ഐ.സി.സി. ലോകകപ്പ് ക്രിക്കറ്റ് : മഴ തുടര്‍ന്നാല്‍?

ഇത്തവണത്തെ ലോകകപ്പിൽ ഇതുവരെ നാലു മത്സരങ്ങൾ മഴകാരണം ഉപേക്ഷിച്ചു. ഇതാദ്യമായാണ് ലോകകപ്പിൽ ഇത്രയേറെ മത്സരങ്ങൾ മഴ കാരണം ഉപേക്ഷിക്കുന്നത്. തുടർന്നും മഴ ഭീഷണിയാവുമെന്ന ആശങ്ക നിലനിലനിൽക്കുന്നു.

ഐ.സി.സി. ലോകകപ്പ് ക്രിക്കറ്റ് : മഴ തുടര്‍ന്നാല്‍?

ഐ.സി.സി. ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളിൽ എല്ലാ ടീമുകൾക്കും ഒരുപോലെ ഭീഷണിയാവുകയാണ് ഇംഗ്ലണ്ടിലെ നേരം തെറ്റിപ്പെയ്യുന്ന മഴ. ഇന്നലെ നടക്കേണ്ടിയിരുന്ന ഇന്ത്യ- ന്യൂസീലൻഡ് മത്സരമാണ് ഏറ്റവുമൊടുവിൽ മഴ കാരണം ടോസ് ഇടുക പോലും ചെയ്യാതെ ഉപേക്ഷിച്ചത്.

ഇത്തവണത്തെ ലോകകപ്പിൽ ഇതുവരെ നാലു മത്സരങ്ങൾ മഴകാരണം ഉപേക്ഷിച്ചു. ഇതാദ്യമായാണ് ലോകകപ്പിൽ ഇത്രയേറെ മത്സരങ്ങൾ മഴ കാരണം ഉപേക്ഷിക്കുന്നത്. തുടർന്നും മഴ ഭീഷണിയാവുമെന്ന ആശങ്ക നിലനിലനിൽക്കുന്നു.

ഇന്ത്യ- ന്യൂസീലൻഡ് മത്സരത്തിനു പുറമേ ബംഗ്ലാദേശ്-ശ്രീലങ്ക മത്സരവും ടോസ് ചെയ്യാൻ പോലുമാവാതെയാണ് മാറ്റിവച്ചത്. പാകിസ്താൻ- ശ്രീലങ്ക, ദക്ഷിണാഫ്രിക്ക- വെസ്റ്റിൻഡീസ് എന്നിവയാണ് ഉപേക്ഷിച്ച മറ്റു മത്സരങ്ങൾ. ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മത്സരത്തിൽ 7.3 ഓവറിന് ശേഷമാണ് മഴ 'കളി' തുടങ്ങിയത്. ആദ്യ മൂന്നു മത്സരവും തോറ്റ ദക്ഷിണാഫ്രിക്കയുടെ സെമി പ്രവേശന സാദ്ധ്യത വിദൂരമാവാനും മഴ കാരണമായി.

മഴ തുടർന്നാൽ എന്തു ചെയ്യുമെന്നും ഐ.സി.സി. ചട്ടങ്ങളിൽ ഇതിനെക്കുറിച്ച് എന്താണ് പറയുന്നതെന്നുമുള്ള ചോദ്യമാണ് ആരാധകർക്കു മുന്നിലുയരുന്നത്. ഒന്നിലധികം ടീമുകൾക്ക് ഒരേ പോയിന്റായാലും സെമി ഫൈനൽ, ഫൈനൽ ദിവസങ്ങളിലും മഴ തുടർന്നാൽ എന്തുചെയ്യുമെന്നാണ് ചോദ്യം.

പ്രാഥമിക റൗണ്ട് കഴിയുമ്പോൾ ടീമുകൾക്ക് ഒരേ പോയിന്റ് നിലയാണെങ്കിൽ എത്ര മത്സരങ്ങൾ ഓരോ ടീമുകളും വിജയിച്ചു, റൺ റേറ്റ് എത്ര, പരസ്പരം ഏറ്റുമുട്ടിയ മത്സരങ്ങളിൽ ജയിച്ച ടീമേത്, സീഡ് നില എന്നീ ഘടകങ്ങൾ പരിഗണിച്ച് മുൻഗണന തീരുമാനിക്കേണ്ടിവരും. രണ്ട് ടീമുകളുടെ പോയിന്റ് നില തുല്യമാണെങ്കിൽ എത്ര മത്സരങ്ങളിൽ വിജയിച്ചു എന്നതാവും ആരാണ് മുന്നിലെന്ന് നിർണ്ണയിയിക്കാൻ ആദ്യം പരിഗണിക്കുക. പോയിന്റിനു പുറമേ വിജയിച്ച മത്സരങ്ങൾ, പരാജയപ്പെട്ട മത്സരങ്ങൾ, ഉപേക്ഷിക്കപ്പെട്ട മത്സരങ്ങൾ, സമനില എന്നിവയും ഒരുപോലെയാണെങ്കിൽ ഏത് ടീമിനാണ് മെച്ചപ്പെട്ട റൺ റേറ്റെന്ന് പരിഗണിക്കും. റൺ റേറ്റും ഒരുപോലെയാണെങ്കിലാണ് പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഏത് ടീമാണ് കൂടുതൽ തവണ ജയിച്ചതെന്ന് പരിഗണിക്കുക.

എല്ലാ മത്സരങ്ങളും ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ സീഡിങ് പരിഗണിക്കും. ലോകകപ്പ് തുടങ്ങുന്നതിനു മുമ്പുള്ള റാങ്കിങ് അനുസരിച്ച് ഐ.സി.സി സീഡിങ് തയ്യാറാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയാണ് റാങ്കിങ്ങിൽ ഒന്നാമത്. ഇന്ത്യ രണ്ടാമതും. ഓസ്‌ട്രേലിയ മൂന്നാമതും ഇംഗ്ലണ്ട് നാലാമതും ന്യൂസീലൻഡ് അഞ്ചാമതുമാണ്. പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, വെസ്റ്റിൻഡീസ് എന്നിവയാണ് ആറു മുതൽ പത്തു വരെ സ്ഥാനങ്ങളിൽ. ലീഗ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും മഴയടക്കമുള്ള കാരണങ്ങളാൽ മാറ്റി വയ്ക്കുന്ന അത്യപൂർവ്വമായ സാഹചര്യത്തിലേ സീഡിങ് പരിഗണിക്കൂ. അതനുസരിച്ച് റാങ്കിങിൽ മുകളിലുള്ള നാലു ടീമുകൾ സെമിയിൽ ഏറ്റുമുട്ടും. ഇപ്പോഴത്തെ റാങ്ക് നില പ്രകാരം ദക്ഷിണാഫ്രിക്ക- ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ- ഇന്ത്യ മത്സരങ്ങളാണ് സെമിയിൽ നടക്കുക.

സെമിയിലും ഫൈനലിലും ടീമുകൾ സമനിലയിലെത്തിയാൽ സൂപ്പർ ഓവറിലേക്ക് നീങ്ങും. മഴ ചതിച്ചാൽ പകരം മത്സരം നടത്താൻ നീക്കിവച്ച റിസർവ് ദിനത്തിലേക്ക് മാറ്റി വയ്ക്കും. സെമിയിൽ റിസർവ് ദിനത്തിലും മഴ വില്ലനായാൽ ലീഗ് ഘട്ടത്തിലെ പോയിന്റുകൾ പരിഗണിച്ച് ഫൈനൽ പ്രവേശനം തീരുമാനിക്കും. ഫൈനലിൽ റിസർവ് ദിനത്തിലും മഴ കാരണം മത്സരം മാറ്റി വയ്‌ക്കേണ്ടി വന്നാൽ ഇരു ടീമുകളും ലോകകപ്പ് പങ്കുവയ്ക്കും.

നിലവിൽ സെമിയിലും ഫൈനലിലും മാത്രമാണ് മൽസരം മുടങ്ങിപ്പോയാലും മറ്റൊരു ദിവസം നടത്തുന്നതിനാണ് റിസർവ് ദിനങ്ങൾ മാറ്റിവയ്ക്കുന്നത്. മഴകാരണം കളികൾ മുടങ്ങുന്ന സാഹചര്യത്തിൽ പ്രാഥമിക ഘട്ടത്തിലും റിസർവ് ദിനങ്ങൾ വേണമെന്ന് വിവിധ ടീമുകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംഘാടകരെ സംബന്ധിച്ച് ലീഗ് ഘട്ടത്തിൽ റിസർവ് ദിനങ്ങൾ കണ്ടെത്തുന്നത് എളുപ്പമല്ല. ടൂർണമെന്റ് നീണ്ടുപോവുന്നത് ചെലവ് അനിയന്ത്രിതമായി വർദ്ധിക്കാൻ കാരണമാവും.

ലങ്കൻ ക്യാപ്റ്റൻ ദിമുത് കരുണരത്ന, ബംഗ്ലാദേശ് കോച്ച് സ്റ്റീവ് റോഡ്സ്, ക്യാപ്റ്റൻ മുർത്തസ എന്നിവർ കൂടുതൽ റിസർവ് ദിനങ്ങൾക്കായി ആവശ്യപ്പെട്ടിരുന്നു. 'റിസർവ് ദിനം കിട്ടുകയാണെങ്കിൽ അതു നന്നായിരിക്കും. ഇത് ദൈർഘ്യമേറിയ ടൂർണ്ണമെന്റാണ്. പല വേദികളിലേക്കാണ് സഞ്ചരിക്കേണ്ടത്. അതുകൊണ്ട് അതെളുപ്പമല്ല. എന്നാലും മത്സരത്തിൽ ഫലം കിട്ടേണ്ടിയിരിക്കുന്നു. എല്ലാവർക്കും അതു നല്ലതാണ്' - കരുണ രത്ന പറഞ്ഞു. 'ടൂർണമെന്റ് സംഘാടകർക്ക് അതു വലിയ തലവേദന ആണെന്നറിയാം. എന്നാൽ വേറെ നിർവ്വാഹമില്ല. മത്സരത്തിനായി കാത്തിരിക്കുന്ന ആരാധകരും ഇതു മൂലം നിരാശരാകുന്നു' - റോഡ്സ് ചൂണ്ടിക്കാട്ടി. ഈ ആവശ്യത്തോട് അനുകൂലമായല്ല ഐ.സി.സി പ്രതികരിച്ചത്. എല്ലാ കളിക്കും റിസർവ് ദിനം അനുവദിക്കുന്നത് ടൂർണമെന്റിന്റെ ദൈർഘ്യം വർദ്ധിപ്പിക്കുമെന്നും അത് പ്രായോഗിമല്ലെന്നുമാണ് ഐ.സി.സി ചീഫ് എക്സിക്യൂട്ടീവ് ഡേവ് റിച്ചാർഡ് പ്രതികരിച്ചത്.

Read More >>