അന്തേവാസികളുടെ മകനായി ജില്ലാ കളക്ടര്‍ തേവര വൃദ്ധസദനത്തില്‍

എറണാകുളത്തെ ഏക സർക്കാർ വൃദ്ധസദനമായ ഇവിടെ ഏറ്റെടുക്കാൻ ആരുമില്ലാത്ത 43 അന്തേവാസികളാണുള്ളത്. പ്രഭാത ഭക്ഷണസമയത്ത് കടന്നുവന്ന കളക്ടർ അവർക്കൊപ്പം ചായ കുടിച്ചു. കയ്യിൽ കരുതിയ മധുരം എല്ലാവർക്കും നൽകി.

അന്തേവാസികളുടെ മകനായി ജില്ലാ കളക്ടര്‍ തേവര വൃദ്ധസദനത്തില്‍

തേവര വൃദ്ധസദനത്തിലേയ്ക്ക് കടന്നുവന്ന അതിഥിയെക്കണ്ട് അന്തേവാസികൾ അമ്പരന്നു. ജില്ലാ കളക്ടർ എസ്. സുഹാസായിരുന്നു മുന്നറിയിപ്പില്ലാതെ എത്തിയ ആ അതിഥി.

എറണാകുളത്തെ ഏക സർക്കാർ വൃദ്ധസദനമായ ഇവിടെ ഏറ്റെടുക്കാൻ ആരുമില്ലാത്ത 43 അന്തേവാസികളാണുള്ളത്. പ്രഭാത ഭക്ഷണസമയത്ത് കടന്നുവന്ന കളക്ടർ അവർക്കൊപ്പം ചായ കുടിച്ചു. കയ്യിൽ കരുതിയ മധുരം എല്ലാവർക്കും നൽകി. വലുതും ചെറുതുമായ എന്ത് ആവശ്യവും അറിയിക്കാൻ സമയം നൽകി ക്ഷമയോടെ കേട്ടിരുന്നു.

വൃദ്ധസദനത്തിലെ താമസവും പരിചരണവും സംബന്ധിച്ച് ആർക്കും എതിരഭിപ്രായമില്ല. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ ഓരോ ദിവസവും വിരസമായി അവസാനിക്കുന്നു എന്ന സങ്കടമായിരുന്നു പലർക്കും. കൈത്തുന്നലോ ചിത്രത്തുന്നലോ ഫാബ്രിക് പെയിന്റിങ്ങോപോലെ ഇരുന്നുചെയ്യാവുന്നതും എല്ലാവർക്കും താൽപര്യമുള്ളതുമായ എന്തെങ്കിലുമൊരു കൈവേല അഭ്യസിപ്പിക്കാൻ നടപടിയെടുക്കാൻ കളക്ടർ സൂപ്രണ്ടിന് നിർദ്ദേശം നൽകി.

അതൊരു വരുമാന മാർഗ്ഗമായാൽ അന്തേവാസികൾക്ക് ആത്മവിശ്വാസമുണ്ടാകുമെന്ന് കളക്ടർക്ക് ഉറപ്പുണ്ടായിരുന്നു. പരിശീലകനെ നിർത്തി യോഗയും വ്യായാമവും ദിവസവും നടത്താനും കളക്ടർ നിർദേശിച്ചു.. തുടർന്ന് പരമാവധി എല്ലാ ദിവസവും പരിശീലിക്കണമെന്ന് സ്‌നേഹപൂർവ്വമുള്ള ഉപദേശം.

'ഫിസിയോ തെറാപ്പി ചെയ്യാൻ ഒരു പ്രത്യേക ഉപകരണമുണ്ടെന്നു കേട്ടു, അതെന്താന്നു വെച്ചാ ഒരെണ്ണം തന്നുവിടുമോ, എനിക്ക് കിട്ടിയില്ലെങ്കിലും അടുത്തയാൾക്കെങ്കിലും ഉപകാരപ്പെടുമല്ലോ' എന്ന് ഒരു അമ്മ പറഞ്ഞു. 'എന്തുതന്നെയായാലും അതെത്തിക്കാൻ അത്രയും സമയമെടുക്കുമെന്ന് എന്തിനു സംശയിക്കണം, അമ്മയ്ക്കുതന്നെ ഉപകാരപ്പെടുന്ന രീതിയിൽ ഉടനെ എത്തിക്കാമല്ലോ' എന്ന് സ്‌നേഹം നിറഞ്ഞ ഉറപ്പ് !

മുഴുവൻ സമയവും ഒരു ആയുർവ്വേദ ഡോക്ടറുടെയും നേഴ്‌സിന്റെയും സേവനം ഉറപ്പുവരുത്താനും സൂപ്രണ്ടിനോട് നിർദ്ദേശിച്ചു. എല്ലാ ശനിയാഴ്ചയും അലോപ്പതി ഡോക്ടറുടെ സേവനവും ഉറപ്പാക്കണം.

കട്ടിൽ, കിടക്ക, തലയിണ തുടങ്ങിയവയെല്ലാം സുഖപ്രദമാണെന്ന് ഉറപ്പുവരുത്താനും ആവശ്യപ്പെട്ടു. അല്ലാത്തവയുടെ എണ്ണം കളക്ടറെ അറിയിക്കാം.

നൂറ് അന്തേവാസികളെ ഉൾക്കൊള്ളാനുള്ള കെട്ടിട സൗകര്യമുണ്ടെങ്കിലും അതിനനുസരിച്ച് ജീവനക്കാരില്ലെന്ന കുറവ് ജില്ലാ സാമൂഹ്യനീതി ഓഫീസർ ടി.കെ രാംദാസ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടുത്തി.

50 പേരെ താമസിപ്പിക്കാൻ മാത്രമേ ഇപ്പോൾ നർവ്വാഹമുള്ളൂ. സംസ്ഥാന സാമൂഹ്യസുരക്ഷാ മിഷൻ മുഖേന ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്താമെന്ന് കളക്ടർ ഉറപ്പുനൽകി. സി.സി.ടി.വി സ്ഥാപിച്ചാൽ നല്ലതാണെന്നായിരുന്നു ജീവനക്കാരുടെ ആവശ്യം. അതും പരിഗണനയിലെടുത്തു.

പാട്ടുപാടാനോ നൃത്തംവെയ്യാനോ താൽപര്യമുള്ളവരുണ്ടെങ്കിൽ വന്നു ചെയ്യൂ എന്നു കേൾക്കേണ്ട താമസം, പലരും വന്ന് പരിപാടികൾ അവതരിപ്പിച്ചു. നാടൻപാട്ടിന്റെയും പഴയ ഗാനത്തിന്റെയുമെല്ലാം ഈണത്തിലലിഞ്ഞ് അദ്ദേഹമിരുന്നപ്പോൾ ജീവനക്കാർക്കും ആവേശം.

എല്ലാവരെയും അതിശയപ്പെടുത്തിക്കൊണ്ട് കളക്ടർ ഒരു സർപ്രൈസ് സമ്മാനവും പ്രഖ്യാപിച്ചു- ഒരു മാസത്തിനകം ഒരു മ്യൂസിക് സിസ്റ്റം. അവർ പറഞ്ഞതും പാടിയതുമെല്ലാം ജില്ലാ കളക്ടർക്കു മുമ്പിലാണെങ്കിലും കളക്ടർ അതെല്ലാം കേട്ടതും കണ്ടതും മനസ്സിലാക്കിയതും വാക്കു നൽകിയതുമെല്ലാം ഓരോരുത്തരുടെയും മകനായിട്ടുതന്നെയായിരുന്നു.

Read More >>