സഞ്ജീവ് ഭട്ടിനു വേണ്ടി മെഴുകുതിരി തെളിയിച്ച് പ്രതിഷേധം

സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടിന്റെയും മകൻ സന്തനു ഭട്ടിന്റെയും സാന്നിദ്ധ്യത്തിലായിരുന്നു പ്രതിഷേധം.

സഞ്ജീവ് ഭട്ടിനു വേണ്ടി മെഴുകുതിരി തെളിയിച്ച് പ്രതിഷേധം

29 വർഷം പഴക്കമുള്ള കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനു വേണ്ടി മെഴുകുതിരി തെളിയിച്ച് മനുഷ്യാവകാശപ്രവർത്തകരുടെ പ്രതിഷേധം. ഭരണകൂട ഭീകരതക്കെതിരെ രാജ്യം നിശ്ശബ്ദമാകാൻ പാടില്ലെന്ന കാരണത്താലാണ് പ്രതിഷേധമെന്ന് സംഘാടകർ പറഞ്ഞു. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടിന്റെയും മകൻ സന്തനു ഭട്ടിന്റെയും സാന്നിദ്ധ്യത്തിലായിരുന്നു പ്രതിഷേധം.

29 വർഷം മുമ്പുളള കേസിലാണ് ജാംനഗർ സെഷൻസ് കോടതി സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഇതിനെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കുടുംബം. മാർക്‌സ സേ അവാർഡ് ജേതാവ് സന്ദീപ് പാണ്ഡേ, അഹമ്മദാബാദ് സർവകലാശാല ഡീൻ രഘു രംഗരാജൻ, കത്വ കേസിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തിയ അഭിഭാഷക ദീപിക സിങ്ങ് രജാവത്ത് എന്നിവർ പങ്കെടുത്തു. മുസ്‌ലിം യൂത്ത് ലീഗിനെ പ്രതിനിധീകരിച്ച് ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈർ, വൈസ് പ്രസിഡന്റ് അഡ്വ.വി.കെ.ഫൈസൽ ബാബു എന്നിവരും പ്രതിഷേധത്തിനെത്തി.

സഞ്ജീവ് ഭട്ട് ഭരണകൂട ഭീകരതയുടെ ഇരയാണെന്നും അദ്ദേഹത്തിന് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നും പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. വിചാരണ ഘട്ടത്തിൽ 11 സാക്ഷികൾക്ക് കോടതിയിൽ ഹാജരാകാൻ അവസരം നിഷേധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മോചനത്തിനു വേണ്ടി കുടുംബം നടത്തുന്ന പോരാട്ടത്തിന് ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളുടെ പൂർണ പിന്തുണയുണ്ടാകുമെന്നും ഏതറ്റം വരേയും ആ സമരത്തോടൊപ്പം നിൽക്കാൻ യൂത്ത് ലീഗ് പ്രതിജ്ഞാബദ്ധമാണെന്നും സി.കെ സുബൈർ പറഞ്ഞു. മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ നിസ്സംഗത തുടരുമ്പോഴും മനുഷ്യാവകാശ സംഘടനകളും യൂത്ത് ലീഗും നല്കുന്ന പിന്തുണ മുന്നോട്ടുളള സമരത്തിന് കരുത്തു പകരുന്നതാണെന്നും സഞ്ജീവ് സ്വതന്ത്രനാകും വരെ പോരാട്ടം തുടരുമെന്നും ശ്വേത ഭട്ട് പറഞ്ഞു.

2002-ലെ ഗോധ്ര സംഭവത്തിനു ശേഷം മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ, ആക്രമണങ്ങൾക്കു നേരെ കണ്ണടക്കാൻ ആവശ്യപ്പെട്ടുവെന്ന വെളിപ്പെടുത്തൽ നടത്തിയാണ് സഞ്ജീവ് ഭട്ട് ശ്രദ്ധാകേന്ദ്രമായത്. 2017-ൽ അനധികൃതമായി വിട്ടുനിൽക്കുന്നുവെന്നാരോപിച്ച് അദ്ദേഹത്തെ സർവീസിൽ നിന്നു പുറത്താക്കി. 1990-ൽ പൊലീസ് കസ്റ്റഡിയിലായിരുന്ന ഒരാൾ വിട്ടയക്കപ്പെട്ട ശേഷം മരണപ്പെട്ട കേസിൽ പ്രതിയാക്കിയാണ് ഭട്ടിനെ അറസ്റ്റ് ചെയ്തത്.

Read More >>