വാഹന വില്‍പ്പന 16 ശതമാനം കുറഞ്ഞു

കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവാണിത്.

വാഹന വില്‍പ്പന 16 ശതമാനം കുറഞ്ഞു

ന്യൂഡൽഹി: ഇന്ത്യയിലെ വാഹനവിപണി വൻ തകർച്ചയിലേക്കെന്ന് റിപ്പോർട്ട്. വാഹനങ്ങളുടെ മൊത്തം വിൽപ്പന കണക്കിലെടുക്കുമ്പോൾ ഏപ്രിൽ മാസത്തിൽ 15.93 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. കാർ വിൽപ്പനയിൽ 17 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവാണിത്. ഇരുചക്രവാഹനങ്ങളുടെ വിൽപ്പനയും ഏറെക്കുറെ സമാനമായ തോതിൽ ഇടിഞ്ഞു. ടൂ വീലർ വിപണിയിൽ 16.4 ശതമാനം ഇടിവാണ് ഉണ്ടായത്.

കഴിഞ്ഞ വർഷം ഏപ്രിലിൽ 298,504 കാറുകൾ വിൽപ്പനയായ സ്ഥാനത്ത് ഈ വർഷം ഏപ്രിലിൽ വിറ്റത് 247,501 കാറുകൾ മാത്രമാണ്. ഇന്ത്യയിലെ ഓട്ടോമൊബൈൽ നിർമ്മാതാക്കളുടെ സഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് [സിയാം] ആണ് വിൽപ്പനയുടെ കണക്കുകൾ പുറത്തു വിട്ടത്.

സാമ്പത്തികമാന്ദ്യത്തിനു പുറമെ ഉയരുന്ന ഇന്ധനവിലയും ഇൻഷുറൻസ് ചെലവുകളുമാണ് വിൽപ്പനയെ പ്രതികൂലമായി ബാധിക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു. ഇരു ചക്ര വാഹന വിപണിയിൽ മോട്ടോർ സൈക്കിളുകളുടെ വിൽപ്പനയിൽ 11.81 ശതമാനം കുറവ് രേഖപ്പെടുത്തി. ഇതോടൊപ്പം ചരക്ക് വാഹനങ്ങളുടെ വിൽപ്പനയും കുറഞ്ഞിട്ടുണ്ട്.

Read More >>