മെക്‌സിക്കോ കുടിയേറ്റക്കരാർ പുറത്തുവിട്ട് ട്രംപ്

മെക്സിക്കോയുടെ സുരക്ഷിത രാജ്യമെന്ന പദവി എടുത്തു കളയാന്‍ നീക്കം

മെക്‌സിക്കോ കുടിയേറ്റക്കരാർ പുറത്തുവിട്ട് ട്രംപ്

വാഷിങ്ടൺ: കുടിയേറ്റവുമായി ബന്ധപ്പെട്ട് മെക്‌സിക്കോയുമായി ഉണ്ടാക്കിയ കരാറിലെ ചില വ്യവസ്ഥകൾ പുറത്തുവിട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ, കരാർ അതീവ രഹസ്യ സ്വഭാവമുള്ളതാണെന്നു പറഞ്ഞ ട്രംപ് കൂടുതല്‍ വിവരങ്ങൾ മാദ്ധ്യമപ്രവർത്തകരുമായി പങ്കുവക്കാൻ വിസമ്മതിച്ചു. പക്ഷേ, കരാറിന്റെ പ്രസക്ത ഭാഗങ്ങൾ അദ്ദേഹം മാദ്ധ്യമ പ്രവർത്തകർക്കുനേരെ വീശിക്കാണിച്ചു.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ മൂന്നാമത്തെ രാജ്യമെന്ന പദവി മെക്‌സിക്കോയിൽ നിന്ന് എടുത്തുകളയാനാണ് ട്രംപിന്റെ തീരുമാനങ്ങളിൽ ഒന്ന്. ഇക്കാര്യം തിങ്കളാഴ്ച മെക്‌സിക്കോ വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു. മെക്‌സിക്കോയെ സുരക്ഷിത രാജ്യങ്ങളിൽ ഉൾപ്പെടുത്തിയാൽ യു.എസ്സിൽ ഉള്ളതിനേക്കാൾ കൂടുതൽ അഭയാർത്ഥികൾ മെക്‌സിക്കോയിൽ എത്തും.

അതുകൊണ്ടാണ് സുരക്ഷിത രാജ്യമെന്ന പദവി എടുത്തുകളയാൻ ട്രംപ് ഒരുങ്ങുന്നത്. അഭയാർത്ഥികളെ തടയുന്നില്ലെന്നാരോപിച്ച് മെക്‌സിക്കോക്കുമേൽ യു.എസ് നികുതി ഏർപ്പെടുത്തിയിരുന്നു.

ഇതേത്തുടർന്ന് മെക്‌സിക്കൻ വിദേശകാര്യമന്ത്രി ട്രംപുമായി കൂടിക്കാഴ്ച നടത്തുകയും അഭയാർത്ഥികളുടെ ഒഴുക്ക് തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ നികുതി ട്രംപ് പിൻവലിക്കുകയായിരുന്നു. അതോടൊപ്പം അഭയാർത്ഥികളുടെ വരവ് തടയാൻ എന്ത് നടപടിയാണ് എടുക്കുന്നതെന്ന് 45 ദിവസത്തിനുള്ളിൽ യു.എസ്സിന് കാണിച്ചു നൽകണമെന്നും ട്രംപ് വ്യവസ്ഥ വച്ചിരുന്നു.

ഇതോടെ ഗ്വാട്ടിമല അതിർത്തിയിലേക്ക് മെക്‌സിക്കോ 6,000 ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ അയച്ചു. തങ്ങൾ സ്വീകരിക്കുന്ന നടപടികളിലൂടെ അഭയാർത്ഥികളുടെ ഒഴുക്കു തടയാനായില്ലെങ്കിൽ സുരക്ഷിത രാജ്യമെന്ന പദവി എടുത്തുകളയാൻ ഒരുക്കമാണെന്ന് മെക്‌സിക്കോ പറഞ്ഞു.

Read More >>