മുസഫർനഗർ കലാപം: ശിക്ഷിക്കപ്പെട്ടത് ഒരു കേസ്സിലെ പ്രതികൾ മാത്രം

കൊലപാതകം അടക്കമുള്ള 40 കേസ്സുകളിലെ പ്രതികളെ വെറുതെ വിട്ടു

മുസഫർനഗർ കലാപം: ശിക്ഷിക്കപ്പെട്ടത് ഒരു കേസ്സിലെ പ്രതികൾ മാത്രം

2013ലെ മുസഫർ നഗർ കലാപവുമായി ബന്ധപ്പെട്ട കൊലപാതകം അടക്കമുള്ള 41 കേസ്സുകളിൽ 40 കേസ്സുകളിലും പ്രതികളെ വെറുതെ വിട്ടു. ദ ഇന്ത്യൻ എക്‌സ്‌പ്രെസ് നടത്തിയ അന്വേഷണാത്മക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. സാക്ഷികൾ കൂട്ടത്തോടെ മൊഴിമാറ്റിയതിനെ തുടർന്നാണ് പ്രതികളെ വെറുതെ വിട്ടത്. അഞ്ചു പ്രോസിക്യൂഷൻ സാക്ഷികൾ ബന്ധുക്കൾ കൊല്ലപ്പെടുമ്പോൾ സ്ഥലത്തില്ലായിരുന്നെന്നു മൊഴിമാറ്റി. പൊലീസ് വെള്ള പേപ്പറിൽ ഒപ്പിട്ടു വാങ്ങിച്ചെന്നു ആറു പേര്‍ പറഞ്ഞു.

അഞ്ചു കേസ്സുകളിൽ പൊലീസ് കൊലപാതകത്തിന് ഉപയോ​ഗിച്ച ആയുധങ്ങൾ കോടതിയിൽ ഹാജരാക്കിയില്ല. ഇതു സംബന്ധിച്ച് പൊലീസിനെ ക്രോസ്സ് വിസ്താരം ചെയ്തില്ല. കേസ്സിന്റെ അവസാന ഘട്ടത്തിൽ എല്ലാ സാക്ഷികളും കൂറുമാറി

ഉത്തർപ്രദേശ് സർക്കാരിന്റെ പ്രോസിക്യൂഷൻ വാദിച്ച 65 കൊലപാതകങ്ങൾ ഉൾപ്പെട്ട 10 കേസ്സുകളുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ ചിലത് മാത്രമാണ് മുകളിൽ. 2017 ജനുവരി- 2019 ഫെബ്രുവരി മാസങ്ങളിൽ വിധി വന്ന 10 കൊലപാതക കേസ്സുകളിലേയും പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തി (കൂടുതലും കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ- ഇവർ തന്നെ കേസ്സിന്റെ വിവിധ ഘട്ടങ്ങളിലായി കൂറുമാറി) ലായിരുന്നു വിധി.

2017ൽ മാത്രം മുസഫർ നഗർ കോടതി കലാപവുമായി ബന്ധപ്പെട്ട 41 കേസ്സുകളിൽ വിധി പറഞ്ഞു. ഇതിൽ ഒരു കൊലപാതക കേസ്സിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്. മുസ്‌ലിംകളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട 41 കേസ്സുകളിലും പ്രതികൾ കുറ്റവിമുക്തരായി. കുറ്റം ചെയ്തതായി കണ്ടെത്തിയ ഒരു കേസ്സിലെ ഏഴു പ്രതികൾക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഗൗരവ്, സച്ചിൻ എന്നിവരെ കൊലപ്പെടുത്തിയ കേസ്സിൽ മുജാസിം, ഫർഖാൻ, നദീം, ജനംഗീർ, അഫസൽ, ഇക്ബാൽ എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. കലാപത്തിനു കാരണമായത് ഈ കൊലപാതകമാണെന്നാണ് പറയപ്പെടുന്നത്.

അഖിലേഷ് യാദവ് സർക്കാരിന്റെ കീഴിലാണ് എല്ലാ കേസ്സുകളും രജിസ്റ്റർ ചെയ്യപ്പെട്ടതും അതിന്റെ അന്വേഷണം നടന്നതും. അഖിലേഷ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച വിചാരണ നിലവിലെ ബി.ജെ.പി സർക്കാരന്റെ സമയത്തേക്കും നീണ്ടു. ഒരു കുടുംബത്തിലെ മൂന്നു പേരെ ജീവനോടെ ചൂട്ട് കൊന്ന കേസ്സിലെ പ്രതികളടക്കം 53 പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. നാലു കൂട്ടബംലാത്സംഗ കേസ്സുകളും 26 കലാപ കേസ്സുകളിലും സമാന പ്രവണത ആവർത്തിച്ചു; പ്രതികൾ കുറ്റവിമുക്തരാക്കപ്പെട്ടു.

എന്നാൽ വിധിയിൽ അപ്പീൽ പോകുന്നില്ലെന്ന നിലപാടാണ് യു.പി സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ' 2013ലെ മുസഫർനഗർ കലാപവുമായി ബന്ധപ്പെട്ട കേസ്സുകളിൽ അപ്പീൽ നൽകുന്നില്ല. സാക്ഷികൾ കൂറുമാറി, മൊഴിമാറ്റി പറഞ്ഞതിനാൽ പ്രതികൾ കുറ്റവിമുക്തരായി. സാക്ഷികൾ പ്രോസിക്യൂഷനു വേണ്ടി സംസാരിച്ചില്ല. സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നത്.' - ജില്ലാ ഗവൺമെന്റ് കൗൺസിലർ ദുഷ്യന്ത് ത്യാഗി പറഞ്ഞു. തെറ്റായ തെളിവുകൾ/മൊഴികൾ നൽകുന്നതിനെതിരെയുള്ള സി.ആർ.പി.സി 344ാം വകുപ്പ് പ്രകാരം മൊഴിമാറ്റിയ സാക്ഷികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പ്രതികൾ കുറ്റവിമുക്തരാക്കപ്പെട്ട 10 കൊലപാതക കേസ്സുകളിലെ കോടതി രേഖകളിൽ നിന്നുള്ള പ്രധാന കണ്ടെത്തലുകൾ

69 പേരുകൾ പരാതികളിൽ ഉണ്ടായിട്ടും 24 പേരെ മാത്രമാണ് വിചാരണ ചെയ്തത്. യഥാർത്ഥ പരാതിയിൽ ഇല്ലാത്ത 45 പേരെ വിചാരണ ചെയ്തു

എല്ലാ എഫ്.ഐ.ആറും കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങളെ കുറിച്ച് പരാമർശിക്കുന്നുണ്ടെങ്കിൽ പോലും അഞ്ചു കേസ്സുകളിൽ മാത്രമാണ് പൊലീസ് ആയുധം കണ്ടെത്തിയത്. എന്നാൽ ആ ആയുധങ്ങൾ കോടതിയിൽ ഹാജരാക്കുന്നതിലും ശാസ്ത്രീയ പരിശോധന നടത്തുന്നതിലും പൊലീസ് വീഴ്ച് വരുത്തി.

ചില കേസ്സുകളുമായി ബന്ധപ്പെട്ട് പൊലീസ് തെളിവുകൾ ശേഖരിച്ചപ്പോൾ സാക്ഷികളിൽ നിന്നും വെള്ളപ്പേപ്പറിൽ ഒപ്പിട്ടു വാങ്ങിച്ചു. തെളിവുകളും ആയുധങ്ങളും മറ്റു ശേഖരിച്ചിട്ട് ഒന്നും ലഭിച്ചില്ല എന്നാണ് പേപ്പറിൽ എഴുതി ചേർത്തത്. ചില കേസ്സിൽ തെളിവു ശേഖരണം നടന്നിട്ടില്ലെന്നും തന്റെ ഒപ്പ് ശേഖരിക്കുന്നതിനു മുമ്പ് തന്നെ പൊലീസ് രേഖകൾ തയ്യാറാക്കി കൊണ്ടു വന്നിരുന്നെന്നും സാക്ഷികൾ പറയുന്നു.

പല കേസ്സുകളിലും പ്രോസിക്യൂഷൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അടക്കമുള്ള തെളിവുകൾ ഹാജരാക്കിയില്ല

Read More >>