മലേഷ്യന്‍ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ അജ്ഞാതരോഗം

പനിയും ശ്വാസതടസ്സവുമാണ് പ്രധാന ലക്ഷണം. രോഗം പിടിപെട്ടാൽ പെട്ടന്നുതന്നെ മരണപ്പെടുകയും ചെയ്യും.

മലേഷ്യന്‍ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ അജ്ഞാതരോഗം

മലേഷ്യയിലെ അവശേഷിക്കുന്ന തദ്ദേശീയ ഗോത്രവർഗ്ഗത്തിനിടയിൽ അജ്ഞാതരോഗം പടർന്നു പിടിക്കുന്നു. പനിയും ശ്വാസതടസ്സവുമാണ് പ്രധാന ലക്ഷണം. രോഗം പിടിപെട്ടാൽ പെട്ടന്നുതന്നെ മരണപ്പെടുകയും ചെയ്യും. കഴിഞ്ഞ മാസം മാത്രം 14 പേരാണ് മരിച്ചത്. 50 പേർ ചികിത്സയിലാണ്. ചിലരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് വേറെ 47 പേരെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് 'ദ ഗാർഡിയൻ' റിപ്പോർട്ട് ചെയ്യുന്നു.

'ഒറാങ്ങ് അസ്ലി' എന്നറിയപ്പെടുന്ന ബട്ടെക് ഗോത്രവർഗത്തിൽ വെറും 300 പേർ മാത്രമാണ് ജീവിച്ചിരിപ്പുള്ളത്. മലേഷ്യൻ ഭാഷയിൽ ഒറാങ് അസ്ലിയെന്നാൽ 'യഥാർത്ഥ മനുഷ്യർ' എന്നാണ് അർത്ഥം. രോഗകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പ്രാദേശിക ഭരണകൂടം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമക്കുന്നുണ്ട്. പകർച്ചവ്യാധികൾ മുതൽ മലിനീകരണം വരെ എല്ലാ സാദ്ധ്യതകളും പരിശോധിച്ചു വരികയാണ്. അടക്കം ചെയ്ത മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.

രണ്ട് മൃതദേഹങ്ങൾ പരിശോധിച്ചപ്പോൾ മരണകാരണം ന്യൂമോണിയയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അതുതന്നെയാണോ പ്രാഥമിക കാരണം എന്നതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ഒറാങ് അസ്ലി വിഭാഗത്തിൽപെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെടുക്കാൻ വളരെ പ്രായാസമാണ്. കാരണം എന്തെങ്കിലും അസുഖം ബാധിച്ചാൽ പിന്നെ ഗോത്രത്തെ ഉപേക്ഷിച്ച് കൊടുംകാട്ടിലേക്ക് പലായനം ചെയ്യുന്ന ആചാരം അവർക്കിടയിൽ ഉണ്ട്.

ഇത്രയധികം മരണങ്ങളുണ്ടായതിന് കാരണം എന്താണെന്ന് അന്വേഷിച്ചു വരികയാണെന്ന് മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മൊഹമ്മദ് പറഞ്ഞു. എന്തെങ്കിലും അണുബാധയാകാം മരണകാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് ഉള്ളതെന്നും ഏതുതരം അണുബാധയാണ് എന്നത് ഇനിയും സ്ഥിരീകരിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read More >>