സീബ്രലൈനുണ്ടായിട്ട് ​എന്ത് കാര്യം

എന്തുകൊണ്ടാണ് നമ്മുടെ ഡ്രൈവര്‍മാര്‍ സീബ്രാലൈനുകളെ വകവയ്ക്കാത്തത്? മലപ്പുറത്തുനിന്ന് ഒരു റിപോര്‍ട്ട്‌

സീബ്രലൈനുണ്ടായിട്ട് ​എന്ത് കാര്യം

മലപ്പുറത്ത് റോഡ് മുറിച്ചു കടക്കുന്ന യാത്രക്കാരുടെ ശ്രദ്ധക്ക്. സീബ്ര ലൈനിലൂടെയാണ് റോഡ് മുറിച്ചു കടക്കുന്നതെങ്കിലും ജീവനിൽ കൊതിയുള്ളവർ ഒന്ന് നോക്കിക്കോണം. നിങ്ങളെ വകവെക്കാതെ വാഹനങ്ങൾ ചീറിപ്പാഞ്ഞെത്തും. അപകടത്തിൽ പെടും.

ജില്ലാ ആസ്ഥാനത്തെ സീബ്രലൈനുകളിലെ അവസ്ഥയാണിത്. കാൽനടക്കാരെ വകവെക്കാതെയുള്ള വാഹനങ്ങളുടെ യാത്രയും അപകടവും പതിവാവുന്നു. വാഹനയാത്രക്കാരുടെ ചീത്ത പോലും കേൾക്കേണ്ടി വരുന്നുണ്ട്. വാഹനം വരുന്നത് കണ്ടിട്ടും റോഡ് മുറിച്ചു കടക്കുന്നുവെന്നതാണ് അപ്പോൾ കാൽനടക്കാർക്കുള്ള കുറ്റം. സീബ്രലൈനുകൾ പലതും മാഞ്ഞ് തുടങ്ങിയിട്ടുമുണ്ട്. മഞ്ചേരി റോഡിലെ സീബ്രലൈൻ ഏറെക്കുറെ മാഞ്ഞിട്ടുണ്ട്. മഴ പെയ്യുന്ന സമയങ്ങളിൽ ഉള്ളതു പോലും കാണില്ല. പെരിന്തൽമണ്ണ രോഡിലെ ലൈനും തെളിച്ചമില്ലാതായിരിക്കുന്നു.

ഇവിടെ ട്രാഫിക്ക് പോലീസുകാരില്ലെങ്കിൽ വിദ്യാർത്ഥികൾക്ക് റോഡ് മുറിച്ചു കടക്കാനേ സാധിക്കില്ല. ഇതു മനസ്സിലാക്കി മലപ്പുറം ട്രാഫിക്ക് സ്റ്റേഷനിൽ നിന്ന് രാവിലേയു വൈകീട്ടും ഇവിടേക്ക് പൊലീസിനെ നിയോ​ഗിച്ചിരിക്കുകയാണ്. രാവിലെ ഒമ്പത് വരേയും വൈകീട്ടും മലപ്പുറത്ത് നിയോ​ഗിക്കപ്പെടുന്ന ട്രാഫിക്ക് പൊലീസുകാരന്റെ പ്രധാന ദൗത്യം കുട്ടികളെ റോഡ് മുറിച്ചു കടക്കാൻ സ​ഹായിക്കലാണ്.സീബ്രലൈൻ വകവെക്കാതെ കടന്നുപോവുന്ന വാഹനങ്ങൾക്കെതിരെ നടപടിയില്ലാത്തതിനാലാണ് കാൽനടക്കാർ അവ​ഗണിക്കപ്പെടുന്നത് ട്രാഫിക്ക് ഡ്യൂട്ടിക്ക് നിയോ​ഗികപ്പെടുന്ന പൊലീസുകാർ പോലും ഇതു ശ്രദ്ധിക്കാറില്ലെന്ന് ആക്ഷേപമുണ്ട്.

ജില്ലാ ആസ്ഥാനമായതിനാൽ ദിവസവും നൂറു കണക്കിന് യാത്രക്കാർ മലപ്പുറത്തെത്തുന്നുണ്ട്. അതിനാൽ രോഡ് മുറിച്ചു കടക്കുന്നവരും ഏറെയാണ്. വയോധികരും കുട്ടികളുമാണ് വാഹനങ്ങളുടെ കണ്ണില്ലായ്മയിൽ വലയുന്നത്. സീബ്ര ലൈനിൽ കയറി നിന്നാലും ഇവിടെ വാഹനങ്ങൾ നിർത്തി നൽകുന്ന പതിവില്ല. വാഹനങ്ങൾക്കിടയിലൂടെ ജീവൻ പണയപ്പെടുത്തിയാണ് ആളുകൾ റോഡ് മുറിച്ചു കടക്കുന്നത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കെത്തുന്ന നൂറു കണക്കിന് വിദ്യാർത്ഥികളും ഇതു മൂലം ദുരിതപ്പെടുന്നു.

Read More >>