കലിയടങ്ങാതെ കേരള തീരം; യെല്ലോ അലെര്‍ട്ട് തുടരും

കേരള തീരത്ത് 40 മുതൽ 50 വരെ കിലോ മീറ്റർ വേഗതയിൽ കാറ്റു വീശാനിടയുണ്ട്

കലിയടങ്ങാതെ കേരള തീരം; യെല്ലോ അലെര്‍ട്ട് തുടരും

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: വായു ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിന്റെ തീരത്ത് 40 മുതൽ 50 വരെ കിലോ മീറ്റർ വേഗതയിൽ കാറ്റു വീശാനിടയുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന നിർദ്ദേശമുണ്ട്. തിരുവനന്തപുരം വലിയതുറയിലുൾപ്പെടെയുള്ള തീരപ്രദേശങ്ങളിൽ കടലാക്രമണത്തിൽ വീടുകൾ തകർന്നു. നിരവധി ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു.

തിരുവനന്തപുരത്ത് വീടു നഷ്ടപ്പെട്ടവരും വീട് താമസയോഗ്യമല്ലാതായവരുമായ നൂറോളം പേർ ഗവ. യു.പി.എസ് വലിയതുറ, ഫിഷറീസ് സ്‌കൂൾ, ബഡ്‌സ് സ്‌കൂൾ, തുറമുഖ വകുപ്പിന്റെ ഗോഡൗൺ ക്യാംപുകളിലായി കഴിയുകയാണ്. ക്യാംപുകളില്‍ 12 കുടുംബങ്ങളിലെ അറുപതോളം പേർ താമസിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ രണ്ടു ക്യാംപുകളിലായുള്ള മൂന്നു കുടുംബങ്ങൾ കഴിഞ്ഞ തവണത്തെ കടലാക്രമണത്തിനു ശേഷം ഇവിടെ എത്തി താമസം തുടരുന്നവരാണെന്നും അധികൃതർ പറയുന്നു. സൗജന്യ റേഷൻ ഉൾപ്പെടെയുള്ള സഹായമൊന്നും ലഭിച്ചില്ലെന്നും ക്യാംപിലുള്ളവർ പറഞ്ഞു.

സംസ്ഥാനത്തെ തീരപ്രദേശങ്ങളിലുടനീളം കടലാക്രമണം രൂക്ഷമായി. കൊല്ലത്ത് വിദ്യാർത്ഥിയെ കാണാതായി. പുലിമുട്ടിനു മുകളിലൂടെ വീശിയടിച്ച തിരയിൽപ്പെട്ട് കൊല്ലം തങ്കശ്ശേരി സി.വൈ.എം ലൈബ്രറിക്കു സമീപം കറ്റാകഴികം പുരയിടത്തിൽ ക്രിസ്റ്റിയുടെ മകൻ ആഷിഖിനെയാണു (17) കാണാതായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തു വാടി തോപ്പിൽ പുരയിടം മരിയന്റെ മകൻ ജിത്തു (20) നീന്തി രക്ഷപ്പെട്ടു. സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇരുവരും. തങ്കശ്ശേരി പുലിമുട്ടിനു സമീപം എത്തിയപ്പോൾ ആഞ്ഞടിച്ച തിരയിൽപ്പെട്ട് ഇവർ കടലിൽ വീഴുകയായിരുന്നു. ജിത്തു നീന്തി രക്ഷപ്പെട്ടു. ആഷിഖിനായി തിരച്ചിൽ തുടരുകയാണ്.

ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ, തൃക്കുന്നപ്പുഴ, ചേർത്തല മേഖലകളിലും കടലാക്രമണം രൂക്ഷമാണ്. കടലാക്രമണം തടയാൻ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് അമ്പലപ്പുഴയിൽ തീരദേശവാസികൾ രണ്ടു മണിക്കൂർ ദേശീയപാത ഉപരോധിച്ചു. ചേർത്തല ഒറ്റമശേരിയിൽ കടലാക്രമണം നേരിടുന്ന വീടുകളിലെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ റോഡിൽ കുടിൽകെട്ടി ഉപരോധിച്ചു.

Read More >>