ആടിയും പാടിയും സൗബിൻ: അമ്പിളി ടീസർ

രസകരമായ ചുവടകളുമായി നൃത്തം ചെയ്യുന്ന സൗബിനാണ് ടീസറിന്റെ ആകർഷണം

ആടിയും പാടിയും സൗബിൻ: അമ്പിളി ടീസർ

ഗപ്പിക്ക് ശേഷം ജോൺപോൾ ജോർജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അമ്പിളി'യുടെ ടീസർ റിലീസിനെത്തി. സൗബിൻ ഷാഹിറാണ് ചിത്രത്തിൽ അമ്പിളിയായി വേഷമിടുന്നത്. പുതുമുഖമായ തൻവി റാം ആണ് ചിത്രത്തിൽ നായിക. ''ഞങ്ങളുടെ അമ്പിളി വിചാരിച്ചാൽ എല്ലാ കാര്യവും നടക്കും,'' എന്ന സംഭാഷണത്തോടെ ആരംഭിക്കുന്ന ടീസറിൽ ആടിയും പാടിയും സ്‌ക്രീനിൽ നിറയുകയാണ് സൗബിൻ.

സൈക്കിളിങ്ങിനും യാത്രകൾക്കും പ്രധാന്യമുള്ള ചിത്രമാണ് 'അമ്പിളി'. നാഷണൽ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബി കുര്യൻ എന്ന കഥാപാത്രമായി നസ്രിയയുടെ സഹോദരൻ നവീൻ നസീമും ചിത്രത്തിലുണ്ട്. ഇവരെ കൂടാതെ ജാഫർ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമൻ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ദേശീയ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബിക്ക് സ്വീകരണമൊരുക്കുന്ന അമ്പിളിയിലും നാട്ടുകാരിലും നിന്നും ആരംഭിക്കുന്ന സിനിമ ഒരുപാട് നർമ്മ മുഹൂർത്തങ്ങളിലൂടെയാണ് വികസിക്കുന്നത്. യാത്രക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ കേരളം കൂടാതെ തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, ഹിമാചൽപ്രദേശ് തുടങ്ങിയ സ്ഥലങ്ങളും പ്രധാന ലൊക്കേഷനുകളാണ്.ഇ4 എന്റർടെയ്ൻമെന്റ്‌സ്, അവ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ, മുകേഷ് ആർ മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന സിനിമയുടെ എഡിറ്റർ കിരൺ ദാസ് ആണ് 'അമ്പിളി'യുടെ ചിത്രസംയോജനം നിർവ്വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു വിജയ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു. ശങ്കർ മഹാദേവൻ, ആൻറണി ദാസൻ, ബെന്നി ദയാൽ, സൂരജ് സന്തോഷ്, മധുവന്തി നാരായൺ എന്നിവർ ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

Read More >>