പ്രതിരോധ കുത്തിവയ്പ്പില്‍ വിശ്വാസം നഷ്ടപ്പെട്ട് യൂറോപ്പ്

പ്രതിരോധ കുത്തിവയ്പിനോട് മുഖം തിരിക്കുന്നവര്‍ കൂടുതല്‍ ഫ്രാന്‍സില്‍

പ്രതിരോധ കുത്തിവയ്പ്പില്‍ വിശ്വാസം നഷ്ടപ്പെട്ട് യൂറോപ്പ്

യൂറോപ്പിലെ ജനങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പിനോട് വിശ്വാസ്യത നഷ്ടമാകുന്നതായി പഠനം. പടിഞ്ഞാറൻ യൂറോപ്പിൽ 59 ശതമാനവും കിഴക്കൻ യൂറോപ്പിൽ 50 ശതമാനവും മാത്രമാണ് പ്രതിരോധ കുത്തിവയ്പ്പ് സുരക്ഷിതമാണെന്ന് വിശ്വസിക്കുന്നതെന്ന് പഠനം പറയുന്നു. വെൽകം ഗ്ലോബൽ മോണിറ്റർ സർവേയാണ് പഠനം നടത്തിയത്.

ലോകത്ത് ആകെ 84 ശതമാനം പേർ പ്രതിരോധ കുത്തിവയ്പ്പ് സുരക്ഷിതമാണെന്ന് സമ്മതിക്കുന്നു. 92 ശതമാനം പേരും തങ്ങളുട കുട്ടികൾ പ്രതിരോധ കുത്തിവയ്പ്പ് എടുത്തതായി പറയുന്നു. എന്നാൽ, മികച്ച ആരോഗ്യ പരിപാലനവും വിദ്യാഭ്യാസ രീതിയുമുണ്ടായിരുന്നിട്ടും യൂറോപ്പിന്റെ പല ഭാഗത്തും പ്രതിരോധ കുത്തിവയ്പ്പ് വിശ്വസിക്കാത്തവരാണ് ഭൂരിഭാഗവും. ഫ്രാൻസിലാണ് എറ്റവും കൂടുതൽ പ്രതിരോധ കുത്തിവയ്പ്പിനെ എതിർക്കുന്നവരുള്ളത്. 33 ശതമാനമാണ് ഇവിടുത്തെ കണക്ക്.

പ്രതിരോധ കുത്തിവയ്പ്പിനോട് വൈമുഖ്യം കാണിക്കുന്നതിൽ സാമൂഹ്യമാദ്ധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപിക്കൽ മെഡിസിനിലെ വാക്‌സിൻ കോൺഫിഡൻസ് പ്രൊജക്ട് ഡയറക്ടർ ഡോ. ഹീദി ലാർസൺ പറഞ്ഞു. യു.കെ ആണ് പ്രതിരോധ കുത്തിവയ്പ്പിനോട് ഏറ്റവും കൂടുതൽ അനുകൂല സമീപനം സ്വീകരിക്കുന്ന യൂറോപ്യൻ രാജ്യം.

ജനങ്ങൾക്ക് ശാസ്ത്രത്തോടുള്ള വിശ്വാസം അവരുടെ സംസ്‌ക്കാരം, ജീവിത സാഹചര്യം തുടങ്ങിയവയെ അപേക്ഷിച്ചിരിക്കുന്നുവെന്ന് വെൽകം മേധാവി ഇമ്രാൻ ഖാൻ പറഞ്ഞു. ശാസ്ത്രത്തിന്റെ ഗുണം എല്ലാവർക്കും കിട്ടണമെങ്കിൽ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. '

ലോകത്താകമാനം ജനസംഖ്യ ദിനംപ്രതി വർദ്ധിച്ചുവരികയാണ്. അതുപോലെ തന്നെ പ്രതിരോധ കുത്തിവയ്പ്പിനോടുള്ള വിശ്വാസവും തകർന്നുകൊണ്ടിരിക്കുന്നു. അത് വലിയ ആരോഗ്യ പ്രശ്‌നത്തിലേക്കാണ് നമ്മെ കൊണ്ടുപോകുന്നത്.'- ഇമ്രാൻ ഖാൻ പറഞ്ഞു.

Read More >>