്കുന്നു

യു.കെയിലെ യൂണിവേഴ്‌സിറ്റി ഓഫ് യോർക്കിലുള്ള ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 72 രാജ്യങ്ങളിലെ നദികളിൽ നിന്നായി ജലം ശേഖരിച്ചാണ് പരീക്ഷണം നടത്തിയത്.

ആന്റിബയോട്ടിക്കുകള്‍  നദികളെ മലിനമാക്കുന്നു

ലണ്ടൻ: ലോകത്തിലെ നദികൾ ആന്റിബയോട്ടിക് മരുന്നുകളാൽ മലിനമാകുന്നതായി പുതിയ പഠനം. യു.കെയിലെ യൂണിവേഴ്‌സിറ്റി ഓഫ് യോർക്കിലുള്ള ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 72 രാജ്യങ്ങളിലെ നദികളിൽ നിന്നായി ജലം ശേഖരിച്ചാണ് പരീക്ഷണം നടത്തിയത്.

ഇതിൽ 65 ശതമാനം നദികളിലും ആന്റിബയോട്ടിക്കിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ നദികളിലാണ് ഏറ്റവും കൂടിയ അളവിൽ ആന്റിബയോട്ടിക്ക് അടങ്ങയിരിക്കുന്നത്. അതേസമയം, ബംഗ്ലാദേശ്, കെനിയ, ഘാന, പാകിസ്താൻ, നൈജീരിയ എന്നീ രാജ്യങ്ങളിലെ നദികളിൽ ഇവയുടെ അളവ് കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. യൂണിവേഴ്‌സിറ്റി ഓഫ് യോർക്കിലെ പരിസ്ഥിതി-ഭൂമിശാസ്ത്ര വിഭാഗം മേധാവി ജോൺ വിൽകിൻസൺ ആണ് പഠനത്തിന് നേതൃത്വം നൽകിയത്.

ബംഗ്ലാദേശിലാണ് ഏറ്റവും മോശം അവസ്ഥ. സുരക്ഷിതമായ അളവിലും 300 മടങ്ങ് കൂടുതലാണ് ഇവിടുത്തെ നദികളിലെ ആന്റിബയോട്ടിക്കിന്റെ അളവ്. ലിറ്ററിൽ 20,000 മുതൽ 32,000 നാനോഗ്രാം ആണ് സുരക്ഷിതമായ അളവ്.

സാധാരണയായി ഉപയോഗിക്കുന്ന 14 ആന്റി ബയോട്ടിക്കുകളുടെ സാന്നിദ്ധ്യമാണ് പരിശോധനയിൽ കണ്ടെത്തിയത്. 43 ശതമാനം നദികളിൽ മൂത്രാശയ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ട്രിമെതോപ്രിം എന്ന ആന്റി ബയോട്ടിക്കിന്റെ സാന്നിദ്ധ്യം ഉള്ളതായി കണ്ടെത്തി.

ആന്റി ബയോട്ടിക്, ആന്റി വൈറൽ, ആന്റി ഫംഗൽസ് എന്നിവയുടെ ഉപയോഗം ഒഴിവാക്കാൻ കഴിഞ്ഞമാസം ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തിരുന്നു. മരുന്നിനെ പ്രതിരോധിക്കാൻ ശേഷിയുള്ള രോഗങ്ങൾ കാരണം ഓരോ വർഷവും 700,000 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.

ഇതിൽ 230,000ഓളം മരണങ്ങളും ട്യൂബർകുളോസിസ്(ടി.ബി)കാരണമാണെന്ന് ഐക്യരാഷ്ട്ര സംഘടന ഇന്റർഏജൻസി കോ-ഓർഡിനേഷൻ ഗ്രൂപ്പ് ഓഫ് ആന്റിമൈക്രോബയൽ റെസിസ്റ്റൻസിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇത് 2030ഓടെ വർഷത്തിൽ 10 ദശലക്ഷം പേർ എന്ന നിലയിലേക്ക് എത്തുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

Read More >>