ചെമ്പരിക്ക ഖാസിയുടെ മരണം: സി.ബി.ഐ വീണ്ടും അന്വേഷിക്കുന്നു

മുൻ അന്വേഷണ സംഘം തന്നെയാണ് വീണ്ടും അന്വേഷിക്കുന്നത് എന്നതിനാൽ ബന്ധുക്കളും സമരസമിതിയും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

ചെമ്പരിക്ക ഖാസിയുടെ മരണം: സി.ബി.ഐ വീണ്ടും അന്വേഷിക്കുന്നു

പണ്ഡിതനും സമസ്ത വൈസ് പ്രസിഡന്റും ചെമ്പരിക്ക-മംഗലാപുരം ഖാസിയുമായിരുന്ന സി.എം.അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിൽ സി.ബി.ഐ വീണ്ടും അന്വേഷണം നടത്തുന്നു. ഈമാസം 30ന് ശാസ്ത്രീയ പരിശോധന നടത്തുമെന്ന് കഴിഞ്ഞദിവസം കാസർകോട്ടെത്തിയ അന്വേഷണ സംഘം ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം മുൻ അന്വേഷണ സംഘം തന്നെയാണ് വീണ്ടും അന്വേഷിക്കുന്നത് എന്നതിനാൽ ബന്ധുക്കളും സമരസമിതിയും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

രണ്ടു തവണകളിലായി കേസ് അന്വേഷിച്ച സി.ബി.ഐ ഡി.വൈ.എസ്.പി കെ.ജെ.ഡാർവിൻ, ഇൻസ്‌പെക്ടർ ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞദിവസം മൂന്നാംവട്ട അന്വേഷണത്തിന്റെ മുന്നോടിയായി കാസർകോട്ടെത്തിയത്. ഹൈക്കോടതി നിർദേശപ്രകാരം ജൂൺ 30ന് ശാസ്ത്രീയ പരിശോധന നടത്തുമെന്ന് ഡി.വൈ.എസ്.പി അറിയിച്ചു. ഇതു സംബന്ധിച്ച് ഖാസിയുടെ ചെമ്പരിക്കയിലെ വീട്ടിലെത്തി അേന്വഷണ ഉദ്ധ്യോഗസ്ഥർ ബന്ധുക്കളുടെ സഹകരണമാവശ്യപ്പെട്ടു. ഖാസിയുടെ വടിയും കണ്ണടയും ചെരിപ്പും കണ്ടെത്തിയ കടുക്കകല്ലിലേക്ക് ശാരീരിക അവശതയുണ്ടായിരുന്ന ഖാസി എങ്ങനെ എത്തിപ്പെട്ടു, ഖാസിയുടെ മാനസിക അവസ്ഥ അപഗ്രഥനം ചെയ്യുന്നതിന് സൈക്കോളോജിക്കൽ ഒട്ടോക്‌സി എന്ന ശാസ്ത്രീയ പരിശോധന, സാധാരണ ഖാസിയുടെ ഭാര്യ പുലർച്ചെ സുബ്ഹി നിസ്‌കാരത്തിന് എഴുന്നേൽക്കാറുണ്ട്. എന്നാൽ സംഭവം നടന്ന ദിവസം ഉണർന്നത് വൈകി.

ഇതിനു എന്തെങ്കിലും ബാഹ്യ ഇടപെടലുണ്ടായൊ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണമെന്ന് എറണാക്കുളം ചീഫ് മജിസ്‌ട്രേറ്റ് കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു സംശയകരമായ ചില കാര്യങ്ങളും ശാസ്ത്രീയ പരിശോധിക്കണമെന്ന കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ സംഘം വീണ്ടും 30ന് കാസർകോട്ടെത്തുന്നത്. ഇതു സംബന്ധിച്ച് ആക്ഷൻ കമ്മിറ്റി കാസർകോട് നടത്തി വരുന്ന സത്യാഗ്രഹ സമരം ആറു മാസം പിന്നിടുകയാണ്.