ഇന്ത്യ- പാക് പോരാട്ടത്തിന് രണ്ടുനാള്‍

ഇതുവരെ ഒരു മത്സരത്തിലും പരാജയപ്പെടാതെയാണ് ഇന്ത്യ, പാകിസ്താനെ നേരിടുന്നത്. എന്നാല്‍ കളിച്ച മൂന്ന് മൽസരങ്ങളിൽ പാകിസ്താന് ഒരു മൽസരത്തിൽ മാത്രമേ വിജയിക്കാനായുള്ളൂ.

ഇന്ത്യ- പാക് പോരാട്ടത്തിന് രണ്ടുനാള്‍

ഇന്ത്യ- പാകിസ്താൻ മൽസരത്തിനായി ടീം സജ്ജമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. മത്സരത്തിന് ടീം തയ്യാറാണ്. അതിന്റെ ആവേശമുണ്ട്. കഴിവുകൾ ഉപയോഗിക്കുക എന്നതാണ് പ്രധാനം. പ്രൊഫഷണലുകളാണ് ടീമിലുള്ളതെന്നും കോലി പ്രതികരിച്ചു.

ഞായറാഴ്ചയാണ് ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. ഇതുവരെ ഒരു മത്സരത്തിലും പരാജയപ്പെടാതെയാണ് ഇന്ത്യ, പാകിസ്താനെ നേരിടുന്നത്. ഇന്നലെ നടക്കേണ്ടിയിരുന്ന ഇന്ത്യ- ന്യൂസീലൻഡ് മൽസരം മഴകാരണം ഉപേക്ഷിക്കുകയും ചെയ്തു.

കളിച്ച മൂന്ന് മൽസരങ്ങളിൽ പാകിസ്താന് ഒരു മൽസരത്തിൽ മാത്രമേ വിജയിക്കാനായുള്ളൂ. ശ്രീലങ്കയുമായുള്ള മത്സരം മഴകാരണം മാറ്റി വച്ചു. അഞ്ചു പോയിന്റോടെ പോയിന്റ് നിലയിൽ മൂന്നാമതാണ് ഇന്ത്യ.

മൂന്നു പോയിന്റോടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് പാകിസ്താൻ. ഫീൽഡിങ്ങിലെ മോശം പ്രകടനം പാകിസ്താന് തിരിച്ചടിയായിരുന്നു. ഓസ്‌ട്രേലിയയുമായുള്ള മൽസരത്തിൽ മൂന്ന് ക്യാച്ചുകളാണ് പാകിസ്താൻ നഷ്ടപ്പെടുത്തിയത്.

ഓപണറും ഇടം കൈയനുമായ ശിഖർ ധവാൻ പരിക്കേറ്റ് പുറത്തേക്ക് പോയത് ഇന്ത്യൻ നിരക്ക് നഷ്ടമാണ്. ന്യൂസീലൻഡുമായുള്ള കടുപ്പമേറിയ മത്സരം ഉപേക്ഷിക്കപ്പെട്ട ശേഷമാണ് പോയിന്റ് നിലയിൽ പിറകിലുള്ള പാകിസ്താനുമായി ഇന്ത്യ ഏറ്റുമുട്ടാനൊരുങ്ങുന്നത്. ഇന്ത്യാ- പാക് മൽസരത്തിലും മഴ വില്ലനാവുമോ എന്ന ആശങ്കയുമുണ്ട്. മാഞ്ചസ്റ്ററിലെ ട്രാഫോഡ് സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചക്ക് മൂന്നുമണിക്കാണ് മൽസരം ആരംഭിക്കേണ്ടത്.

Read More >>