ഒ.ബി.സി സംവരണത്തില്‍ അടിമുടി മാറ്റത്തിന് ശുപാര്‍ശ

മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി. രോഹിണിയുടെ അദ്ധ്യക്ഷതയിലുള്ള സമിതി തയ്യാറാക്കിയ ശുപാർശ അടുത്ത മാസം കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്.

ഒ.ബി.സി സംവരണത്തില്‍ അടിമുടി മാറ്റത്തിന് ശുപാര്‍ശ

ന്യൂഡൽഹി: ഒ.ബി.സി സംവരണം നടപ്പാക്കുന്ന രീതിയിൽ അടിസ്ഥാന പരമായ മാറ്റങ്ങൾക്ക് കേന്ദ്രസർക്കാർ സമിതി ശുപാർശ. മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് ജോലിയിലും വിദ്യാഭ്യാസത്തിനുമുള്ള 27 ശതമാനം സംവരണം മൂന്ന് ഉപ വിഭാഗങ്ങളായി നടപ്പാക്കാനുള്ള ശുപാർശയാണ് സമിതി സർക്കാരിന് സമർപ്പിക്കാനിരിക്കുന്നത്. മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി. രോഹിണിയുടെ അദ്ധ്യക്ഷതയിലുള്ള സമിതി തയ്യാറാക്കിയ ശുപാർശ അടുത്ത മാസം കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. ജൂലൈ 31ന് മുൻപ് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജസ്റ്റിസ് ജി രോഹിണി അറിയിച്ചിട്ടുണ്ട്. സമിതിയുടെ ശുപാർശ കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം അംഗീകരിച്ചാൽ രാജ്യത്തെ രാഷ്ട്രീയ സാമൂഹിക സമവാക്യങ്ങളിൽ വമ്പിച്ച മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

നിലവിൽ 2633 ജാതികളാണ് 27 ശതമാനം ഒ.ബി.സി ക്വാട്ടയിൽ മത്സരിക്കുന്നത്. ഇവ മൂന്ന് ഉപവിഭാഗമായി തിരിക്കാനാണ് സമിതി ശുപാർശ ചെയ്തിരിക്കുന്നത്. ഒ.ബി.സി സംവരണത്തിന്റെ ആനുകൂല്യം ലഭിക്കാത്ത വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണവും ചില ആനുകൂല്യങ്ങൾ മാത്രം ലഭിക്കുന്ന ജാതി വിഭാഗങ്ങൾക്ക് 10 ശതമാനവും പരമാവധി ആനുകൂല്യങ്ങൾ ലഭിക്കുന്ന ജാതി വിഭാഗങ്ങൾക്ക് ബാക്കി ഏഴു ശതമാനവും ലഭ്യമാകുന്ന രീതിയിലാണ് സമിതിയുടെ ശുപാർശ എന്നാണ് റിപ്പോർട്ടുകൾ. ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെട്ട 10 ഉപവിഭാഗങ്ങൾക്കാണ് നിലവിലുള്ള 27 ശതമാനത്തിൽ 25 ശതമാനം ആനുകൂല്യങ്ങളും ലഭിക്കുന്നതെന്നാണ് സമിതി കണ്ടെത്തിയിരിക്കുന്നതെന്നാണ് വിവരം.

Read More >>