മോദിക്ക് വോട്ട് ചെയ്തിട്ട് എന്നോട് ചോദിക്കുന്നോ? സമരക്കാരോട് പൊട്ടിത്തെറിച്ച് കര്‍ണാടക മുഖ്യമന്ത്രി

തൊഴിലാളികളുമായി തര്‍ക്കിക്കുന്ന വീഡിയോ മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്തതോടെ വിവിധ രാഷ്ട്രീയകക്ഷികള്‍ മുഖ്യമന്ത്രിയുടെ നടപടിയെ അപലപിച്ചു.

മോദിക്ക് വോട്ട് ചെയ്തിട്ട് എന്നോട് ചോദിക്കുന്നോ? സമരക്കാരോട് പൊട്ടിത്തെറിച്ച് കര്‍ണാടക മുഖ്യമന്ത്രി

റെയ്ച്ചൂരില്‍ സമരം ചെയ്യുന്ന ശമ്പളം മുടങ്ങിയ തൊഴിലാളികളോട് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി പൊട്ടിത്തെറിച്ചു. മോദിക്ക് വോട്ട് ചെയ്തിട്ട് എന്നോട് ചോദിക്കുന്നോ എന്നായിരുന്നു പ്രശ്‌നങ്ങളുമായി സമീപിച്ച തൊഴിലാളികളോട് മുഖ്യമന്ത്രി ചോദിച്ചത്.

യെരമരുസ് താപനിലയത്തിലെയും ഹുട്ടി സ്വര്‍ണഖനിയിലെയും തൊഴിലാളികളോടാണ് മുഖ്യമന്ത്രി പൊട്ടിത്തെറിച്ചത്. തൊഴിലാളികളുമായി തര്‍ക്കിക്കുന്ന വീഡിയോ മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്തതോടെ വിവിധ രാഷ്ട്രീയകക്ഷികള്‍ മുഖ്യമന്ത്രിയുടെ നടപടിയെ അപലപിച്ചു.

താപനിലയത്തിലെയും ഖനിയിലെയും തൊഴിലാളികള്‍ വില്ലേജ് സ്റ്റേ പരിപാടിയില്‍ സംബന്ധിക്കാനുള്ള യാത്രയിലായിരുന്ന മന്ത്രിയുടെ ബസ് കൈകാണിച്ചു നിര്‍ത്തുകയായിരുന്നു. കാര്യം തിരക്കിയ തൊഴിലാളികളോട് മോദിക്ക് വോട്ട് ചെയ്തിട്ട് എന്നോട് എന്തിനു ചോദിക്കണമെന്ന് മന്ത്രി ദേഷ്യപ്പെട്ടു. വീണ്ടും സംസാരിച്ച തൊഴിലാളികളോട് ഞാന്‍ പോലിസിനെ വിളിച്ച് ലാത്തിച്ചാര്‍ജ്ജ് ചെയ്യിക്കണോ എന്നും മന്ത്രി ഭീഷണി മുഴക്കി.

താപനിലയത്തിലെ 748 തൊഴിലാളികള്‍ക്ക് കഴിഞ്ഞ 14 മാസമായി ശമ്പളം ലഭിച്ചിട്ടില്ല. തുടര്‍ന്നാണ് അവര്‍ മുഖ്യമന്ത്രിയെ ഘരാവോ ചെയ്യാന്‍ തീരുമാനിച്ചത്. തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് രമ്യമായ പരിഹാരം ഉണ്ടാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി തൊഴിലാളിനേതാക്കള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ബിജെപി നേതാക്കള്‍ മുഖ്യമന്ത്രിയുടെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി. ആരാണ് കുമാരസ്വാമിയോട് മുഖ്യമന്ത്രിയാവാന്‍ ആവശ്യപ്പെട്ടതെന്ന് ബിജെപി എംഎല്‍എ അരവിന്ദ് ലിംബവാലി ചോദിച്ചു. ഇങ്ങനെ ചോദിക്കുന്നയാള്‍ ഒന്നിനും കൊള്ളാവത്തവനാണെന്നും അദ്ദേഹം പറഞ്ഞു.

Read More >>