ദുബൈ ബസ്സപകടം: എന്റെ പിഴ: ബസ് ഡ്രൈവർ

കടുത്ത വെയിലിനെ ചെറുക്കാൻ താഴ്ത്തിവെച്ച സൺ ഷെയ്ഡ് കാരണം മുന്നറിയിപ്പ് ബോർഡുകൾ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് ചൊവ്വാഴ്ച ദുബൈ ട്രാഫിക് കോടതിയിൽ ഒമാൻ സ്വദേശിയായ ഡ്രൈവർ മൊഴി നൽകി.

ദുബൈ ബസ്സപകടം: എന്റെ പിഴ: ബസ് ഡ്രൈവർ

12 ഇന്ത്യക്കാരുൾപ്പെടെ 17 പേരുടെ മരണത്തിനിടയാക്കിയ ദുബൈയിലെ ബസ്സപകടത്തിന് കാരണം അശ്രദ്ധയായിരുന്നെന്ന് ഡ്രൈവറുടെ മൊഴി. കടുത്ത വെയിലിനെ ചെറുക്കാൻ താഴ്ത്തിവെച്ച സൺ ഷെയ്ഡ് കാരണം മുന്നറിയിപ്പ് ബോർഡുകൾ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് ചൊവ്വാഴ്ച ദുബൈ ട്രാഫിക് കോടതിയിൽ ഒമാൻ സ്വദേശിയായ ഡ്രൈവർ മൊഴി നൽകി. ജൂൺ ആറിന് മൊഹമ്മദ് ബിൻ സായിദ് റോഡിൽ റാഷിദിയയിൽ വെച്ചായിരുന്നു ദുബൈയെ നടുക്കിയ ദുരന്തം സംഭവിച്ചത്.

റാഷിദിയ മെട്രോ സ്റ്റേഷനിലേക്ക് വലിയ വാഹനങ്ങൾക്ക് പ്രവേശിക്കാൻ വിലക്കുള്ള റോഡിലേക്കാണ് അതിവേഗം ബസ് പ്രവേശിപ്പിച്ചത്. മുന്നറിയിപ്പ് ബോർഡുള്ളത് സൺ ഷെയ്ഡ് കാരണം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് ഡ്രൈവർ പറഞ്ഞതായി ട്രാഫിക് പ്രോസിക്യൂഷൻ ഡയറക്ടർ സലാ ബു ഫറൂഷ അൽ ഫെലാസി പറഞ്ഞു.

പലതവണ ഈ റൂട്ടിൽ ബസ് ഓടിച്ചുള്ള പരിചയം അമ്പത്തിമൂന്നുകാരനായ ഡ്രൈവർക്കുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗംമാത്രം അനുവദിച്ച ഈ റോഡിൽ പക്ഷേ, അന്ന് ബസ് വന്നത് 94 കിലോമീറ്റർ വേഗത്തിലായിരുന്നു. അപകടം മുന്നിലെത്തിയപ്പോൾ പെട്ടെന്ന് ബസ് നിർത്താനും ഇതുകാരണം സാധിച്ചില്ല. കഴിഞ്ഞ പത്തുവർഷത്തിനിടെ ഈ റോഡിൽ ഒരു അപകടം പോലും നടന്നിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് ഡ്രൈവർക്കും കാണാനാവുന്ന വിധത്തിൽതന്നെയാണ് ദിശാബോർഡുകളുള്ളത്. അത് കണ്ടില്ലെന്നത് ഡ്രൈവറുടെ അശ്രദ്ധ കൊണ്ടുമാത്രം സംഭവിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ കേസിന്റെ അടുത്ത വിചാരണ നടക്കുന്ന ജൂലായ് ഒമ്പത് വരെ പ്രതിയായ ഡ്രൈവർക്ക് ജാമ്യം നൽകണമെന്ന അഭിഭാഷകന്റെ ആവശ്യം ജഡ്ജി തള്ളി. കൂട്ടമരണത്തിന് ഉത്തരവാദിയെന്ന നിലയിൽ ഡ്രൈവർക്ക് ഏഴ് വർഷം തടവും മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരമായി 34 ലക്ഷം ദിർഹം ഡ്രൈവറിൽ നിന്ന് ഈടാക്കണമെന്നും പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസത്തെ വിചാരണ വേളയിൽ ആവശ്യപ്പെട്ടിരുന്നു.

Read More >>