ഹാരിസൺസ് തോട്ടങ്ങളിൽ നിന്ന് നികുതി സ്വീകരിക്കാൻ നിർദ്ദേശം

കമ്പനി കൈയേറിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ നടപടികളെടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് സർക്കാരിന്റെ പുതിയ നീക്കം.

ഹാരിസൺസ് തോട്ടങ്ങളിൽ നിന്ന്   നികുതി സ്വീകരിക്കാൻ നിർദ്ദേശം

സ്വന്തം ലേഖകന്‍

ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ തോട്ടങ്ങളിൽ നിന്ന് ഭൂനികുതി പിരിക്കാൻ കളക്ടർമാർക്ക് സർക്കാർ നിർദ്ദേശം നൽകി. കമ്പനി കൈയേറിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ നടപടികളെടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് സർക്കാരിന്റെ പുതിയ നീക്കം. ഉപാധികളോടെ ഭൂനികുതി സ്വീകരിക്കാനും വളർച്ചയെത്തിയ റബ്ബർ മരങ്ങൾ മുറിച്ചുമാറ്റി പുതിയവ വച്ചുപിടിപ്പിക്കാനും അനുവാദം നൽണമെന്നാണ് കളക്ടർമാർക്ക് നൽകിയ നിർദ്ദേശം.

സുപ്രിംകോടതി നിർദ്ദേശമനുസരിച്ചാണ് നടപടിയെന്നാണ് റവന്യൂവകുപ്പ് ഉന്നതവൃത്തങ്ങൾ വിശദീകരിക്കുന്നത്. മാത്രമല്ല ഭൂനികുതി പിരിക്കാതിരിക്കുന്നതിലൂടെ വർഷം തോറും കോടിക്കണക്കിന് രൂപയാണ് നഷ്ടമാകുന്നത്. ഇതൊഴിവാക്കാൻ കൂടി വേണ്ടിയാണ് തീരുമാനമെന്നും പറയുന്നു.

2012 മുതൽ ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ കൈയിലുള്ള തോട്ടങ്ങളിൽ നിന്ന് സർക്കാർ ഭൂനികുതി പിരിക്കുന്നില്ല. സ്വകാര്യഭൂമിക്കാണ് ഭൂനികുതി പിരിക്കാറുള്ളത്. കമ്പനിയുടെ കൈയിലുള്ളത് സർക്കാർ ഭൂമിയാണെന്നും അതിനാൽ നികുതി പിരിക്കാനാകില്ലെന്നുമായിരുന്നു സർക്കാർ നിലപാട്. ഹാരിസൺസ് തോട്ടങ്ങളിൽ നിന്ന് നികുതി പിരിക്കാനും അതോടൊപ്പം തന്നെ പ്രാദേശിക കോടതികളിൽ നിലവിലുള്ള കേസുകളിൽ വിധി വരുന്നത് അനുസരിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കാനുമാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി കളക്ടർമാർക്ക് നൽകിയ ഉത്തരവിൽ വ്യക്തമാക്കിയത്.

നേരത്തേ സർക്കാർ നിയോഗിച്ച സ്‌പെഷൽ ഓഫീസർ എം.ജി.രാജമാണിക്യം ഹാരിസൺസ് ലിമിറ്റഡ് 38,000 ഏക്കറിലേറെ സർക്കാർ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നുവെന്നും ഇത് കണ്ടുകെട്ടണമെന്നും റിപ്പോർട്ട് നൽകിയിരുന്നു.

Read More >>