ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിലെത്തി

ആഗ്ര, അലിഗഡ് എന്നിവടങ്ങളിലുള്ളവരാണ് ആദ്യ സംഘത്തിലുണ്ടായിരുന്നത്.

ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിലെത്തി

ഫസിലുറഹ്മാന്‍ പുറങ്ങ്

ഇന്ത്യയില്‍ നിന്നുള്ള ആദ്യ തീര്‍ത്ഥാടക സംഘം മദീനയിലെത്തി. സൗദി സമയം പുലര്‍ച്ചെ 3:30 നാണ് എയര്‍ ഇന്ത്യയുടെ എ.ഐ 5001 വിമാനത്തില്‍ 419 തീര്‍ത്ഥാടകരടങ്ങുന്ന സംഘം മദീന എയര്‍പോര്‍ട്ടില്‍ എത്തിയത്.

ഇന്ത്യന്‍ അംബാസഡര്‍ ഡോ: ഔസാഫ് സഈദ്, ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശെഖ്, ഹജ്ജ് കോണ്‍സുലര്‍ യൂം ഖൈര്‍ സാബിര്‍ തുടങ്ങിയവരും മദീന എയര്‍പോര്‍ട്ട് അതോറിറ്റി സുരക്ഷാഉദ്യോഗസ്ഥര്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍ എന്നിവരും ചേര്‍ന്ന് തീര്‍ത്ഥാടക സംഘത്തെ സ്വീകരിച്ചു.

ആഗ്ര, അലിഗഡ് എന്നിവടങ്ങളിലുള്ളവരാണ് ആദ്യ സംഘത്തിലുണ്ടായിരുന്നത്. പുണ്യഭൂമിയായ മദീനയില്‍ വന്നിറങ്ങാന്‍ കഴിഞ്ഞത് വലിയ അനുഗ്രഹമായി കാണുന്നുവെന്ന് ആദ്യമായി പുറത്തിറങ്ങിയ മുഹമ്മദ് ഫര്‍ഹാന്‍, നസ്രീന്‍ ബീഗം എന്നീ ദമ്പതിമാര്‍ പ്രതികരിച്ചു. ഇന്ന് മാത്രം 10 വിമാനങ്ങളിലായി ഏകദേശം മുവായിരത്തോളം ഇന്ത്യന്‍ ഹാജിമാര്‍ മദീയിലെത്തും.

എയര്‍പോര്‍ട്ട് അതോറിറ്റി പനിനീര്‍പൂവും മറ്റു ഉപഹാരങ്ങളും നല്‍കി സ്വീകരിച്ചപ്പോള്‍ മദീനയിലെ മലയാളി സംഘടനകളായ കെ.എം.സി.സി, ഹജ്ജ് വെല്‍ഫയര്‍ ഫോറം എന്നീ സംഘടനകളുടെ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്ന നൂറോളം പ്രവര്‍ത്തകര്‍ മധുരവും ഈത്തപ്പഴവും നല്‍കിയാണ് വരവേറ്റത്.

മസ്ജിദ് നബവിക്കടുത്തുള്ള മര്‍ക്കസിയയിലുള്ള ഒ.ഡി.എസ്.ടി എന്ന ഹോട്ടലില്‍ ആണ് ഇവര്‍ക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. ഒരാഴ്ചത്തെ മദീന സന്ദര്‍ശനത്തിന് ശേഷം ബസ് മാര്‍ഗ്ഗം മക്കയിലേക്ക് യാത്ര തിരിക്കും.

Read More >>