'ആന്ധ്ര-0, തമിഴ്നാട്-0' ബി.ജെ.പിയുടെ സീറ്റ് നില പ്രവചിച്ച് മമത

നൂറിൽ താഴെ സീറ്റുകൾ മാത്രമേ ബി.ജെ.പിക്ക് ലഭിക്കുകയുള്ളൂവെന്നാണ് മമതയുടെ പ്രവചനം.

കൊൽക്കത്ത: അമിത് ഷായുടെ റാലിക്കിടെയുണ്ടായ ആക്രമണത്തോടെ ബി.ജെ.പിയുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബി.ജെ.പിയുടെ ജയസാദ്ധ്യതകളും പ്രവചിച്ചു. നൂറിൽ താഴെ സീറ്റുകൾ മാത്രമേ ബി.ജെ.പിക്ക് ലഭിക്കുകയുള്ളൂവെന്നാണ് മമതയുടെ പ്രവചനം. ഗുണ്ടാ പാർട്ടിയായ ബി.ജെ.പി പണംകൊടുത്ത് വോട്ടു വാങ്ങാൻ ശ്രമിക്കുകയാണ്.

മുന്നൂറിലേറെ സീറ്റുകൾ നേടുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. ആന്ധ്രയിൽ പൂജ്യം, തമിഴ്നാട്ടിൽ പൂജ്യം, മഹാരാഷ്ട്രയിൽ 20 എന്നാണ് അവർ ബി.ജെ.പിയുടെ സീറ്റ് സാദ്ധ്യതകളെക്കുറിച്ച് പറയുന്നത്. ചൊവ്വാഴ്ചയുണ്ടായ ആക്രമണങ്ങളെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ബംഗാളിലെ പ്രചാരണം ഒരു ദിവസം വെട്ടിച്ചുരുക്കിയിരുന്നു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ബംഗാളിലെ പ്രചാരണം അവസാനിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷൻ ബി.ജെ.പിയുമായി ഒത്തുകളിക്കുകയാണെന്നും ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തതിനു പിന്നിൽ തൃണമൂൽ കോൺഗ്രസ് ഗുണ്ടകളാണെന്ന ആരോപണം തെളിയിക്കാൻ പ്രധാനമന്ത്രിയെ മമത വെല്ലുവിളിക്കുകയും ചെയ്തു.

വിദ്യാസാഗറിന്റെ വലിയ പ്രതിമ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെയും അവർ തള്ളി. 'ഒരു പ്രതിമ നിർമ്മിക്കാനുള്ള പണം ബംഗാളിനുണ്ട്. അദ്ദേഹത്തിന് 200 വർഷം പഴക്കമുള്ള പാരമ്പര്യം ബി.ജെ.പിക്ക് തിരികെ തരാനാകുമോ?' അവർ ചോദിക്കുന്നു. വിദ്യാസാഗറിന്റെ പ്രതിമ തകർത്തതിനെ തുടർന്നാണ് അമിത് ഷായുടെ റാലിക്കിടെ ബം​ഗാളിൽ ആക്രമണമുണ്ടായത്.

Read More >>