ആരുടേയും പിതൃസ്വത്തല്ല ഹിന്ദുസ്ഥാൻ; ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് മഹുവ മൊയ്ത്ര

ബി.ജെ.പി സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച മൊയ് ത്ര ഫാസിസത്തിന്റെ ഏഴ് ലക്ഷണങ്ങൾ ചൂണ്ടിക്കാട്ടി. രാജ്യം തകർക്കപ്പെടുന്നതിന്റെയും ഭിന്നിക്കപ്പെടുന്നതിന്റെയും ലക്ഷണങ്ങളാണിവയെന്ന് അവർ പറഞ്ഞു.

ആരുടേയും പിതൃസ്വത്തല്ല ഹിന്ദുസ്ഥാൻ; ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് മഹുവ മൊയ്ത്ര

പാർലമെന്റിലെ കന്നി പ്രസംഗത്തിൽ കയ്യടി നേടി തൃണമൂൽ എം.പി മഹുവ മൊയ് ത്ര. ബി.ജെ.പി സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച മൊയ് ത്ര ഫാസിസത്തിന്റെ ഏഴ് ലക്ഷണങ്ങൾ ചൂണ്ടിക്കാട്ടി. രാജ്യം തകർക്കപ്പെടുന്നതിന്റെയും ഭിന്നിക്കപ്പെടുന്നതിന്റെയും ലക്ഷണങ്ങളാണിവയെന്ന് അവർ പറഞ്ഞു. അമേരിക്കയിലെ ഹോളോകോസ്റ്റ് മെമ്മോറിയൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന പോസ്റ്ററിലെ ഫാസിസത്തിന്റെ ഏഴു ലക്ഷണങ്ങളാണ് അവർ ചൂണ്ടി കാട്ടിയത്. നിങ്ങൾക്ക് മൃഗീയ ഭൂരിപക്ഷമുള്ള പാർലമെൻറ് ആണെങ്കിലും വിയോജിപ്പിന്റെ ശബ്ദം കേൾക്കാൻ തയ്യാറാവണമെന്ന് പറഞ്ഞ് കൊണ്ടാണ് അവർ പ്രസംഗം ആരംഭിച്ചത്.

ദേശീയത

ജനങ്ങളെ ഒന്നിപ്പിക്കേണ്ടതാണ് ദേശീയബോധം. പക്ഷേ, അവരെ വിഭജിക്കുന്ന ഒരു ദേശീയതയിലേക്കാണ് നിങ്ങൾ രാജ്യത്തെ കൊണ്ട് പോകുന്നത്. ഭ്രാന്തവും അപകടകരവുമായ ഒരു ദേശീയതാ വാദത്തിലേക്ക് രാജ്യം പോവുകയാണ്. പൗരന്മാരെ വീടുകളിൽ നിന്നു പുറത്താക്കി, അവരെ അനധികൃത കുടിയേറ്റക്കാരെന്നു വിളിക്കുന്നു. 50 വർഷമായി രാജ്യത്തു ജീവിക്കുന്നവർ തങ്ങൾ ഇന്ത്യക്കാരാണെന്നു തെളിയിക്കാൻ ഒരു കഷ്ണം പേപ്പർ കാണിക്കേണ്ട അവസ്ഥയിലാണ്. എന്നാൽ സ്വന്തം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കാണിക്കാത്ത മന്ത്രിമാരുള്ള രാജ്യത്താണ് ജനങ്ങൾ ഇതു ചെയ്യേണ്ടിവരുന്നത്.'- മോദിയെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയും ലക്ഷ്യം വച്ച് മഹുവ പറഞ്ഞു.

മനുഷ്യാവകാശ ലംഘനം

രണ്ടാമത്തെ ലക്ഷണം മനുഷ്യാവകാശ ലംഘനങ്ങളാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പേരിലുള്ള കുറ്റകൃത്യങ്ങൾ നാലുമടങ്ങ് കൂടി. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട പെഹ്ലു ഖാൻ മുതൽ ഇന്നലെ കൊല്ലപ്പെട്ട തബ്രീസ് അൻസാരി വരെയുള്ള മനുഷ്യരെ ഓർക്കണം. ആ പട്ടിക തുടർന്ന് കൊണ്ടേയിരിക്കുകയാണ്.

മാദ്ധ്യമങ്ങളുടെ നിയന്ത്രണം

സങ്കൽപ്പിക്കാനാവത്ത വിധം മാദ്ധ്യമങ്ങളുടെ വിധേയത്വവും നിയന്ത്രണവും ഇന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ അഞ്ചു മാദ്ധ്യമസ്ഥാപനങ്ങൾ നിയന്ത്രിക്കുന്നത് ഒരാളാണ് (പരോക്ഷമായോ പ്രത്യക്ഷമായോ). ഭരണകക്ഷിയുടെ പ്രചാരണത്തിനു വേണ്ടിയാണ് ടെലിവിഷൻ ചാനലുകൾ പ്രവർത്തിക്കുന്നത്. പ്രതിപക്ഷത്തിനു എയർടൈ ലഭിക്കുന്നില്ല.

ദേശീയസുരക്ഷ

ദേശീയ സുരക്ഷയും ശത്രുക്കളെ തീരുമാനിക്കുന്നതിനും അമിത പ്രധാന്യം നൽകുന്നു. ഒരു അജ്ഞാതനായ ശത്രുവുണ്ടെന്നു പറഞ്ഞ് ദേശീയ സുരക്ഷയുടെ പേരിൽ ഉപദ്രവിക്കുന്നു. സൈനിക നേട്ടങ്ങൾ പോലും ചിലപ്പോൾ ഒരാളിലേക്കു ചുരുങ്ങുന്നുവെന്ന് മോദിയെ ലക്ഷ്യംവെച്ച് അവർ പറഞ്ഞു. അതേസമയം ഭീകരാക്രമണങ്ങൾ വർദ്ധിക്കുന്നു.

മതം

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സർക്കാരും ഒരു മതവും തമ്മിൽ കൂടി പിണഞ്ഞു കിടക്കുന്നത്. ഇന്ത്യ നിലനിൽക്കുന്ന 80 ഏക്കറിനേക്കാൾ രാമജന്മഭൂമിയുടെ 2.77 ഏക്കറിലാണ് പാർലമെന്റംഗങ്ങളുടെ ആശങ്കയെന്ന് അവർ പരിഹസിച്ചു.

കലകളോടുള്ള വിദ്വേഷം

ബുദ്ധീജിവികളോടും കലയോടുമുള്ള വെറുപ്പാണ് ആറാമത്തെ പ്രശ്നം.ഇതാണ് ഏറ്റവും അപകടകരവും. വിയോജിപ്പിനെ അടിച്ചമർത്തുന്നത് വർദ്ധിച്ചു. വിശാലമായ പുരോഗമന വിദ്യാഭ്യാസത്തിന്റെ, ശാസ്ത്ര പഠനത്തിന്റെ ഫണ്ട് കുറച്ചു.ഇന്ത്യയെ കറുത്തകാലത്തേക്കു തള്ളിവിടുകയാണ്. സെക്കൻഡറി സ്‌കൂൾ പാഠപുസ്തകങ്ങളിൽ കൃത്രിമം കാണിക്കുന്നു. ചോദ്യംചോദിക്കുന്നതിനെ നിങ്ങൾ ഇഷ്ടപ്പെടുന്നില്ല.

തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു

തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സ്വാതന്ത്ര്യം ചോർന്നുപോയതാണ് ഫാസിസത്തിന്റെ അവസാനസൂചകം. പ്രധാന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ചു. തെരഞ്ഞെടുപ്പിന് ചെലവാക്കിയ 60000 കോടിയിൽ 27000 കോടിയും (48 ശതമാനം)ബി.ജെ.പി മാത്രമാണ് ചെലവാക്കിയത്. കർഷകരുടെ പ്രശ്‌നങ്ങളോ തൊഴിലില്ലായ്മയോ അല്ല വ്യാജ വാർത്തകളും വാട്‌സാപ്പ് ഫേക്കുകളും കൊണ്ടാണ് ബി.ജെ.പി ജയിച്ചതെന്നും അവർ ആരോപിച്ചു.

രാജ്യത്തെ ഭരണഘടന ഉയർത്തിപ്പിടിക്കണോ അതോ അതിന്റെ ശവമടക്കിന് കാർമ്മികത്വം വഹിക്കണോ? എന്ന ചോദ്യവും പാർലമെൻറ് അംഗങ്ങളോടായി മൊയ് ത്ര ചോദിച്ചു.

'സഭീ കാ ഖൂൻ ഹേ ശാമിൽ യഹാ കാ മിട്ടീ മേ .. കിസീ കാ ബാപ് കാ ഹിന്ദുസ്ഥാൻ തോഡീ ഹേ..'(എല്ലാ വിഭാഗം ജനങ്ങളുടേയും രക്തകണങ്ങൾ ഈ മണ്ണിലുണ്ട്, ആരുടേയും പിതൃ സ്വത്തല്ല ഈ ഹിന്ദുസ്ഥാൻ) എന്ന കവിത കൂടി ചൊല്ലിയാണ് മൊയ് ത്ര തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

Read More >>