എ.പി അബ്ദുള്ളക്കുട്ടിയുടെ കണ്ണ് മഞ്ചേശ്വരത്തെ ബി.ജെ.പി സീറ്റില്‍

സി.പി.എമ്മിൽനിന്ന് പുറത്തു കടക്കാൻ വർഷങ്ങൾക്കു മുമ്പ് സ്വീകരിച്ച അതേ മാർഗമാണ് അബ്ദുള്ളക്കുട്ടി ഇപ്പോൾ പയറ്റുന്നതെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.

എ.പി അബ്ദുള്ളക്കുട്ടിയുടെ കണ്ണ് മഞ്ചേശ്വരത്തെ ബി.ജെ.പി സീറ്റില്‍

സ്വന്തം ലേഖകൻ

കണ്ണൂർ: നരേന്ദ്രമോദിയെ പുകഴ്തിയുള്ള കോൺഗ്രസ് നേതാവ് എ.പി.അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദം കെട്ടടങ്ങുന്നില്ല. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് അബ്ദുള്ളക്കുട്ടിയുടെ നീക്കമെന്നാണ് കോൺഗ്രസിൽ നിന്നു തന്നെ ഉയരുന്ന ആരോപണം.

സി.പി.എമ്മിൽനിന്ന് പുറത്തു കടക്കാൻ വർഷങ്ങൾക്കു മുമ്പ് സ്വീകരിച്ച അതേ മാർഗമാണ് അബ്ദുള്ളക്കുട്ടി ഇപ്പോൾ പയറ്റുന്നതെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. അന്ന് സി.പി.എമ്മിലെ യുവനേതാവായ അബ്ദുള്ളക്കുട്ടി മോദിയെ സ്തുതിച്ചതിന് പിന്നാലെയാണ് പാർട്ടിയുമായി അകന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ വികസനത്തെ വാനോളം പുകഴ്ത്തുകയായിരുന്നു. പിന്നീട് കോൺഗ്രസിൽ എത്തിയ അബ്ദുള്ളക്കുട്ടി കുറച്ചുകാലമായി നേതൃത്വവുമായി അത്ര അടുപ്പത്തിലല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണകാലത്തുപോലും പാർട്ടി പ്രവർത്തനങ്ങളില്‍ സജീവമായിരുന്നില്ല.

ചില നേതാക്കൾ തന്നെ തഴയുന്നുവെന്ന പരാതിയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇതാണ് കൂടുമാറ്റത്തിന് ചിന്തിപ്പിച്ചതെന്നാണു സൂചന. കണ്ണൂർ നിയുക്ത എം.പി കെ.സുധാകരന്റെ അടുത്ത അനുയായി ആയിരുന്ന അബ്ദുള്ളക്കുട്ടി ഒരുകാലത്ത് കണ്ണൂരിന്റെ അത്ഭുതക്കുട്ടിയായിരുന്നു. തുടർച്ചയായി വിജയം പിടിച്ചെടുത്ത മുല്ലപ്പള്ളി രാമചന്ദ്രനെ തറപറ്റിച്ച് കണ്ണൂർ മണ്ഡലം എൽ.ഡി.എഫ് തിരിച്ചുപിടിച്ചത് അബ്ദുള്ളക്കുട്ടിയിലൂടെ ആയിരുന്നു. പിന്നീട് കോൺഗ്രസിൽ എത്തിപ്പോൾ സുധാകരന്റെ പകരക്കാരനായി നിയമസഭയിലേക്ക് മത്സരിച്ചു. 2009ൽ സുധാകരൻ ലോക്സഭയിലേക്ക് മത്സരിക്കുമ്പോഴാണ് നിയമസഭയിലേക്ക് വന്ന ഒഴിവിൽ അബ്ദുള്ളക്കുട്ടി എത്തിയത്. എന്നാൽ, പിന്നീട് അദ്ദേഹം സുധാകരനുമായി പിരിഞ്ഞു. 2016ലെ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കിട്ടിയത് തലശേരി. എ.എൻ ഷംസീറിനോട് പരാജയപ്പെടുകയും ചെയ്തു. ഇതോടെ രാഷ്ട്രീയത്തിൽ നിന്ന് അല്പം പിന്നോട്ടുപോയി. ബിസിനസിൽ സജീവമായെന്നായിരുന്നു കോൺഗ്രസുകാർ തന്നെ പറഞ്ഞത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് തരപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.

ഇതോടെയാണ് 10 വർഷം മുമ്പുള്ള അതേ അടവുമായി അബ്ദുള്ളക്കുട്ടി രംഗത്ത് എത്തിയത്. ഡി.സി.സി നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ അബ്ദുള്ളക്കുട്ടിക്കെതിരേ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന. അബ്ദുള്ളക്കുട്ടിക്കെതിരേ കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പരാമർശം പരിശോധിക്കാനും വിശദീകരണം തേടാനും കെ.പി.സി.സി സമിതിയെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുകയാണ് അബ്ദുള്ളക്കുട്ടി.

Read More >>