ശ്രീലങ്ക അവരുടെ ആദ്യ ഉപഗ്രഹത്തിന് രാവണ-1 എന്ന് പേരിട്ടത് എന്തുകൊണ്ടായിരിക്കും?

ശ്രീലങ്കയെയും അവിടത്തെ സിംഹള- ബുദ്ധ വിഭാഗങ്ങളെയും സംബന്ധിച്ചിടത്തോളം രാമന്‍ തോല്‍പ്പിച്ച രാവണന്‍, ഇന്ത്യന്‍ സംസ്‌കാരം ശ്രീലങ്കന്‍ സംസ്‌കാരത്തിനു മുകളില്‍ നടത്തിയ അധിനിവേശമാണ്.

ശ്രീലങ്ക അവരുടെ ആദ്യ ഉപഗ്രഹത്തിന് രാവണ-1 എന്ന് പേരിട്ടത് എന്തുകൊണ്ടായിരിക്കും?

ജൂണ്‍ 19 ന് ശ്രീലങ്ക രാഷ്ട്രത്തിന്റെ ആദ്യ ഉപഗ്രഹ വക്ഷേപണം നടത്തി. ഒരു ചെറിയ രാഷ്ട്രമായ ശ്രീലങ്കയെ സംബന്ധിച്ചടത്തോളം ശ്രദ്ധേയമായ ഒരു നേട്ടമാണ് ഇതെന്നതില്‍ സംശയമില്ല. പക്ഷേ, ഇപ്പോഴത്തെ വാര്‍ത്ത ഇതല്ല. മറിച്ച് ഉപഗ്രഹത്തിന്റെ പേരാണ് പ്രധാനം. രാവണ-1 എന്നാണ് ഇപ്പോള്‍ വിക്ഷേപിച്ചിട്ടുള്ള ഉപഗ്രഹത്തിന്റെ പേര്. എന്തുകൊണ്ടാണ് ശ്രീലങ്ക അവരുടെ ഉപഗ്രഹത്തിന് രാവണന്‍ എന്ന് പേരിട്ടത്?

ഇന്ത്യയെ സംബന്ധിച്ചടത്തോളം സുപ്രധാന ഇമേജുകളിലൊന്നാണ് രാമന്‍. പുതിയ കാലത്ത് ബിജെപി അവരുടെ രാഷ്ട്രീയം കെട്ടിപ്പൊക്കിയിരിക്കുന്നതുതന്നെ രാമന്‍ എന്ന ഇമേജിനു പുറത്താണ്. ആ രാമന്‍ യുദ്ധം ചെയ്ത് തോല്‍പ്പിച്ച ആളാണ് രാവണന്‍. പക്ഷേ, ശ്രീലങ്കയെയും അവിടത്തെ സിംഹള- ബുദ്ധ വിഭാഗങ്ങളെയും സംബന്ധിച്ചിടത്തോളം രാമന്‍ തോല്‍പ്പിച്ച രാവണന്‍, ഇന്ത്യന്‍ സംസ്‌കാരം ശ്രീലങ്കന്‍ സംസ്‌കാരത്തിനു മുകളില്‍ നടത്തിയ അധിനിവേശമാണ്. ആ സാംസ്‌കാരികാധിനിവേശത്തെ ചെറുക്കുന്നതിന്റെ ഭാഗമായിരുന്നു രാവണ 1 എന്ന പേര്.

രാവണന്‍ വലിയ മൂല്യങ്ങളുള്ള ഒരു ശ്രീലങ്കന്‍ രാജാവാണെന്നാണ് സിംഹളരുടെ വിശ്വാസം. വിഭീഷണനെ പോലുള്ള ഒരു ഒറ്റുകാരന്റെ സഹായത്തോടെയായതിനാല്‍ മാത്രമാണ് രാവണന്‍ തോല്‍പ്പിക്കപ്പെട്ടതെന്നും അവര്‍ കരുതുന്നു. സിംഹള- ബുദ്ധ പാരമ്പര്യമനുസരിച്ച് കലിംഗ രാജ്യത്തുനിന്നു വന്ന വിജയ എന്ന രാജാവാണ് ലങ്കയിലെ രാജവംശത്തിന് തുടക്കമിട്ടത്.

എന്നാല്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയോടെ ഈ പാരമ്പര്യം തങ്ങളുടെ അന്തസ്സ് കെടുത്തുന്നുവെന്ന് സിംഹളര്‍ കരുതാന്‍ തുടങ്ങി. ലങ്കയ്ക്ക് പുറത്ത് ഒരു ഉത്ഭവകഥ അവര്‍ക്ക് സഹിക്കാനാവുന്നില്ല. തമിഴ് -സിംഹള സംഘര്‍ഷം ശക്തമായിരുന്ന 1940 കാലത്ത് ഈ സങ്കല്‍പ്പത്തിന് വലിയ പ്രാധാന്യമുണ്ടായി. തങ്ങളുടെ പാരമ്പര്യം ശ്രീലങ്കയില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതിനുള്ള നിരവധി ശ്രമങ്ങള്‍ ഇക്കാലത്ത് സിംഹളര്‍ നടത്തി. ഇതിന്റെ ഭാഗമായി എഴുത്തുകാരനും സാസ്‌കാരിക നായകനുമായിരുന്ന കുമാരതുംഗ മുനിദാസ 1942 ല്‍ ഹെല ഹവുല എന്ന ഒരു സാഹിത്യസംഘത്തിന് രൂപം കൊടുത്തു. സിംഹള ചരിത്രത്തെയും സാഹിത്യത്തെയും ഭാഷയെയും വൈദേശിക സ്വാധീനത്തില്‍ നിന്ന് മോചിപ്പിക്കുകയെന്നതായിരുന്നു സംഘടനയുടെ ഉദ്ദേശ്യം. ഇവരാണ് ആദ്യമായി രാവണനെ പുനഃസൃഷ്ടിക്കുന്നത്. 1980 കളില്‍ അരിസെന്‍ അഹുബുഹുദു എന്ന എഴുത്തുകാരന്‍ രാവണനെ കേന്ദ്രീകരിച്ച് രാവണവലിയ എന്ന പുസ്തകം എഴുതുക പോലുമുണ്ടായി.

സിംഹളര്‍ക്കിടയില്‍ എല്ലാ കാലത്തും ഇന്ത്യാ വിരുദ്ധത സജീവമായിരുന്നുവെന്ന് സാസ്‌കാരിക പഠിതാക്കള്‍ പറയുന്നു. ഇന്ത്യന്‍ പീസ് കീപ്പിങ് ഫോഴ്‌സ് ശ്രീലങ്കയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഇന്ത്യാ വിരുദ്ധത അതിന്റെ ഉച്ചകോടിയിലെത്തിയിരുന്നു. ഐപികെഎഫിനെ ഇന്ത്യയുടെ അധിനിവേശ സൈന്യമായാണ് ശ്രീലങ്കക്കാര്‍ കരുതിയിരുന്നത്. സിംഹളീയര്‍ക്കിടയില്‍ വേരുകളുണ്ടായിരുന്ന ഇടത് സംഘടനയായ ജനത വിമുക്തി പെരുമുന, ഐപികെഎഫിനെ മര്‍ക്കടസൈന്യം എന്നാണ് വിശേഷിപ്പിച്ചത്. രാമന്റെ മര്‍ക്കടസൈന്യത്തെ അനുസ്മരിച്ചായിരുന്നു, ആ സംബോധന.

അതേസമയം ഇത്തരം ചരിത്രഭാഷ്യങ്ങള്‍ വസ്തുതാപരമല്ലെന്ന് വാദിക്കുന്ന അക്കാദമിക്കുകളും അവിടെയുണ്ട്. എല്‍ടിടിഇ പരാജയപ്പെട്ടതിനു ശേഷം ഇന്ത്യന്‍ സംസ്‌കാരത്തിനെതിരേയുള്ള നീക്കങ്ങള്‍ കുറേ കൂടി സജീവമായി. അക്കാലത്തെ രാവണൈസേഷന്‍ എന്നാണ് ചിലര്‍ വിശേഷിപ്പിക്കുന്നത്. രാവണന്‍ അവര്‍ക്ക് സിംഹള ഹീറോ തന്നയായിരുന്നു.

അതേസമയം ഇതില്‍ മറ്റൊരു വൈരുദ്ധ്യം കൂടിയുണ്ട്. ശ്രീലങ്കയിലും തമിഴരും സിംഹളര്‍ക്കും രാവണന്‍ തങ്ങളുടെ ഇഷ്ടമിത്തായിരുന്നു. തമിഴ് നാട്ടിലെ ദ്രാവിഡപ്രസ്ഥാനങ്ങളില്‍ നിന്ന് ഉര്‍ജ്ജം സ്വീകരിച്ചിരുന്ന തമിഴര്‍ക്ക് രാമന്‍ ആര്യവല്‍ക്കരണത്തിന്റെ പ്രതീകമായിരുന്നുവെങ്കില്‍ രാവണന്‍ പ്രതിരോധമായിരുന്നു. സിംഹളരെ സംബന്ധിച്ചിടത്തോളം രാമന്‍ ഇന്ത്യന്‍ അധിനിവേശത്തിന്റെ പ്രതീകമായിരുന്നുവെങ്കില്‍ രാവണന്‍ പ്രതിരോധമായിരുന്നു. രസകരമായ കാര്യം, തമിഴര്‍, സിംഹളരെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. രണ്ട് എതിരാളികള്‍ ഒരേ മിത്തില്‍ നിന്ന് വ്യത്യസ്തമായി ഊര്‍ജ്ജം ശേഖരിച്ചതിന്റെ രസകരമായ ഉദാഹണമായും ഇത് മനസ്സിലാക്കാം.

Read More >>