ഉപതെരഞ്ഞെടുപ്പ് കേസ് അവസാനിച്ചു: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ഉടന്‍

2016ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ പി ബി അബ്ദുൾ റസാഖിനോട് 89 വോട്ടുകൾക്ക് പരാജയപ്പെട്ട സുരേന്ദ്രൻ റസാഖിന്റെ വിജയം കള്ളവോട്ടിലൂടെയെന്ന് ആരോപിച്ചായിരുന്നു ഹർജി സമർപ്പിച്ചത്.

ഉപതെരഞ്ഞെടുപ്പ് കേസ് അവസാനിച്ചു: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ഉടന്‍

2016ലെ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് കേസിന്റെ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. ഹർജിക്കാരനും ബിജെപി സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രനും നൽകിയ അപേക്ഷകൾ പരിഗണിച്ചാണ് കോടതി നടപടി. ഇതോടെ നിയമസഭാമണ്ഡലത്തിൽ സംസ്ഥാനത്തെ മറ്റിടങ്ങൾക്കൊപ്പം തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായി.

2016ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ പി ബി അബ്ദുൾ റസാഖിനോട് 89 വോട്ടുകൾക്ക് പരാജയപ്പെട്ട സുരേന്ദ്രൻ റസാഖിന്റെ വിജയം കള്ളവോട്ടിലൂടെയെന്ന് ആരോപിച്ചായിരുന്നു ഹർജി സമർപ്പിച്ചത്. തുടർന്ന് കഴിഞ്ഞ ജൂണിൽ മുഴുവൻ സാക്ഷികളെയും വിസ്തരിക്കുക പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി കേസിൽ നിന്നും പിന്മാറാൻ സുരേന്ദ്രൻ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാൽ കേസ് പിൻവലിക്കണമെങ്കിൽ ഹർജിക്കാരനായ കെ സുരേന്ദ്രനിൽ നിന്ന് കോടതി ചെലവ് ഈടാക്കണമെന്ന് അന്തരിച്ച മഞ്ചേശ്വരം എംഎൽഎ റസാഖിന്റെ അവകാശികൾ ആവശ്യപ്പെട്ടു. ഇതാണ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച അനിശ്ചിതാവസ്ഥയ്ക്ക് ഇടയാക്കിയത്. ഇന്ന് കേസ് പരിഗണിച്ചപ്പോൾ കോടതിച്ചെലവ് നൽകണമെന്ന ആവശ്യം എതിർകക്ഷി പിൻവലിക്കുകയായിരുന്നു. ഇതോടെയാണ് ഹൈക്കോടതി കേസ് അവസാനിപ്പിച്ചതായി വ്യക്തമാക്കിയത്.


Read More >>