കൂറുമാറ്റം തുടർക്കഥ: ജനപ്രതിനിധികളെ തിരിച്ചു വിളിക്കാനുള്ള അവകാശം ഇന്ത്യക്ക് വേണ്ടേ?

എം.പിമാരേയും എം.എൽ.എമാരേയും തിരിച്ചു വിളിക്കുന്ന ഭേദഗതി ബിൽ 2016ൽ ബി.ജെ.പി എം.പി വരുൺ ഗാന്ധി 2016ൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ബിൽ പാസ്സായില്ല.

കൂറുമാറ്റം തുടർക്കഥ: ജനപ്രതിനിധികളെ തിരിച്ചു വിളിക്കാനുള്ള അവകാശം ഇന്ത്യക്ക് വേണ്ടേ?

കർണാടക-ഗോവ സംഭവങ്ങൾ, ടി.ഡി.പി എം.പിമാരുടെ കൂറുമാറ്റം തുടങ്ങി ജനപ്രതിനിധികൾ പാർട്ടി വിട്ട് പാർട്ടി മാറുന്ന കൂറുമാറ്റം നിത്യസംഭവമായികൊണ്ടിരിക്കുകയാണ്. ഗോവയിൽ 10 കോൺഗ്രസ് എം.എൽ.എമാരും കർണാടകയിൽ 16 (കോൺഗ്രസ്-13 ) എം.എൽ.എമാരും പാർട്ടി വിട്ട് ബി.ജെ.പിക്കൊപ്പം പോയിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ടി.ഡി.പിയുടെ ആറിൽ നാല് രാജ്യസഭാംഗങ്ങളും ബി.ജെ.പിയിൽ ചേർന്നു.

കർണാടകയിലെ വിമത എം.എൽ.എമാരുടെ ഹർജിയിൽ സുപ്രിം കോടതി ഇന്നു വാദം കേൾക്കും. എം.എൽ.എമാരുടെ രാജി പരിഗണിക്കാതെ തൽസ്ഥിതി തുടരാൻ ഉത്തരവിട്ടതിനു നാലു ദിവസത്തിനു ശേഷമാണ് വാദം കേൾക്കൽ. സ്പീക്കർ കെ.ആർ രമേഷ് കുമാർ രാജി സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ആദ്യം പത്ത് എം.എൽ.എമാരും പിന്നീട് അഞ്ചു എം.എൽ.എമാരും സുപ്രിം കോടതിയെ സമീപിച്ചത്.

നിയമവും പരിധിയും

ഗോവയിലേയും കർണാടകയിലേയും സ്ഥിതിഗതികൾ പരിശോധിക്കുമ്പോൾ ഒരു പാർട്ടിയുടെ സ്ഥാനാർത്ഥിയായി നിന്നും വിജയിച്ച ഒരാൾ കൂറുമാറ്റം നടത്തുമ്പോഴും ഉത്തരവാദിത്വം നിറവേറ്റുന്നതിൽ പരാജയപ്പെടുകയും ചെയ്യുമ്പോൽ ജയിപ്പിച്ചു വിട്ടവർക്ക് അവരെ തിരിച്ചു വിളിക്കാനുള്ള അവകാശമേില്ലേ ? ചാക്കിട്ട് പിടിത്തവും കുതിരക്കച്ചവടവും ഇല്ലാതാക്കാൻ ഇന്ത്യയിൽ കൂറുമാറ്റ വിരുദ്ധ നിയമമുണ്ട്. കൂറുമാറുന്നവർ അയോഗ്യരാക്കപ്പെടും. എന്നാൽ അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭാഗം അംഗങ്ങൾ പാർട്ടി വിടുകയാണെങ്കിൽ കൂറുമാറ്റ വിരുദ്ധ നിയമം ബാധകമാവില്ല. ഗോവയിലും തെലങ്കാനയിലും ഇതാണ് സംഭവിച്ചത്. കോൺഗ്രസ്സിന്റെ മൂന്നിൽ രണ്ട് എം.എൽ.എമാർ ഗോവയിൽ ബി.ജെ.പിയുമായും തെലങ്കാനയിൽ ടി.ആർ.എസ്സുമായും ലയിക്കുകയായിരുന്നു. എന്നാൽ നിയമത്തിനുള്ളിൽ നിന്നുള്ള കൂറുമാറ്റം ആയതിനാൽ ഇവർക്കെതിരെ നടപടിയില്ല. നിയമത്തിന്റെ പരിമിതികൾ ഇവിടെയാണ് വ്യക്തമാകുന്നത്. അതായത് വലിയ അളവിൽ പണവും അധികാരവുമുള്ള പാർട്ടികൾക്ക് സുഖമായി മറ്റു പാർട്ടികളിലെ എം.എൽ.എമാരെ നിയമപരമായി ചാക്കിട്ടു പിടിക്കാം, സർക്കാറുകളെ താഴെയിറക്കാം.

തിരിച്ചു വിളിക്കാനുള്ള അവകാശം

ചില സംസ്ഥാനങ്ങളിൽ കോർപ്പറേഷൻ അധികാരികളെ തിരിച്ചു വിളിക്കാനുള്ള നിയമമുണ്ട്. എന്നാൽ എം.എൽ.എ, എം.പിമാരുടെ കാര്യത്തിൽ ഇതില്ല. എം.പിമാരേയും എം.എൽ.എമാരേയും തിരിച്ചു വിളിക്കുന്ന ഭേദഗതി ബിൽ 2016ൽ ബി.ജെ.പി എം.പി വരുൺ ഗാന്ധി 2016ൽ അവതരിപ്പിച്ചിരുന്നു. മണ്ഡലത്തിലെ വോട്ടർമാർക്ക് ജനപ്രതിനിധിയുടെ പ്രവർത്തനങ്ങളിൽ സംതൃപ്തരല്ലെങ്കിൽ ജനപ്രതിനിധിയെ തിരിച്ചു വിളിക്കാനുള്ള അപേക്ഷ സമർപ്പിക്കാം. മണ്ഡലത്തിലെ നാലിൽ ഒന്ന് വോട്ടർമാർ ഒപ്പിട്ട അപേക്ഷയാകണം എന്ന ചട്ടത്തോടു കൂടിയാണ് ബിൽ അവതരിപ്പിച്ചത്.

ജനങ്ങൾക്ക് അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാൻ അധികാരമുണ്ടെങ്കിൽ, തെറ്റായ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴോ അവരുടെ ചുമതലകൾ നിറവേറ്റുന്നതിൽ പരാജയപ്പെടുമ്പോഴോ ഈ പ്രതിനിധികളെ നീക്കം ചെയ്യാനുള്ള അധികാരവും യുക്തിപരമായും നീതിപരമായും ജനങ്ങൾക്ക് ലഭിക്കണമെന്നു വരുൺ ഗാന്ധി ദി ഹിന്ദുവിൽ ഏഴുതിയിരുന്നു. മുൻ ലോക്‌സഭാ സ്പീക്കർ സോമനാഥ് ചാറ്റർജിയിൽ തിരിച്ചു വിളിക്കാനുള്ള സംവിധാനം കൊണ്ടു വരണമെന്നു ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിൽ പാസ്സായില്ല.

അനുകൂലിച്ചും പ്രതികൂലിച്ചും

ഇത്തരം ചട്ടങ്ങൾ നിലവിൽ വന്നാൽ അത് ഇന്ത്യൻ രാഷ്ട്രീയത്തെ ശുദ്ധീകരിക്കുമെന്നാണ് നിയമത്തെ പിന്തുണയ്ക്കുന്നർ പറയുന്നത്. ഇത് ഉത്തരവാദിത്വം ഉറപ്പാക്കാനും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നുണ്ടെന്നു ഉറപ്പ് വരുത്താനും പക്ഷപാദപരമായി പ്രവർത്തിക്കുന്നില്ലെന്നു ഉറപ്പു വരുത്താനും സഹായിക്കും. ജനാധിപത്യം ശക്തിപ്പെടുത്താനും ഇതുപകരിക്കും.

എന്നാൽ, തിരിച്ചു വിളിക്കാനുള്ള അവകാശം ജനാധിപത്യം അധികരിക്കുന്നതിലേക്ക് നയിക്കുമെന്നാണ് 2015ൽ ഇതിനെ എതിർത്തുകൊണ്ട് നിയമ കമ്മിഷൻ പറഞ്ഞത്. ജനപ്രതിനിധികളെ തിരിച്ചു വിളിക്കാനുള്ള അവകാശം തെരഞ്ഞെടുപ്പ് കമ്മിഷന് അധിക ബാധ്യത വരുത്തുമെന്നും ഇത് നല്ല രീതിയിൽ പ്രവർത്തിക്കുന്ന നിയമസഭാംങ്ങളെ ഉപദ്രവിക്കാൻ ദുരുപയോഗം ചെയ്യപ്പെടുമെന്നും നിയമത്തെ എതിർക്കുന്നവർ പറയുന്നു.


Read More >>