കര്‍ണാടക പ്രതിസന്ധി: സ്പീക്കറുടെ അധികാരത്തില്‍ ഇടപെടാന്‍ ആകില്ല: സുപ്രിംകോടതി

അയോഗ്യരാക്കണം എന്ന അപേക്ഷയിൽ തീരുമാനം ആദ്യം ഉണ്ടാകണമോ എന്ന കാര്യത്തിൽ സ്പീക്കർക്ക് ഭരണഘടനാപരമായ എന്തെങ്കിലും ഉത്തരവാദിത്തം ഉണ്ടോയെന്ന് പരിശോധിക്കാൻ മാത്രമേ കോടതിക്കു കഴിയുകയുള്ളൂ

കര്‍ണാടക പ്രതിസന്ധി: സ്പീക്കറുടെ അധികാരത്തില്‍ ഇടപെടാന്‍ ആകില്ല: സുപ്രിംകോടതി

സിദ്ദിഖ് കെ

കർണാടകയിലെ വിമത എം.എൽ.എമാരുടെ രാജിക്കത്തുകളുടെ കാര്യത്തിൽ സ്പീക്കർ എങ്ങനെ തീരുമാനമെടുക്കണമെന്ന് നിർദേശിക്കാൻ കോടതിക്കു കഴിയില്ലെന്ന് സുപ്രിം കോടതി. അയോഗ്യരാക്കണം എന്ന അപേക്ഷയിൽ തീരുമാനം ആദ്യം ഉണ്ടാകണമോ എന്ന കാര്യത്തിൽ സ്പീക്കർക്ക് ഭരണഘടനാ പരമായ എന്തെങ്കിലും ഉത്തരവാദിത്തം ഉണ്ടോയെന്ന് പരിശോധിക്കാൻ മാത്രമേ കോടതിക്കു കഴിയുകയുള്ളൂവെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം, അയോഗ്യത സംബന്ധിച്ച കാര്യം സ്പീക്കറുടെ പരിഗണനയിൽ ഉണ്ടായിരുന്നപ്പോൾ ഒരു എം.എൽ.എക്ക് രാജിവയ്ക്കാൻ കേരള ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ടെന്ന് വിമത എം.എൽ.എമാർക്കുവേണ്ടി ഹാജരായ മുകുൾ റോത്തഗി, പി.സി ജോർജ് കേസ് പരാമർശിച്ച് കോടതിയിൽ വാദിച്ചു.

അയോഗ്യത സംബന്ധിച്ച ആവശ്യം നിലനിൽക്കുന്നു എന്ന കാരണത്താൽ സ്പീക്കർക്ക് രാജിക്കത്തിൽ തീരുമാനം എടുക്കാൻ കഴിയില്ല എന്ന് പറയാനാവില്ലെന്ന് മുകുൾ റോത്തഗി പറഞ്ഞു. നിങ്ങളുടെ വാദം കോടതി അംഗീകരിക്കുകയാണെങ്കിൽ എന്ത് ഉത്തരവാണ് പ്രതീക്ഷിക്കുന്നതെന്ന് ഇതിനോട് പ്രതികരിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ചോദിച്ചു. വിമത എം.എൽ.എമാരുടെ രാജി കാര്യത്തിൽ ഇന്ന് തന്നെ തീരുമാനം ഉണ്ടാകണം. 24 മണിക്കൂറിനുള്ളിൽ വിശ്വാസ വോട്ടുതേടാൻ നിർദേശിക്കണം എന്നായിരുന്നു ഇതിന് റോത്തഗി നൽകിയ മറുപടി. എന്നാൽ, അയോഗ്യത സംബന്ധിച്ച എല്ലാ നടപടികളും ആരംഭിച്ചത് രാജിക്കത്തുകൾ ലഭിക്കുന്നതിന് മുമ്പാണെന്ന് സ്പീക്കർക്കു വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വി പറഞ്ഞു. വിപ്പ് ലംഘിച്ചാൽ അയോഗ്യത കല്പിക്കാമെന്നും അത് സ്പീക്കറുടെ ഭരണഘടനപരമായ കടമയാണെന്നും അദ്ദേഹം വാദിച്ചു.

കേസ് നിലവിൽ നിൽക്കുന്നു എന്നത് കൊണ്ട് സ്പീക്കർക്ക് രാജിക്കത്തിൽ തീരുമാനം എടുക്കുന്നതിന് തടസ്സമില്ലെന്നും ആദ്യ 10 എം എൽ എ മാരും സ്വന്തം കൈപ്പടയിലാണ് രാജി കത്ത് നൽകിയതെന്നും റോത്തഗി പറഞ്ഞു. 10 എം.എൽ.എ മാരിൽ രണ്ടു പേർക്ക് എതിരായ അയോഗ്യത നോട്ടീസിൽ സ്പീക്കർ നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിൽ ഒരാളുടെ രാജി അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പുതുതായി സുപ്രിം കോടതിയെ സമീപിച്ച അഞ്ച് എം.എൽ.എമാരും രാജി വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ, രാജി കാര്യത്തിൽ തീരുമാനം എന്ത് കൊണ്ടാണ് വൈകിയതെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. രാജി വച്ച തിയ്യതിയും അയോഗ്യരാക്കണം എന്നും ആവശ്യപ്പെട്ടുള്ള അപേക്ഷകൾ ലഭിച്ച തിയ്യതിയും ചീഫ് ജസ്റ്റിസ് ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു. എന്നാൽ രാജിക്കത്തും അയോഗ്യത സംബന്ധിച്ച കാര്യങ്ങളും തമ്മിൽ കൂട്ടിക്കിഴിക്കാൻ ആകില്ല. സ്പീക്കർ രാജി കത്തിന്റെ കാര്യത്തിൽ ആദ്യം തീരുമാനം എടുക്കണമെന്നായിരുന്നു റോത്തഗിയുടെ ആവശ്യം. സ്വന്തം താത്പര്യ പ്രകാരമാണ് എം.എൽ.എമാർ രാജി വച്ചത്. ആ രാജിയിൽ നിന്ന് പിൻവലിക്കാൻ ആർക്കും സമ്മർദ്ദം ചെലുത്താൻ കഴിയില്ല. എം.എൽ.എ എന്ന നിലയിലുള്ള കടമകൾ തുടർന്ന് നിർവഹിക്കാൻ എന്റെ കക്ഷികൾക്ക് താത്പര്യമില്ലെന്നും റോത്തഗി പറഞ്ഞു. കോടതിയെ സമീപിച്ച 15 എം.എൽ.എമാരുടെയും രാജി അംഗീകരിച്ചാൽ, കുമാരസ്വാമി സർക്കാരിന് തുടരാൻ കഴിയില്ല. വിശ്വാസ വോട്ടെടുപ്പ് വ്യാഴ്ചയാണ്. അതിന് മുമ്പ് പുതിയ വിപ്പ് നൽകി എം.എൽ.എ മാരെ അയോഗ്യർ ആക്കാൻ ആണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജി അംഗീകരിക്കാതെ എം.എൽ.എ മാരോട് തുടരാൻ സമ്മർദ്ദം ചെലുത്തുകയാണ് സ്പീക്കർ. ഇത് എം.എൽ.എമാരുടെ അവകാശത്തിലുള്ള കടന്ന് കയറ്റമാണ്. അയോഗ്യത കൽപ്പിക്കണം എന്ന് ആവശ്യപ്പെട്ട നൽകിയിരിക്കുന്ന അപേക്ഷയിൽ എന്തൊക്കെ ആണ് പറഞ്ഞിരിക്കുന്നത്. എല്ലാ അപേക്ഷകളും തമ്മിൽ സാമ്യം ഉണ്ടോ എന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. പാർട്ടിക്ക് വിധേയനല്ല, ചില യോഗങ്ങളിൽ പങ്കെടുക്കുന്നില്ല, അങ്ങനെയുള്ള ആക്ഷേപങ്ങൾ ആണെന്നും ഏറെ കുറെ എല്ലാ അപേക്ഷകളും ഒരു പോലെയാണെന്നും റോത്തഗി മറുപടി നൽകി. 15 എം.എൽ.എമാരും സർക്കാരിന് എതിരെ ബി.ജെ.പിക്കൊപ്പം ചേർന്ന് ഗൂഢാലോചന നടത്തി എന്നതിന് തെളിവില്ല. സ്പീക്കർ അയോഗ്യത സംബന്ധിച്ച വിഷയത്തിൽ തീരുമാനം എടുക്കരുത് എന്നല്ല തന്റെ ആവശ്യം. രാജിക്കത്തും അയോഗ്യതയും തമ്മിൽ കൂട്ടി കിഴിക്കരുതെന്നാണ്- റോത്തഗി പറഞ്ഞു. വിമത എം.എൽ.എമാർക്ക് ബി.ജെ.പിയിലേക്ക് കൂറ് മാറണം എന്നില്ല. രാജി വച്ച് ജനങ്ങളിലേക്ക് മടങ്ങി തെരഞ്ഞെടുപ്പിൽ മത്സരിക്കണം എന്നേ ഉള്ളൂ. അയോഗ്യരാക്കിയാൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം കൈപ്പടയിലാണ് രാജി കത്ത് നൽകിയതെങ്കിൽ അത് അംഗീകരിക്കുക മാത്രമാണ് സ്പീക്കറുടെ മുന്നിലുള്ള ഏക വഴി. രാജിക്കത്ത് സ്വന്തം കൈപ്പടയിൽ ഉള്ളതാണ്. ചാനലുകൾക്ക് മുന്നിൽ എത്തി എം.എൽ.എമാർ തങ്ങൾ രാജി വച്ചു എന്ന് പറഞ്ഞു. എന്നിട്ടും സ്പീക്കർ തീരുമാനം വൈകി കൊണ്ട് പോകുകയാണ്. സ്പീക്കർ രാജി കത്തുകൾ അംഗീകരിച്ചില്ല എങ്കിൽ അദ്ദേഹം നിഷ്പക്ഷൻ അല്ല എന്ന് പറയേണ്ടി വരും. രാജിക്ക് പിന്നിൽ ദശലക്ഷ കണക്കിന് കാരണങ്ങൾ ഉണ്ടാകാമെന്നും റോത്തഗി പറഞ്ഞു. ഇതോടെ, ദശലക്ഷക്കണക്കിനൊ എന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞപ്പോൾ നിരവധി കാരണങ്ങൾ എന്നാണ് താൻ ഉദേശിച്ചതെന്നായിരുന്നു റോത്തഗിയുട മറുപടി.

കഴിഞ്ഞ മെയ് മാസം കോൺഗ്രസിന്റെ ഹർജി പരിഗണിച്ച കോടതി 24 മണിക്കൂറിനുള്ളിൽ വിശ്വാസ് വോട്ട് തേടാൻ നിർദേശിച്ചു. എന്ത് കൊണ്ട് ഇപ്പോൾ അങ്ങനെ ഒരു ഉത്തരവ് നൽകി കൂടാ എന്നും റോത്തഗി ചോദിച്ചു. ചില എം എൽ എ മാരുടെ രാജി കത്ത് റോത്തഗി കോടതിയെ വായിച്ചു കേൾപ്പിച്ചു. ഞങ്ങൾ സ്വന്തം ഇഷ്ട പ്രകാരമാണ് രാജി വയ്ക്കുന്നത്. രാഷ്ട്രീയം വെറുക്കുന്നു തുടങ്ങിയ അവ്യക്തമായ ഉത്തരങ്ങൾ അല്ല, ഇവർ നൽകിയിരിക്കുന്നത്. ഏതെങ്കിലും അഭിഭാഷകർ അവരെ ഉപദേശിച്ചു കാണും എന്നും റോത്തഗി പറഞ്ഞു. ഇതോടെ, നിങ്ങൾ ആണോ ആ ഉപദേശം നൽകിയ അഭിഭാഷകൻ എന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. ഇതിന് മറുപടിയായി (ചിരിച്ച് കൊണ്ട്) ഞാൻ അല്ലെന്ന് റോത്തഗി പ്രതികരിച്ചു. രാജി കാര്യത്തിൽ സ്പീക്കർ എടുക്കുന്ന തീരുമാനങ്ങൾക്ക് ജുഡീഷ്യൽ റിവ്യൂവിൽ നിന്ന് പരിരക്ഷ ഇല്ല. സഭയുമായി ബന്ധപ്പെട്ട മറ്റു നടപടികളിൽ മാത്രമാണ് ആ പരിരക്ഷ ഉള്ളത്. അത് കൊണ്ട് കോടതി ഇടപെടണമെന്നും പറഞ്ഞു കൊണ്ട് റോത്തഗി വാദം അവസാനിപ്പിച്ചു.

എന്തു കൊണ്ടാണ് സ്പീക്കർ ഭരണഘടനാപരമായ നടപടികൾ വൈകിപ്പിക്കുന്നത്. ഞങ്ങളെ ഭരണഘടാപരമായ കർത്തവ്യങ്ങൾ ഓർമിപ്പിച്ച വ്യക്തിയാണ് സ്പീക്കർ. അയോഗ്യർ ആക്കണം എന്ന അപേക്ഷയിൽ വിമത എം.എൽ.എമാർ സുപ്രിം കോടതിയിൽ എത്തുന്നത് വരെ സ്പീക്കർ നടപടി എടുക്കാത്തത് എന്ത് കൊണ്ടാണ്. രാജി കത്തിൽ തീരുമാനം എടുക്കാൻ എന്ത് കൊണ്ടാണ് വൈകുന്നത്? ആദ്യം അതിൽ തീരുമാനം എടുത്തുകൂടെ? -രഞ്ജൻ ഗൊഗോയ് ചീഫ് ജസ്റ്റിസ്


Read More >>