കല്ലിനുമുണ്ട് കഥ പറയാൻ; ഹൃദയം തകർന്നവരുടെ കഥ

ടിക്കറ്റ് കൗണ്ടറിന് മുന്നിൽ നിരനിരയായി കല്ലുകൾ. ഓരോ കല്ലിലും ഓരോ പേരുണ്ട്. വയസുണ്ട്. ആണും പെണ്ണും വേര്‍തിരിവുണ്ട്. എല്ലാവരും ചികിത്സ തേടിയെത്തിയ പാവം ഹൃദയമുള്ളവരാണ്.

കല്ലിനുമുണ്ട് കഥ പറയാൻ; ഹൃദയം തകർന്നവരുടെ കഥ

കാർത്തികേയൻ ദാമോദരൻ

നിന്റെ ഹൃദയം കല്ലാണോ എന്ന് ചില കഠിനഹൃദയന്മാരോട് നാം ചോദിക്കാറുണ്ട്. പക്ഷേ, പാലക്കാട് ജില്ലാ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിൽ ചികിത്സതേടി എത്തുന്ന ഏത് 'ദുർബല'ഹൃദയവും കല്ലാണ്. സംശയം ഉള്ളവർക്ക് ഒ.പി ചികിത്സയുള്ള ദിവസങ്ങളിൽ ഇവിടെ വന്നുനോക്കാം. ടിക്കറ്റ് കൗണ്ടറിന് മുന്നിൽ നിരനിരയായി കല്ലുകൾ. ഓരോ കല്ലിലും ഓരോ പേരുണ്ട്. വയസുണ്ട്. ആണും പെണ്ണും വേര്‍തിരിവുണ്ട്. എല്ലാവരും ചികിത്സ തേടിയെത്തിയ പാവം ഹൃദയമുള്ളവരാണ്.

പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒരു ഹൃദ്രോഗ വിദഗ്ദ്ധനാണ് ഉള്ളത്. അദ്ദേഹം തന്നെയാണ് ഒ.പി മുതൽ സങ്കീർണ്ണ ഓപറേഷൻ വരെ നോക്കുന്നത്. തിരക്കുകാരണം ഒരുദിവസം 50 പേരെ മാത്രമേ പരിശോധിക്കാറുള്ളൂ. 45 പേർ പൊതുജനത്തിൽനിന്നും അഞ്ചുപേർ ആശുപത്രി ജീവനക്കാരുമായി ബന്ധമുള്ളവരും. ഒ.പി ദിവസം ഡോക്ടറെ കാണണമെങ്കിൽ തലേന്ന് വന്ന് വരിനില്കണം. ആ വരിയാണ് കല്ലുകളായി ടിക്കറ്റ് കൗണ്ടറിനു മുന്നിൽ കനിവുകാത്ത് കിടക്കുന്നത്. കല്ലുവച്ചാൽ മാത്രം പോരാ ആശുപത്രി വരാന്തയിൽ പിറ്റേന്ന് ടോക്കൺ കൊടുക്കുംവരെ കാത്ത് കിടക്കുകയും വേണം. അട്ടപ്പാടി മുതൽ തൃത്താല വരെയുള്ളവർ ഇങ്ങിനെവന്ന് വരിനിൽക്കുന്നു. ടിക്കറ്റ് കൊടുത്തുതുടങ്ങിയാൽ അഞ്ചുമിനിട്ടിൽ തീരുകയും ചെയ്യും. അത്രയാണ് തിരക്ക്.

നേരത്തെ രണ്ട് ജൂനിയർ ഡോക്ടർമാർ സഹായത്തിന് ഉണ്ടായിരുന്നെങ്കിലും അവരെ അവിടെ നിൽക്കാൻ സമ്മതിക്കാത്ത അവസ്ഥ ഉണ്ടാക്കി പറഞ്ഞുവിടുകയായിരുന്നുവെന്ന് പരാതിയുണ്ട്. സ്വകാര്യ ആശുപത്രി ലോബിയടക്കം പലരും സാധാരണക്കാരുടെ ചികിത്സ മുടക്കാൻ ഒരുങ്ങിയിറങ്ങുമ്പോൾ ഏറ്റവും മികച്ച ഹൃദയചികിത്സാ സൗകര്യമുള്ള പാലക്കാട് കാത്ത് ലാബിനുമുന്നിൽ ഹൃദയങ്ങൾ കല്ലായി കാത്തുനിൽക്കുകയാണ്.

Read More >>