അവഗണനക്കൊടുവില്‍ അമ്പട്ടി റായിഡു വിരമിച്ചു

ലോകകപ്പിലെ ആദ്യ 15 അംഗ ടീമിൽ റായിഡുവിനെ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് ശിഖർ ധവാനും വിജയ് ശങ്കറും പരിക്കേറ്റ് പുറത്തായിട്ടും പകരക്കാരനായിട്ടും അദ്ദേഹത്തെ ടീമിലേക്ക് വിളിച്ചിരുന്നില്ല.

അവഗണനക്കൊടുവില്‍ അമ്പട്ടി റായിഡു  വിരമിച്ചു

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് അമ്പട്ടി റായിഡു. ഏകദിന ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താതെ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് വിരമിക്കലെന്നാണ് സൂചന. ലോകകപ്പിലെ ആദ്യ 15 അംഗ ടീമിൽ റായിഡുവിനെ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് ശിഖർ ധവാനും വിജയ് ശങ്കറും പരിക്കേറ്റ് പുറത്തായിട്ടും പകരക്കാരനായിട്ടും അദ്ദേഹത്തെ ടീമിലേക്ക് വിളിച്ചിരുന്നില്ല. മദ്ധ്യനിരയിൽ നാലാം നമ്പർ ബാറ്റ്‌സ്മാനായി ഉൾപ്പെടുത്താതിരുന്നതിൽ റായിഡുവിന് പ്രതിഷേധമുള്ളതായി വാർത്തകൾ വന്നിരുന്നു. ശിഖർ ധവാന് പരിക്കേറ്റപ്പോൾ കെ.എൽ രാഹുലിനെ ഓപണറാക്കിയ ടീം ഇന്ത്യ നാലാം സ്ഥാനക്കാരനായി വിജയ് ശങ്കറെ പരിഗണിച്ചു. ധവാന് പകരക്കാരനായി റിഷഭ് പന്തിനെ 15അംഗ ടീമിലുൾപ്പെടുത്തി. വിജയ് ശങ്കർ പരിക്കേറ്റ് പുറത്തായപ്പോൾ മായങ്ക് അഗർവാളിനെയാണ് ടീമിലെടുത്തത്. ഇതോടെയാണ് 33കാരനായ റായിഡു വിരമിക്കൽ പ്രഖ്യാപിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് നേരത്തെ തന്നെ വിരമിച്ച താരം ഐ.പി.എൽ മത്സരങ്ങളിൽ തുടർന്നു കളിക്കും.

ഇന്ത്യയ്ക്ക് വേണ്ടി 55 ഏകദിനങ്ങളും ആറ് ടി20ഉം റായിഡു കളിച്ചു. ഏകദിനങ്ങളിൽ 47.05 ശരാശരിയിൽ 1694 റൺസ് നേടി. മൂന്ന് സെഞ്ച്വറികളും 10 അർദ്ധ സെഞ്ച്വറികളും നേടി. ആറു ടി ട്വന്റിയിൽ നിന്ന് 42 റൺസാണ് ആകെ നേടിയത്. 2013ലാണ് ഹൈദരാബാദ് സ്വദേശിയായ താരം ഏകദിനത്തിൽ അരങ്ങേറിയതെങ്കിലും ഇന്ത്യൻ ടീമിൽ സ്ഥിരമായി സ്ഥാനം ലഭിച്ചിരുന്നില്ല. പിന്നീട് ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി.

റായിഡുവിന്റെ വിരമിക്കൽ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ടീം സെലക്ടർമാർക്കെതിരേ വിമർശനങ്ങളും ഉയർന്നു. അമ്പട്ടി റായിഡു കരിയറിൽ ഒറ്റയ്ക്ക് നേടിയ റൺസ് സെലക്ടർമാർ അഞ്ച് പേർ ചേർന്നാലും നേടിയിട്ടുണ്ടാകില്ലെന്ന് മുൻ ഇന്ത്യൻ താരവും ബി.ജെ.പി എംപിയുമായ ഗൗതം ഗംഭീർ പറഞ്ഞു. റായിഡുവിന്റെ അപ്രതീക്ഷിത വിരമിക്കലിന് കാരണം തീരുമാനമെടുക്കുന്നതിൽ സെലക്ടർമാർക്ക് പറ്റിയ പിഴവാണ്. സെലക്ടർമാരുടെ പങ്ക് നിരാശാജനകമെന്ന് പറയേണ്ടിവരും. അവരെ മാത്രമേ കുറ്റപ്പെടുത്താനാകൂ.അമ്പട്ടി റാഡിയുവിനെപ്പോലെ കഴിവുള്ള താരത്തിന് അവസരങ്ങൾ നൽകിയില്ല. അത് തീർത്തും നാണക്കേടാണ്. പെട്ടന്നുള്ള റായിഡുവിന്റെ വിരമിക്കൽ പ്രഖ്യാപനത്തിൽ തനിക്ക് വിഷമമുണ്ടെന്നും ഗംഭീർ പറഞ്ഞു.

അതേസമയം അമ്പട്ടി റായിഡുവിന് ഇന്ത്യൻ നായകൻ വിരാട് കോലി ആശംസ നേർന്നു. അമ്പട്ടി എക്കാലവും മികച്ച താരമായിരുന്നുവെന്ന് കോലി പറഞ്ഞു. എന്നാൽ കോലിയുടെ ട്വീറ്റിന് താഴെ വിമർശനവുമായി റാഡിയുവിന്റെ ആരാധകർ എത്തി. കോലിയുടേത് വമ്പൻ അഭിനയമാണെന്നാണ് ഒരഭിപ്രായം.

ഇന്ന് റായിഡു അനുഭവിച്ച നിരാശയും വിഷമവുമെല്ലാം അന്ന് ഞാനും അനുഭവിച്ചിരുന്നുവെന്ന് മുൻ താരം വി.വി.എസ് ലക്ഷ്മൺ പ്രതികരിച്ചു. 'മികച്ച പ്രകടനം നടത്തിയിട്ടും ലോകകപ്പ് ടീമിൽ ഉൾപ്പെടാതെ പോയതിന്റെ വേദനയും നിരാശയും നന്നായി അറിയാം. വിരമിക്കലിനു ശേഷം അദ്ദേഹത്തിന് സന്തോഷവും സമാധാനവും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.' -ലക്ഷ്മൺ ട്വീറ്റ് ചെയ്തു. മികച്ച ഫോമിലായിരുന്നെങ്കിലും ലോകകപ്പ് ടീമിൽ ഉൾപ്പെടാതെ പോയ താരമാണ് ലക്ഷ്മൺ. 2003 ലോകകപ്പിൽ ടീമിൽ ഇടം നേടുമെന്ന് കരുതിയെങ്കിലും പുറത്തു നിൽക്കേണ്ടിവന്നു.

Read More >>