മാധ്യമസ്വാതന്ത്ര്യത്തെ ഫെയ്‌സ്ബുക്ക് ഹനിച്ചതെങ്ങനെ? ഓഗസ്റ്റ് സെബാസ്റ്റിയന്‍ എഴുതുന്നു

ഫെയ്സ്ബുക് എന്ന സോഷ്യൽ പ്ലാറ്റ്ഫോം കുത്തക ഇത്രനാളും ഉണ്ടായിരുന്നു എന്ന് കരുതുന്ന പോലെയല്ല ഇനി ഇന്ത്യയിലുണ്ടാവുക. ഫെയ്സ്ബുക്കിനെ ആശ്രയിച്ച് സ്വതന്ത്ര മാധ്യമ പ്രവർത്തനം നടത്തുന്നവർക്കെല്ലാം അവരുടെ മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാവാൻ പോവുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്.

മാധ്യമസ്വാതന്ത്ര്യത്തെ ഫെയ്‌സ്ബുക്ക് ഹനിച്ചതെങ്ങനെ? ഓഗസ്റ്റ് സെബാസ്റ്റിയന്‍ എഴുതുന്നു

ഓഗസ്റ്റ് സെബാസ്റ്റിയന്‍

ഓൺലൈൻ എന്നോ ഓഫ്ലൈൻ എന്നോ ഇഴപിരിച്ചെടുക്കാൻ ഇനി കഴിയാത്ത വിധം മാറിക്കഴി‍ഞ്ഞ കാലത്താണ് ബിജെപി എന്ന ഫാഷിസ്റ്റ് പാർട്ടി ഇനിയൊരു അഞ്ചു കൊല്ലം കൂടി ഭരിക്കാൻ പോവുന്നത്. സോഷ്യൽ മീഡിയ വന്ന ശേഷം മാധ്യമങ്ങളെ സ്വാധീനിക്കാൻ കഴിയും വിധം ലോകജനത അവരുടെ അഭിപ്രായത്തെ സംപ്രേക്ഷണം ചെയ്യാനുള്ള കരുത്തും നേടിയിരുന്നു. ഫിസിക്കലായ ജനാധിപത്യ പ്രക്രിയകളിൽ ജനാധിപത്യം ഇല്ലായ്മ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതിനെപ്പറ്റി വിളിച്ചുപറയാൻ അവസാന പിടിവള്ളിയായി ഓരോരുത്തർക്കുമുള്ള സൈബർ ഇടവും റദ്ദ് ചെയ്യപ്പെടാൻ പോവുകയാണ് എന്ന ഭീകര യാഥാർത്ഥ്യം മുന്നിൽ നിൽക്കുകയാണ്.

ഫെയ്സ്ബുക് എന്ന സോഷ്യൽ പ്ലാറ്റ്ഫോം കുത്തക ഇത്രനാളും ഉണ്ടായിരുന്നു എന്ന് കരുതുന്ന പോലെയല്ല ഇനി ഇന്ത്യയിലുണ്ടാവുക. ഫെയ്സ്ബുക്കിനെ ആശ്രയിച്ച് സ്വതന്ത്ര മാധ്യമ പ്രവർത്തനം നടത്തുന്നവർക്കെല്ലാം അവരുടെ മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാവാൻ പോവുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽ ഇന്ത്യയിലെ ഫെയ്സ്ബുക്കിന്റെ പ്രവർത്തനം പൂർണ്ണമായും ഇന്ത്യയിലേക്കും മാറും എന്ന നോട്ടിഫിക്കേഷൻ വന്നു കഴിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കാലത്ത് ക‌‌ൃത്യമായി ഫാഷിസ്റ്റ് വിരുദ്ധ നിലപാട് എടുത്ത് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളുടെ സ്റ്റോറികളുടെ റീച്ച് എഫ്ബി നാലിൽ ഒന്നായി കുറച്ചു. ഷെയറുകളുടെ എണ്ണത്തിന് ആനുപാതികമായ റീച് വാർത്തകൾക്ക് എഫ്ബി കാണിക്കാതെയായിട്ട് ഒരു മാസത്തോളമായി. അതേസമയം മധ്യമ നിലപാട് സ്വീകരിക്കുന്ന മാധ്യമങ്ങളെ എഫ്ബിയുടെ അൽ​ഗോരിതം കാര്യമായി ബുദ്ധിമുട്ടിച്ചിട്ടുമില്ല. എല്ലാ പ്രാദേശിക ഭാഷകളും പഠിച്ചെടുത്ത എഫ്ബിയ്ക്ക് ഇതൊക്കെ ചെയ്യൽ നിസാരമാണെന്ന് അറിയാം.

അമേരിക്കൻ തെരഞ്ഞെടുപ്പിൽ എഫ്ബി എന്തു ചെയ്തുവെന്ന് ഏതാണ്ടൊക്കെ ഈ സാഹചര്യത്തിൽ കുറച്ചുകൂടെ അടുത്ത് നിന്ന് മനസിലാക്കാൻ കഴിയുന്നുണ്ട്. കശ്മീർ വിഷയത്തിൽ വസ്തുനിഷ്ഠമായ നിലപാട് എടുക്കുന്നതു കൊണ്ട് ആ വിഷയത്തിൽ പ്രസിദ്ധീകരിക്കുന്ന സ്റ്റോറികളുടെ പണമാക്കൽ ശേഷി (MONETIZATION) എഫ്ബി റദ്ദ് ചെയ്തു. ബിജെപി നേതാക്കൾ പ്രതിക്കൂട്ടിൽ വരുന്ന വാർത്തകൾക്ക് തെരഞ്ഞെ് പിടിച്ച് പ്രചാരം കുറയ്ക്കുന്നു എന്നിങ്ങനെ കാണാനാവുന്നു. ദലിതരെ ആക്രമിച്ച സംഭവങ്ങളെ ന്യായീകരിച്ച് വസ്തുത പരിശോധന നടത്തുന്ന സംഘപരിവാർ ചായ്വുള്ള ഒരു എജൻസിയെ എഫ്ബി ഫെയ്ക്ന്യൂസ് തടയലിനായി ഔദ്യോ​ഗികമായി അം​ഗീകരിച്ചിട്ടുണ്ട്. ഫാക്റ്റ് ക്രെസൻഡോ എന്നാണ് അതിന്റെ പേര്. ഓൾട് ന്യൂസ്, ബൂംലൈവ് എന്നിവയ്ക്കൊപ്പം ഈ സൈറ്റും എഫ്ബിയുടെ അം​ഗീക‌ത ഏജൻസിയാണ്. ഇവരുടെ റിപ്പോർട്ടിം​ഗിനുള്ള അപ്പീൽ പോലും എഫ്ബിയ്ക്ക് സമർപ്പിക്കാൻ കഴിയില്ല.

രാജ്യത്തെ എഫ്ബിയുടെ പ്രവർത്തനം പൂർണ്ണമായും ഇന്ത്യിലേക്ക് മാറുന്നതോടെ നിലവിൽ ഭരണകൂടത്തിനൊപ്പം നിൽക്കുന്ന സമൂഹമാധ്യമ കുത്തക കമ്പനി പൂർണ്ണമായും ബിജെപിയുടെ കൈയ്യിലാവും എന്ന കാര്യത്തിൽ സംശയമില്ല. ഇവിടെ ബദൽ സൃഷ്ടിക്കാൻ ശേഷിയുള്ള രാഷ്ട്രീയ ബോധ്യമുള്ള പ്രോ​ഗ്രാമേഴ്സോ സാങ്കേതിക ജ്ഞാനമുള്ളവരോ വിചാരിക്കുക തന്നെ വേണം. സൈബർ രം​ഗത്തെ എല്ലാ ചലനവും അറിയാൻ കഴിയും വിധം ആ ലോകത്തിന്റെ ഭാഷ വശമുള്ളവർ തന്നെ വേണം. അന്താരാഷ്ട്ര തലത്തിൽ ചെൽസിയ മാനിം​ഗും ജൂലിയൻ അസാഞ്ജും, സ്നോഡനും പൈറേറ്റ് ബേ റ്റീമും ചെയ്തത് അതായിരുന്നു.


Read More >>