ഇടത് സര്‍ക്കാരിന്റെ കാലത്ത് 19 രാഷ്ട്രീയ കൊലപാതങ്ങള്‍; 14ലും പ്രതികള്‍ സി.പി.എം

കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ സണ്ണി ജോസഫ് എം.എൽ.എ മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യത്തിന് മറുപടിയായി ഇപ്പോൾ നിയമസഭാ വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയതാണ് ഈ കണക്കുകൾ.

ഇടത് സര്‍ക്കാരിന്റെ കാലത്ത് 19 രാഷ്ട്രീയ കൊലപാതങ്ങള്‍; 14ലും പ്രതികള്‍ സി.പി.എം

സുധീർ കെ. ചന്ദനത്തോപ്പ്‌

പിണറായി സർക്കാർ അധികാരമേറ്റ കഴിഞ്ഞ ഡിസംബർ വരെ സംസ്ഥാനത്ത് നടന്നത് 19 രാഷ്ട്രീയ കൊലപാതകങ്ങൾ. ഇതിൽ 14 കേസുകളിലും പ്രതിപ്പ ട്ടികയിലുള്ളത് സി.പി.എം പ്രവർത്തകർ. കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ സണ്ണി ജോസഫ് എം.എൽ.എ മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യത്തിന് മറുപടിയായി ഇപ്പോൾ നിയമസഭാ വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയതാണ് ഈ കണക്കുകൾ. കഴിഞ്ഞ ഡിസംബർ വരെയുള്ള കണക്കുകളാണ് സർക്കാർ വ്യക്തമാക്കിയത്. ഇതിനു ശേഷമുണ്ടായ പെരിയ ഇരട്ടക്കെലപാതകം ഉൾപ്പടെ പട്ടികയിലില്ല. ഇതുകൂടി ചേരുന്നതോടെ സി.പി.എം പ്രവർത്തകർ പ്രതിപ്പട്ടികയിലുൾപ്പെട്ട കേസുകളുടെ എണ്ണം വർദ്ധിക്കും. പിണറായി വിജയൻ സർക്കാർ അധികാരമേറ്റ് മൂന്നുവർഷത്തിനിടെ സംസ്ഥാനത്ത് 824 കൊലപാതക കേസുകൾ റിപ്പോർട്ട് ചെയ്തതായും രേഖയിലുണ്ട്. രാഷ്ട്രീയ കൊലയുമായി ബന്ധപ്പെട്ട മൂന്നുകേസുകളിൽ പ്രതികളെ പിടികൂടിയിട്ടില്ലെന്നും നിയമസഭാ രേഖകൾ വ്യക്തമാക്കുന്നു.

2016 ജൂലൈ 11ന് കണ്ണൂരിൽ സി.പി.എം പ്രവർത്തകൻ ധനരാജാണ് പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം ആദ്യമായി കൊല്ലപ്പെട്ടത്. ബി.ജെ.പി പ്രവർത്തകരായിരുന്നു പ്രതികൾ. 2016 ൽ മാത്രം 10 രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ അരങ്ങേറി. ഇതിൽ ഏഴെണ്ണത്തിലും പ്രതികൾ സി.പി.എമ്മുകാരാണ്. രണ്ടു കേസിൽ ബി.ജെ.പിയും മറ്റൊരു കേസിൽ എസ്.ഡി.പി.ഐയും.

രാമചന്ദ്രൻ, വിനീഷ്, രമിത്ത്, രാധാകൃഷ്ണൻ,വിമല എന്നിവരാണ് 2015ൽ കൊല്ലപ്പെട്ട ബി.ജെ.പി/ആർ.എസ്.എസ് പ്രവർത്തകർ. ഇവരെ കൊലപ്പെടുത്തിയത് സി.പി.എമ്മുകാരാണ്. സി.പി.എം പ്രവർത്തകൻ നസീർ, മുസ്ലിംലീഗ് പ്രവർത്തകൻ അസ്്‌ലം എന്നിവരേയും സി.പി.എമ്മുകാർ തന്നെയാണ് കൊലപ്പെടുത്തിയത്.

ധനരാജിന് പുറമെ കെ.മോഹനൻ ആണ് 2016ൽ ബി.ജെ.പി പ്രവർത്തകരുടെ കൊലക്കത്തിക്ക് ഇരയായ സി.പി.എം പ്രവർത്തകൻ. ഇതേ വർഷം ഈരാറ്റുപേട്ടയിൽ മുൻ സി.പി.എം പ്രവർത്തകൻ നസീറും സി.പി.എം പ്രവർത്തകരാൽ കൊല്ലപ്പെട്ടു. കോഴിക്കോട്ടെ ലീഗ് പ്രവർത്തകൻ നസീറുദ്ദീനിന്റെ കൊലപാതകത്തിലാണ് പ്രതിപ്പട്ടികയിൽ എസ്.ഡി.പി.ഐ ഉള്ളത്. 2017ൽ അഞ്ച് ബി.ജെ.പി/ആർ.എസ്.എസ് പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ അഞ്ചിലും പ്രതികൾ സി.പി.എമ്മുകാരാണ്. സന്തോഷ് കുമാർ, രവീന്ദ്രനാഥ്, ബിജു, രാജേഷ്, ആനന്ദ് എന്നിവരാണ് കൊല്ലപ്പെട്ട ബി.ജെ.പി/ആർ.എസ്.എസ് പ്രവർത്തകർ.

2018ൽ നാല് കൊലപാതകങ്ങളിൽ രണ്ടെണ്ണത്തിലും പ്രതികൾ സി.പി.എമ്മുകാരാണ്. കോൺഗ്രസ് പ്രവർത്തകനായ ശുഹൈബിനേയും ബി.ജെ.പി പ്രവർത്തകൻ ഷമേജിനേയും വധിച്ചതിൽ സി.പി.എം പ്രവർത്തകരാണ് പ്രതികൾ. ഇതേവർഷം കണ്ണൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ ശ്യാമപ്രസാദ്, എറണാകുളത്ത് എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യു എന്നിവർ കൊല്ലപ്പെട്ട കേസുകളിലും പ്രതിപ്പട്ടികയിലുള്ളത് എസ്.ഡി.പി.ഐ പ്രവർത്തകരാണ്.

Read More >>