വിജയ നിർമ്മല; വനിതാ സംവിധായകരുടെ ആദ്യ പാഠം

ഭാർഗവി നിലയത്തിലെ വെള്ളസാരിയണിഞ്ഞ യക്ഷി, മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായിക ഇങ്ങനെ വിശേഷണങ്ങള്‍ നിരവധിയാണ് വിജയ നിര്‍മ്മലയ്ക്ക്‌

പ്രേംനസീർ നായകനായ പ്രേതചിത്രം ഭാർഗവി നിലയത്തിലെ വെള്ളസാരിയണിഞ്ഞ യക്ഷി അന്ന പലരുടേയും ഒരു പേടി സ്വപ്‌നമായിരുന്നു. മലയാള സിനിമയിൽ പ്രേതകഥാപാത്രമായെത്തിയ താരമാണ് വിജയ നിർമ്മല.ഏറ്റവും കൂടുതൽ സിനിമ സംവിധാനം ചെയ്ത വനിത എന്ന ഗിന്നസ് റിക്കാർഡിന് ഉടമ, അതായിരുന്നു നടിയും സംവിധായികയുമായ വിജയ നിർമ്മലയുടെ പ്രശസ്തി. മാത്രമല്ല മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായിക എന്ന നേട്ടവും ഇവരുടെ പേരിലാണ്. ചലച്ചിത്ര മേഖലയിൽ വിപ്ലവം തീർത്ത സിനിമാപ്രവർത്തകയാണ് വിജയ നിർമല. അഭിനേത്രി എന്നതിലുപരി വ്യത്യസ്ത ഭാഷകളിലായി 47 ചിത്രങ്ങളാണ് ഇവർ സംവിധാനം ചെയ്തത്. 25 ഓളം മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ ജനിച്ച വിജയ നിർമല തമിഴ് ചിത്രമായ മച്ചാ രേഖൈ (1950) എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഫിലിം പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന പിതാവ് വഴിയാണ് സിനിമയിൽ എത്തുന്നത്. അന്ന് ഏഴ് വയസ് മാത്രമായിരുന്നു പ്രായം. പിന്നീട് തെലുങ്കിലെ ഹിറ്റ് ചിത്രങ്ങളിലെ സ്ഥിരം നായികയായി വിജയ നിർമല. 1964ൽ എ. വിൻസന്റ് സംവിധാനം ചെയ്ത പ്രേംനസീറിനൊപ്പം ഭാർഗവി നിലയം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ഭാർഗവി എന്ന യക്ഷി കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി. മധു, പ്രേം നസീർ എന്നിവരായിരുന്നു നായകൻമാർ.റോസി, കല്യാണ രാത്രിയിൽ, പോസ്റ്റുമാനെ കാണാനില്ല, ഉദ്യോഗസ്ഥ, നിശാഗന്ധി, പൊന്നാപുരം കോട്ട, കവിത, ദുർഗ, കേളനും കളക്ടറും തുടങ്ങിയവയാണ് വിജയയുടെ മലയാള ചിത്രങ്ങൾ. 1967ൽ പി വേണു സംവിധാനം ചെയ്ത 'ഉദ്യോഗസ്ഥ' എന്ന ചിത്രത്തിലും പ്രേം നസീറിന്റെ നായികയായി.

1971 ൽ മീന എന്ന ചിത്രം ഒരുക്കി കൊണ്ടാണ് വിജയ നിർമല സംവിധാന രംഗത്ത് ചുവടു വയ്ക്കുന്നത്. പിന്നീട് ഐ.വി ശശിയുടെ സഹായത്തോടെ കവിത എന്ന ചിത്രം പുറത്തിറങ്ങി. ആദ്യം വിവാഹം ചെയ്ത കൃഷ്ണമൂർത്തിയിൽ വിജയയ്ക്ക് നരേഷ് എന്നൊരു മകനുണ്ട്. പിന്നീട് അഭിനേതാവ് കൃഷ്ണ ഘട്ടമേനയുമായി വിവാഹം കഴിഞ്ഞു. ഇരുവരും 47 ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. തമിഴിലും മലയാളത്തിലും 25 സിനിമകളിൽ വീതം അഭിനയിച്ച വിജയ തെലുങ്കിൽ 150ൽ അധികം ചിത്രങ്ങളിലും അഭിനയിച്ചു.

Read More >>