'വായു' ചുഴലിക്കാറ്റ്: അതീവ ജാഗ്രതയിൽ ഗുജറാത്ത്; മൂന്നു ലക്ഷം പേരെ ഒഴിപ്പിച്ചു

മണിക്കൂറിൽ 135 കിലോമീറ്റർ വരെ വേഗത്തിൽ ഗുജറാത്തിലെ പോർബന്തർ തീരത്തെത്തുമെന്നാണു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അതിതീവ്ര ചുഴലിക്കാറ്റായി മാറിയ 'വായു' നാളെ പുലർച്ചെയോടെ ആഞ്ഞടിക്കാനിരിക്കെ ഗുജറാത്ത് അതീവ ജാഗ്രതയിൽ. മണിക്കൂറിൽ 135 കിലോമീറ്റർ വരെ വേഗത്തിൽ ഗുജറാത്തിലെ പോർബന്തർ തീരത്തെത്തുമെന്നാണു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പോർബന്തർ, വെരാവൽ, മഹുവ, ദിയു എന്നിവിടങ്ങളിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ട്. വെരാവലിന് 340 കിലോമീറ്റർ മാറിയാണ് വായുവിന്റെ നിലവിലെ സ്ഥാനം.

തീരദേശ ജില്ലകളിലെ സ്കൂളുകളും കോളജുകളും നാളെ വരെ അടച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി. ഗുജറാത്തിലും ദിയുവിലും കേന്ദ്രസേനയെ വിന്യസിച്ചു. ശക്തമായ കാറ്റിൽ വീടുകൾ തകരുന്നതിനും മേൽക്കൂരകൾ പറന്നുപോകുന്നതിനുമുള്ള സാദ്ധ്യത ഏറെയാണ്. വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങൾക്ക് തകരാർ സംഭവിക്കുമെന്നും മുന്നറിയിപ്പുണ്ട്.

മൂന്നുലക്ഷത്തോളം പേരെ ഗുജറാത്ത്, ദിയു പ്രദേശത്തുനിന്ന് അധികൃതർ ഒഴിപ്പിച്ചു. എഴുന്നൂറോളം അഭയകേന്ദ്രങ്ങളിലേക്ക് ഇവരെ മാറ്റും. ജൂൺ 15 വരെ മൽസത്തൊഴിലാളികൾക്ക് കടലിൽ പോകുന്നത് വിലക്കിയിട്ടുണ്ട്. ദ്വാരക, സോമനാഥ്, സാസൻ, കച്ച് മേഖലയിലുള്ള വിനോദസഞ്ചാരികളോട് ഉച്ചയ്കകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി ആവശ്യപ്പെട്ടു.

കേരളതീരത്ത് ഇന്നു രാത്രി 11.30 വരെ ശക്തമായ തിരമാലകൾക്കു സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നൽകി. മഴയുടെ ശക്തി കുറഞ്ഞതിനാൽ നേരത്തെ പ്രഖ്യാപിച്ച ഓറഞ്ച് അലെർട്ട് പിൻവലിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാപക മഴയ്ക്കുള്ള മഞ്ഞ അലെർട്ട് നൽകി. നിലവിൽ മുംബൈയിൽ നിന്ന് 500 കിലോമീറ്ററോളം അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. അറബിക്കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ നാളെ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമാകും. തിരമാലകളുടെ ഉയരം 4.3 മീറ്റർ വരെയാകാനിടയുണ്ട്.

Read More >>