ഇതൊക്കെ എങ്ങനെ സാധിക്കുന്നു; തിരക്കുകൾക്കിടയിലും വെബ്സീരീസുകള്‍ മുടങ്ങാതെ കാണുന്ന മമ്മൂട്ടി

തിരക്കുകള്‍ക്കിടയിലും ലോകസിനിമകളേയും കലകളുടെ ലോകത്തെ പുത്തൻ വൃത്താന്തങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹം വളരെയധികം അഗ്രഗണ്യനാണ്.

ഇതൊക്കെ എങ്ങനെ സാധിക്കുന്നു; തിരക്കുകൾക്കിടയിലും വെബ്സീരീസുകള്‍ മുടങ്ങാതെ കാണുന്ന മമ്മൂട്ടി

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ തിരക്കുകളെക്കുറിച്ച് ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. സിനിമയോടുള്ള അദ്ദേഹത്തിന്റെ പാഷൻ വളരെ എടുത്തുപറയേണ്ട ഒന്നാണ്. ലോകസിനിമകളേയും കലകളുടെ ലോകത്തെ പുത്തൻ വൃത്താന്തങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹം വളരെയധികം അഗ്രഗണ്യനാണ്.

പുതിയ റിലീസുകൾ ആകട്ടെ, സാങ്കേതിക രംഗത്ത് വരുന്ന മാറ്റങ്ങൾ ആകട്ടെ, എല്ലാം മമ്മൂട്ടിയ്ക്ക് അറിയാം. അഭിനയം, പൊതുപ്രവർത്തനം, സിനിമയിലെ തന്നെ സംഘടനാ പ്രവർത്തനം തുടങ്ങി സദാസമയവും ഓട്ടമായിരിക്കും എന്നതിൽ സംശയമില്ല. ഇതിനിടയിൽ കാർ, കേമറ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയ അദ്ദേഹത്തിന്റെ ഹോബികളും.

ഇപ്പോൾ വലിയ പ്രചാരത്തിലായിരിക്കുന്ന വെബ് സീരീസുകളെക്കുറിച്ച്, അതിലെ തന്റെ ഇഷ്ടങ്ങളെക്കുറിച്ച്, മമ്മൂട്ടി അടുത്തിടെ ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.

ലോകമൊട്ടുക്കും ആരാധകരെ സൃഷ്ടിച്ചിട്ടുള്ള ഒരു വെബ് സീരീസ് ആണ് ഗെയിം ഓഫ് ത്രോൺസ്. എട്ടു സീസണുകളിലായി എച്ച് ബി ഓ ചാനലിൽ സംപ്രേക്ഷണം ചെയ്യപ്പെട്ട ഈ സീരീസ്, 'മിനി സ്‌ക്രീനിലെ മഹാത്ഭുതം' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. സീരീസിലെ കുറച്ചു എപ്പിസോഡുകൾ കണ്ടിട്ടുണ്ട് എന്നും തന്നെ അത് ആകർഷിച്ചില്ല എന്നും മമ്മൂട്ടി വെളിപ്പെടുത്തി. മറിച്ച്, നെറ്റ്ഫ്‌ളിക്‌സ് സീരീസ് ആയ 'ദി ക്രൌൺ' ആണ് തനിക്കിഷ്ടപ്പെട്ട സീരീസ് എന്നും മെഗാസ്റ്റാർ അഭിമുഖത്തിൽ വ്യക്തമാക്കി.

''ചരിത്രം കൊണ്ട് വരേണ്ടത് ഇങ്ങനെയാണ്. ഗെയിം ഓഫ് ത്രോൺസ് എന്നത് ഫിക്ഷൻ ആണ്, ദി ക്രൗൺ എന്നത് യാഥാർത്ഥ്യവും, 'ദി ക്രൌൺ' സീരീസിന്റെ അടുത്ത സീസണു വേണ്ടി ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി പറയുന്നു. ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിയുടെ ഭരണകാലഘട്ടം പ്രതിപാദിക്കുന്ന സീരീസ് ആണ് 'ദി ക്രൌൺ'.

ഗെയിം ഓഫ് ത്രോൺസിലെ പിഴവുകളുടെ കാര്യവും മമ്മൂട്ടി എടുത്തു പറഞ്ഞു. സീരീസിലെ വലിയ വിവാദങ്ങളിൽ ഒന്നായിരുന്നു അതിന്റെ എട്ടാം സീസണിലെ നാലാം എപ്പിസോഡിൽ കണ്ട ഒരു പിഴവ്. കാലഘട്ട കഥ പറയുന്ന സീരീസിലെ 'യുദ്ധ രംഗ'ത്തിൽ സ്റ്റാർബക്ക്‌സ് എന്ന കമ്പനിയുടെ കാപ്പിക്കപ്പ് കണ്ടതാണ് വിവാദമായത്.

യുദ്ധത്തിനു ശേഷമുള്ള വിജയാഘോഷവേളയിൽ ഡാനിയുടെ മുമ്പിൽ കാണപ്പെട്ട കപ്പാണ് സംവിധായകരുടെ ശ്രദ്ധക്കുറവിനെ വിമർശിക്കാൻ ഇടയാക്കിയത്. 'ഗെയിം ഓഫ് ത്രോൺസ്' നിർമാതാവ് ഉടനെ തന്നെ ക്ഷമാപണം നടത്തുകയും ചെയ്തു.

ഇതിനു പിന്നാലെ സീരീസ് ഫിനാലെ എപ്പിസോഡിലും പിഴവുകൾ ഉണ്ടായി. രണ്ടു പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകളുടെ രൂപത്തിലായിരുന്നു അത്. ''അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് വന്ന ശ്രദ്ധക്കുറവാണത്, അല്ലെങ്കിൽ ഒരു വിവാദം സൃഷ്ടിച്ച് പ്രശസ്തിയാകാനുള്ള മനപൂർവ്വമായ ഒരു ശ്രമത്തിന്റെ ഭാഗമായി അത് അവിടെ ചേർത്തിരിക്കുന്നതുമാകാം.

ചിത്രീകരണത്തിനിടയിൽ വരുന്ന ഇത്തരം പ്രശ്‌നങ്ങൾ എല്ലാം തന്നെ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് മായ്ക്കാവുന്നതാണ് എന്ന് അറിയില്ലേ നിങ്ങൾക്കും. പിഴവുകളെക്കുറിച്ച് മമ്മൂട്ടി പരാമർശിച്ചത് ഇങ്ങനെയാണ്.

തിരക്കുകൾക്കിടയിൽ ഇതിനൊക്കെ എങ്ങനെ സമയം കണ്ടെത്തുന്നു എന്ന ചോദ്യത്തിനും മമ്മൂട്ടി സ്വതസിദ്ധമായ രീതിയിൽ മറുപടി പറയുന്നുണ്ട്, 'ഇതെല്ലാതെ ഞാൻ എന്ത് ചെയ്യാൻ?' എന്ന്. ഇപ്പോൾ 'മാമാങ്കം' എന്ന ബ്രഹ്മാണ്ഡ ചിത്രം അഭിനയിച്ച് പൂർത്തിയാക്കിയ മമ്മൂട്ടിയുടെ അടുത്ത റിലീസ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന 'ഉണ്ട'യാണ്. ചിത്രം ജൂൺ 14ന് റിലീസ് ചെയ്യും.

Read More >>