കുറ്റവാളികളെ ചൈനയ്ക്ക് നല്‍കുന്നതിനെതിരേ ഹോങ് കോങില്‍ സർക്കാർ സ്ഥാപനങ്ങൾ ജനം വളഞ്ഞു

മുഖംമൂടിയും ഹെൽമറ്റും ധരിച്ചായിരുന്നു ഉപരോധം; പ്രതിഷേധക്കാർക്കു നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു

കുറ്റവാളികളെ ചൈനയ്ക്ക് നല്‍കുന്നതിനെതിരേ ഹോങ് കോങില്‍ സർക്കാർ സ്ഥാപനങ്ങൾ ജനം വളഞ്ഞു

കുറ്റവാളികളെ ചൈനക്ക് വിട്ടുനൽകുന്ന നിയമം പാസ്സാക്കാനുള്ള ഹോങ് കോങ് സർക്കാരിന്റെ തീരുമാനത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. സർക്കാർ-നിയമ സ്ഥാപനങ്ങളിലേക്കുള്ള പ്രധാന പാതകൾ ജനങ്ങൾ ഉപരോധിച്ചു. ബുധനാഴ്ച രാവിലെയാണ് ജനങ്ങൾ സർക്കാർ സ്ഥാപനങ്ങൾ ഉപരോധിച്ചത്.

മുഖംമൂടിയും ഹെൽമറ്റും ധരിച്ചായിരുന്നു ഉപരോധം. പ്രതിഷേധക്കാർക്കു നേരെ പൊലീസ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു. വിവാദ നിയമം ഇന്ന് ഹോങ്കോങ് ലെജിസ്ലേറ്റീവ് കൗൺസിൽ രണ്ടാം ഘട്ട ചർച്ചയ്‌ക്കെടുക്കാനിരിക്കെയാണ് അരലക്ഷത്തോളം വരുന്ന പ്രക്ഷോഭകർ കൗൺസിൽ മന്ദിരം ഉപരോധിക്കാൻ തുടങ്ങിയത്.

യുവാക്കളും വിദ്യാർത്ഥികളുമാണ് പ്രതിഷേധക്കാരിൽ കൂടുതലും. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് ഇപ്പോൾ ജനങ്ങൾ നടത്തുന്ന പ്രക്ഷോഭമെന്ന് ഹോങ് കോങ് പൊലീസ് ട്വീറ്റ് ചെയ്തു. എത്രയും വേഗം പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കിൽ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

രാജ്യം മുഴുവൻ പ്രതിഷേധങ്ങളിൽ മുങ്ങുമ്പോഴും വിവാദ ബില്ലുമായി മുന്നോട്ടുപോകാനാണ് ഹോങ് കോങ് സർക്കാരിന്റെ തീരുമാനം. ബില്ലിൽ ജൂൺ 20ന് അവസാനഘട്ട വോട്ടെടുപ്പ് നടത്തും.

ഹോങ് കോങ് നിവാസികളെ വിചാരണയ്ക്കു ചൈനയ്ക്കു വിട്ടുകൊടുക്കാൻ വ്യവസ്ഥ ചെയ്യുന്ന നിർദിഷ്ട കുറ്റവാളി കൈമാറ്റ നിയമഭേദഗതിക്കെതിരേയാണ് ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. ഞായറാഴ്ച 10 ലക്ഷത്തോളം പേരാണ് നിയമത്തിനെതിരേ തെരുവിലിറങ്ങിയത്.

2014 ലെ ജനാധിപത്യാവകാശ സമരത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധമാണ്. പ്രബലരായ ബിസിനസ് സമൂഹവും നിയമഭേദഗതിക്കെതിരാണ്. എന്നാൽ, ചൈന അനുകൂലികൾക്ക് ഭൂരിപക്ഷമുള്ള 70 അംഗ കൗൺസിൽ നിയമം പാസാക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു.

പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ചു നഗരത്തിലെ ചെറുകിട കച്ചവടക്കാരും ബുക്, കോഫിപ് ഉടമകളും ഇന്ന് കടകൾ അടച്ചിടുമെന്നും അദ്ധ്യാപകർ പണിമുടക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സർവകലാശാലകളിൽ ഇന്നു പഠിപ്പുമുടക്കിന് വിദ്യാർത്ഥി സംഘടനകൾ ആഹ്വാനം ചെയ്തു.

കഴിഞ്ഞ ഫെബ്രുവരിയിൽ പ്രഖ്യാപിച്ച നിയമഭേദഗതി ഏപ്രിലിലാണ് അവതരിപ്പിച്ചത്. ചൈനയിൽ കമ്മ്യൂണിസ്റ്റ് ഭരണസംവിധാനത്തെ വിമർശിക്കുന്നവരെ കുടുക്കാൻ നിയമം ദുരുപയോഗിക്കുമെന്നാണ് ആശങ്ക.

അതേസമയം, യൂറോപ്യൻ യൂണിയനും യു.കെയും നിയമഭേദഗതിക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. പ്രശ്‌നം തങ്ങളുടെ ആഭ്യന്തരകാര്യമാണെന്നും യു.എസ് ഇടപെടുന്നതു നിർത്തണമെന്നും ചൈനയിലെ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.

ഹോങ് കോങ് സ്വദേശിയായ യുവതി തായ് ലൻഡിൽ കൊല്ലപ്പെട്ടതാണു നിയമഭേദഗതിക്കു കാരണമായി പറയുന്നത്. കൊലയ്ക്കുശേഷം പ്രതിയായ കാമുകൻ ഹോങ് കോങ്ങിലേക്കു മടങ്ങി. തായ് ലൻഡുമായി കൈമാറ്റ ഉടമ്പടി ഇല്ലാത്തതിനാൽ പ്രതിയെ ചൈനയ്ക്കു വിട്ടുകൊടുക്കാനായില്ല. തായ് ലൻഡിൽ നടന്ന കുറ്റകൃത്യത്തിനു ഹോങ് കോങ്ങിൽ കേസെടുക്കാനും സാദ്ധ്യമല്ലായിരുന്നു. ഈ സാഹചര്യത്തിലാണു ഭേദഗതി കൊണ്ടുവന്നതെന്നാണു അധികൃതരുടെ ഭാഷ്യം.

ബ്രിട്ടിഷ് കോളനിയായിരുന്ന ഹോങ് കോങ് സ്വയംഭരണാവകാശത്തോടെ 1997ലാണ് ചൈനയുടെ കീഴിലായത്. സ്വന്തമായി നിയമ, സാമ്പത്തികകാര്യ വ്യവസ്ഥയും പൗരാവകാശ നിയമങ്ങളും ഉണ്ടെങ്കിലും ഭരണത്തിലും നിയമവാഴ്ചയിലും ചൈനയുടെ ഇടപെടല്‍ ശക്തമാണ്. 2015 ൽ ഹോങ് കോങ്ങിലെ അഞ്ചു പുസ്തക വ്യാപാരികളെ കാണാതായ സംഭവം വിവാദമായിരുന്നു. ചൈനീസ് രഹസ്യ പൊലീസ് ഇവരെ തട്ടിക്കൊണ്ടു പോയെന്നാണ് പറയുന്നത്.

Read More >>