മുലപ്പാല്‍ ബാങ്ക് ഇനി കേരളത്തിലും

കേരളത്തിൽ ആദ്യമായി എറണാകുളം ജനറൽ ആശുപത്രിയിലും തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലുമാണ് മുലപ്പാൽ ബാങ്കുകൾ ആരംഭിക്കുന്നത്.

മുലപ്പാല്‍ ബാങ്ക് ഇനി കേരളത്തിലും

നവജാത ശിശുക്കൾക്ക് പാലൂട്ടാൻ ഇനി മുലപ്പാൽ ബാങ്കും. കേരളത്തിൽ ആദ്യമായി എറണാകുളം ജനറൽ ആശുപത്രിയിലും തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലുമാണ് മുലപ്പാൽ ബാങ്കുകൾ ആരംഭിക്കുന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും (ഐഎംഎ) റോട്ടറി ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടപ്പാക്കുന്ന മുലപ്പാൽ ബാങ്ക് ഓഗസ്റ്റിൽ പ്രവർത്തനം ആരംഭിക്കും. അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ പല ആശുപത്രികളിലും ഇത് പ്രവർത്തിക്കുന്നുണ്ടെങ്കിലും മനുഷ്യ പാൽ ബാങ്ക് എന്ന ആശയം കേരളത്തിന് പുതിയതാണ്. നവജാതശിശു യൂണിറ്റുകളിൽ ഉയർന്ന അപകടസാധ്യതയുള്ള ശിശുക്കൾക്ക് ദാതാക്കളുടെ പാൽ നൽകാനാണ് ഇത്തരം ബാങ്കുകൾ പ്രധാനമായും ശ്രദ്ധിക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു. പ്രസവശേഷം മുലയൂട്ടാൻ കഴിയാത്ത അമ്മമാരെയും ശിശുക്കളെയും സഹായിക്കാൻ നെക്റ്റർ ഓഫ് ലൈഫ്' എന്നു പേരിട്ട ഈ പദ്ധതിയിലൂടെ സാധിക്കും. എറണാകുളം ജനറൽ ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തിലായിരിക്കും ബാങ്ക് പ്രവർത്തിക്കുക. ശേഖരിച്ച മുലപ്പാൽ പാസ്ചറൈസ് ചെയ്ത ശേഷം മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പിച്ചു റഫ്രിജറേറ്ററിൽ സൂക്ഷിക്കും. ഇത് ആറു മാസം വരെ കേടാകില്ല. ആവശ്യത്തിന് അനുസരിച്ച് നവജാത ശിശുക്കൾക്കു പാൽ ലഭ്യമാക്കും. പ്രസവത്തോടെ അമ്മ മരിച്ച നവജാത ശിശുക്കൾ, മാസം തികയാതെ പിറന്ന കുഞ്ഞുങ്ങൾ, ചികിത്സയിലുള്ള കുട്ടികൾ തുടങ്ങിയവർക്ക് ബാങ്കിൽ നിന്നു പാൽ ലഭ്യമാക്കും. മുലയൂട്ടാൻ കഴിയാത്ത അമ്മമാർക്ക് മുലപ്പാൽ ബാങ്കിലേക്കു നൽകുകയും ചെയ്യാം.

ഓഗസ്റ്റ് 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരത്തിൽ പദ്ധതി തുടങ്ങുമെന്ന് റോട്ടറി ഡിസ്ട്രിക്ട് 3201 നിയുക്ത ഗവർണർ ആർ. മാധവ് ചന്ദ്രൻ പറഞ്ഞു. മുലപ്പാൽ ബാങ്കിനെ കുറിച്ച് അമ്മമാർക്കിടയിൽ ബോധവൽക്കരണ പ്രചാരണം നടത്താൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂണിറ്റ് സജ്ജമാക്കാൻ 30–35 ലക്ഷം രൂപ ചെലവു വരും. കേരളത്തിലെ 2 കേന്ദ്രങ്ങൾക്കു പുറമേ, കൊളംബോ സർക്കാർ മെഡിക്കൽ കോളജിലും റോട്ടറി മുലപ്പാൽ ബാങ്ക് ആരംഭിക്കും. കോയമ്പത്തൂർ മെഡിക്കൽ കോളജിൽ നിലവിലുള്ള ബാങ്ക് നവീകരിക്കും. ഏഷ്യയിൽ ആദ്യമായി മുലപ്പാൽ ബാങ്ക് ആരംഭിച്ചത് 1989ൽ മുംബൈയിലാണ്.

ആർക്കൊക്കെ ദാനം ചെയ്യാം?

HIV, VDRL എന്നിവ നെഗറ്റീവ് ആയിട്ടുള്ള, പാലിന്റെ ഗുണത്തെ ബാധിക്കുന്ന വീര്യമുള്ള മരുന്നുകൾ കഴിക്കാത്ത, ഹെപ്പറ്റൈറ്റിസ് ബാധയില്ലാത്ത ആരോഗ്യവതികളായ ഏതൊരമ്മമാർക്കും തങ്ങളുടെ കുഞ്ഞുങ്ങളെ ഊട്ടിയ ശേഷം ആശുപത്രികളുമായി ബന്ധപ്പെടുത്തി സജ്ജീകരിക്കുന്ന ബാങ്കുകളിലേക്ക് മുലപ്പാൽ ദാനം ചെയ്യാം. അതേ ആശുപത്രികളിലെയോ അല്ലെങ്കിൽ അടുത്തുള്ള മറ്റ് ആശുപത്രികളിലെയോ നിയോനേറ്റൽ ഐ.സിയുകളിൽ കഴിയുന്ന കുഞ്ഞുങ്ങൾക്ക് അത് നൽകാം.

Read More >>