മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം: സംസ്ഥാനത്തെ ആദ്യ പ്ലാന്റ്‌ ഞെളിയന്‍പറമ്പില്‍

പദ്ധതിയുടെ നോഡൽ ഏജൻസിയായ കെ.എസ്.ഐ.ഡി.സിക്ക് കോഴിക്കോട് കോർപ്പറേഷൻ പാട്ടത്തിന് നൽകിയ ഞെളിയൻപറമ്പിലെ 12.67 ഏക്കർ സ്ഥലത്താണ് അത്യാധുനിക സൗകര്യമുള്ള ആദ്യ പ്ലാന്റ് നിർമ്മിക്കുന്നത്.

മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം: സംസ്ഥാനത്തെ ആദ്യ പ്ലാന്റ്‌   ഞെളിയന്‍പറമ്പില്‍

കോഴിക്കോട്: ഖരമാലിന്യം സംസ്‌കരിച്ച് വൈദ്യതി ഉൽപ്പാദിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായുളള ആദ്യ പ്ലാന്റ് കോഴിക്കോട്ടെ ഞെളിയൻപറമ്പിൽ.

പദ്ധതിയുടെ നോഡൽ ഏജൻസിയായ കെ.എസ്.ഐ.ഡി.സിക്ക് കോഴിക്കോട് കോർപ്പറേഷൻ പാട്ടത്തിന് നൽകിയ ഞെളിയൻപറമ്പിലെ 12.67 ഏക്കർ സ്ഥലത്താണ് അത്യാധുനിക സൗകര്യമുള്ള ആദ്യ പ്ലാന്റ് നിർമ്മിക്കുന്നത്.

പദ്ധതി നടത്തിപ്പിനുള്ള സ്വകാര്യ പങ്കാളിയെ കണ്ടെത്തുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായതായി കെ.എസ്.ഐ.ഡി.സി അറിയിച്ചു. ഞെളിയൻപറമ്പിൽ സ്ഥാപിക്കുന്ന പ്ലാന്റ് പ്രതിദിനം 300 ടൺ ഖരമാലിന്യം സംസ്‌കരിക്കാൻ ശേഷിയുള്ളതായിരിക്കും. ഒരു ടൺ മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിന് 3500 രൂപ ടിപ്പിങ് ഫീസായി കമ്പനിക്ക് നൽകണം.

കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെയും കൊയിലാണ്ടി, ഫറോക്ക്, രാമനാട്ടുകര എന്നീ മുനിസിപ്പാലിറ്റികളിലെയും ഒളവണ്ണ, കുന്ദമംഗലം, കടലുണ്ടി എന്നീ ഗ്രാമപഞ്ചായത്തുകളുടെയും പരിധിയിലുള്ള ഖരമാലിന്യങ്ങളാണ് പ്ലാന്റിൽ സംസ്‌കരിക്കുക. ബംഗളൂർകേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സോൻട ഇൻഫ്രാടെക്കിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനാണ് പദ്ധതിയുടെ നിർമ്മാണവും നടത്തിപ്പ് ചുമതലയും. ആവശ്യമായ അനുമതികളും ക്ലിയറൻസുകളും ലഭ്യമായി കഴഞ്ഞാൽ രണ്ടുവർഷത്തിനകം പ്ലാന്റ് പ്രവർത്തനം ആരംഭിക്കും.

2016ൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ ഖരമാലിന്യ സംസ്‌കരണ നിയമത്തിന് അനുസൃതമായി പ്രവർത്തിക്കുന്ന പ്ലാന്റ് തികച്ചും പരിസ്ഥിതി സൗഹൃദമായിരിക്കും. വീടുകളിൽ നിന്നും ഖരമാലിന്യങ്ങൾ ശേഖരിച്ച് വിവിധയിടങ്ങളിൽ കമ്പനി സ്ഥാപിച്ചിട്ടുള്ള ബിന്നിൽ മാലിന്യം എത്തിക്കേണ്ട ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായിരിക്കും. ബിന്നുകളിൽ ശേഖരിക്കപ്പെടുന്ന മാലിന്യം വേർതിരിച്ച് കൃത്യമായ ഇടവേളകളിൽ ആവരണം ചെയ്ത വാഹനങ്ങളിൽ ഞെളിയൻപറമ്പിലെ പ്ലാന്റിൽ എത്തിച്ച് സംസ്‌കരിക്കേണ്ട ചുമതല കമ്പനിക്കാണ്.

ഖരമാലിന്യ സംസ്‌കരണത്തിന് ഏറ്റവും അനുയോജ്യമായ മാതൃകയിലുള്ള സാങ്കേതിക വിദ്യയാണ് ഞെളിയൻപറമ്പിൽ ഉപയോഗപ്പെടുത്തുന്നതെന്ന് പദ്ധതി നടത്തിപ്പിനായി തെരഞ്ഞെടുത്ത സോൻട ഇൻഫ്രാടെക് അധികൃതർ പറഞ്ഞു.

യൂറോപ്യൻ സാങ്കേതിക വിദ്യയായ കൺട്രോൾഡ് കംബഷൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്ലാന്റിൽ ഖരമാലിന്യം ഉയർന്ന താപനിലയിലാണ് കത്തിക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന ആവി ഉപയോഗിച്ച് ടർബൈൻ പ്രവർത്തിപ്പിക്കുകയും വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നതാണ് പ്രവർത്തന രീതി. വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നിശ്ചയിക്കുന്ന നിരക്കിൽ ഈ വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകുകയും അതുവഴി പൊതുജനത്തിന് ലഭ്യമാകുകയും ചെയ്യും.

വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതിനാൽ സംസ്‌കരിക്കുമ്പോൾ ഉണ്ടായേക്കാവുന്ന പുകയിലെ ദോഷകരമായ കണങ്ങളുടെ അളവ് മലിനീകരണ നിയന്ത്രണബോർഡ് നിഷ്‌കർഷിച്ചിട്ടുള്ള അളവിലും താഴെ മാത്രമായിരിക്കും. ഉദ്ദേശം 250 കോടി രൂപ നിർമ്മാണ ചെലവ് വരുന്ന ലോകോത്തര നിലവാരത്തിലുള്ള വെയ്‌സ് ടു എനർജി പദ്ധതിയാണ് കോഴിക്കോട് നടപ്പാക്കുന്നതെന്ന് കമ്പനി ടെക്‌നിക്കൽ പറഞ്ഞു. ഞെളിയൻപറമ്പിനു പുറമെ തിരുവനന്തപുരം, കൊല്ലം, തൃശൂർ, കണ്ണൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മറ്റു പ്ലാന്റുകൾ സ്ഥാപിക്കുക.

പ്ലാന്റുകൾ സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണം: പരിഷത്ത്

കോഴിക്കോട്: ഖരമാലിന്യം സംസ്കരിച്ച് പ്ലാന്റുകൾ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റുകൾക്കെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത്. പദ്ധതിയിൽ നിന്ന് പിന്മാറണമെന്ന് പരിഷത്തിന്റെ 56ാം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ സർക്കാറിനോടാവശ്യപ്പെട്ടതായി ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ജനപങ്കാളിത്തത്തോടെ ഉറവിട മാലിന്യസംസ്കരണം ഉറപ്പുവരുത്തുകയാണ് വേണ്ടത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനഃചംക്രമണം ചെയ്യുന്നതിന് കേന്ദ്രീകൃത പ്ലാന്റുകൾ കൃത്യമായ വ്യവസ്ഥകളോടെ സ്ഥാപിക്കണമെന്നും സർക്കാറിനോട് ആവശ്യപ്പെട്ടതായി ഭാരവാഹികൾ വിശദീകരിച്ചു. വാര്‍ത്താമ്മേളനത്തിൽ ജനറൽസെക്രട്ടറി കെ രാധൻ, പ്രസിഡന്റ് എ.പി മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.

Read More >>