അടിയന്തരാവസ്ഥ @ 44 : ജനാധിപത്യം സംരക്ഷിക്കാൻ ജാഗ്രത വേണമെന്നു നേതാക്കൾ

അടിയന്തരാവസ്ഥ ദിനം ഓർക്കേണ്ടത് ആരേയും വിമർശിക്കാനല്ല, ജനാധിപത്യത്തിന്റേയും ജനാധിപത്യ സ്ഥാപനങ്ങളുടേയും പ്രധാന്യം മനസിലാക്കാനാണെന്നു മോദി

അടിയന്തരാവസ്ഥ @ 44 : ജനാധിപത്യം സംരക്ഷിക്കാൻ ജാഗ്രത വേണമെന്നു നേതാക്കൾ

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ കറുത്ത ഓർമകൾ പുതുക്കി പാർലമെന്റ്. 1975-77ലെ കറുത്ത ദിനങ്ങൾ ആവർത്തിക്കാതിരിക്കാനും ജനാധിപത്യം സംരക്ഷിക്കപ്പെടാനും ജാഗ്രത പാലിക്കണമെന്നു വിവിധ പാർട്ടി നേതാക്കൾ പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ നിരവധി ചോദ്യങ്ങൾ ചോദിക്കുന്നു. ഈ ചോദ്യത്തിനു ഉത്തരം നൽകിയാലും. ഇന്ത്യയുടെ ആത്മാവിനെ ചതച്ചരച്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ആരാണ്? അധികാരം നഷ്ടപ്പെടുമെന്ന് പേടിച്ച് മാദ്ധ്യമങ്ങളുടെ കഴുത്തു ഞെരിച്ചതും ഇന്ത്യയെ ജയിലാക്കിയതും ആരാണ്? കോടതി അവഗണിക്കപ്പെട്ടതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണിതെന്നു രാഷ്ട്രപതിക്കുള്ള നന്ദി പ്രസംഗത്തിൽ അടിയന്തരാവസ്ഥ വാർഷികം ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഈ ജൂൺ 25ന് ജനാധിപത്യത്തോടുള്ള പ്രതിബദ്ധത ആവർത്തിക്കേണ്ടതുണ്ട്. ഭരണഘടനയെ ചവിട്ടിമെതിച്ചത് ആർക്കും മറക്കാനാവില്ല. ഈ കളങ്കം ഒരിക്കലും തുടച്ചു മാറ്റാൻ കഴിയില്ല. ഈ പാതയിലൂടെ വീണ്ടും രാജ്യം നടക്കാതിരിക്കാൻ ഇക്കാര്യം വീണ്ടും വീണ്ടും ഓർമ്മിക്കണം. ഈ ദിനം ഓർക്കേണ്ടത് ആരേയും വിമർശിക്കാനല്ല, ജനാധിപത്യത്തിന്റേയും ജനാധിപത്യ സ്ഥാപനങ്ങളുടേയും പ്രധാന്യം മനസിലാക്കാനാണെന്നു മോദി പറഞ്ഞു.

ഇന്ത്യൻ ചരിത്രത്തിൽ ജൂൺ 25 കറുത്ത ദിനമായാണ് കണക്കാക്കപ്പെടുന്നതെന്നു ബി.ജെ.പി രാജ്യസംഭാഗം വിനയ് സഹസ്രബുദ്ധെ പുറഞ്ഞു. രാജ്യം ജയിലിലായ അവസ്ഥായിയിരുന്നുവെന്നാണ് എ.ബി വാജ്‌പേയ് അക്കാലത്തെ കുറിച്ച് പറഞ്ഞിരുന്നത്. ഒരോ മരത്തിനു പിന്നിൽ പോലും ഭരണാധികാരികൾ ഗൂഢാലോചനകൾ കണ്ടെന്നു അദ്ദേഹം പറഞ്ഞു.

44 വർഷം മുമ്പ് ഈ ദിനം ഇന്ത്യയുടെ കറുത്ത ദിനമായിരുന്നുവെന്നു തൃണമൂൽ കോൺഗ്രസ് എം.പി ഡെറക് ഓ ബ്രയ്ൻ പറഞ്ഞു. ജനാധിപത്യത്തിന്റെ കഴുത്തു ഞെരിക്കുകയും ദുരുപയോഗം ചെയ്യുകയുമാണ് അന്നു നടന്നത്. ജനാധിപത്യത്തെ വികൃതമാക്കി നശിപ്പിക്കാൻ ശ്രമിച്ചവർക്ക് രണ്ടു വർഷത്തിനു ശേഷം ജനം മറുപടി നൽകി. നമ്മൾ അടിയന്തരാവസ്ഥയെ സഹിക്കില്ല. നമ്മൾ ജാഗ്രരായിരിക്കണം. മമത ബാനർജി രാജ്യത്ത് ഒരു സൂപ്പർ അടിയന്തരാവസ്ഥ അനുവദിക്കില്ലെന്നും അതിനെതിരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

'അഞ്ചു വർഷമായി ഇന്ത്യ സൂപ്പർ അടിയന്തരാവസ്ഥ നേരിടുകയാണ്. ചരിത്രത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് രാജ്യത്തിന്റെ ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കാൻ നമ്മൾ പോരാടണം' എന്നു മമത കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

ഭരണഘടനയെ നശിപ്പിച്ചുകൊണ്ടാണ് അടിയന്തരാവസ്ഥ കൊണ്ടുവന്നതെന്നു പാർലമെന്റിനു പുറത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെ പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക്കർ പറഞ്ഞു. ഇത് മാദ്ധ്യമ സ്വാതന്ത്ര്യം, ചിന്തിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കി. രാജ്യത്തെ ജയിലാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആദ്യമായി മാറ്റി വച്ചുവെന്നു അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയവരെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.

ചില നേതാക്കൾ ഇപ്പോൾ അടിയന്തരാവസ്ഥയാണെന്നു പറയുന്നുണ്ട്. എന്നാൽ ഇപ്പോൾ മാദ്ധ്യമ സ്വാതന്ത്ര്യമുണ്ട്. സാമൂഹ്യമാദ്ധ്യമ സ്വാതന്ത്ര്യമുണ്ട്. എല്ലാവർക്കും ശബ്ദമുയർത്താം, ശരിയാണെങ്കിലും അല്ലെങ്കിലും. കോൺഗ്രസ് ഇല്ലാതാക്കിയ സ്വാതന്ത്ര്യം ഇപ്പോഴുണ്ടെന്നു അദ്ദേഹം പറഞ്ഞു.

1975നേതിനേക്കാൾ ശക്തമായ പോരാട്ടം ഇപ്പോൾ മതേതര ജനാധിപത്യം നേരിടുന്ന ആക്രമണങ്ങളെ ചെറുക്കാൻ ആവശ്യമാണെന്നു സി.പി.എം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി പറഞ്ഞു. ഇന്ത്യ എല്ലാ പൗരന്മാർക്കും അവകാശപ്പെട്ടതല്ല എന്നു കരുതുന്നവരാണ് ആക്രമണങ്ങളുണ്ടാക്കുന്നത്. എന്നാൽ ഇന്ത്യ എല്ലാവർക്കും അവകാശപ്പെട്ടതാണ്. ഏതു ദൈവത്തിനോടും പ്രാർത്ഥിച്ചാലും ഇല്ലേലും എല്ലാ ഇന്ത്യക്കാർക്കും രാജ്യം അവകാശപ്പെട്ടതാണെന്നു അദ്ദേഹം പറഞ്ഞു.

Read More >>