ഭാഷാ അദ്ധ്യാപകരില്ല: മലയാളത്തെ പടിക്കുപുറത്ത് നിര്‍ത്തി 89 സ്‌കൂളുകള്‍

മുഴുവന്‍ സ്കൂളുകളും കാസര്‍കോട് ജില്ലയില്‍, 20 എണ്ണം സര്‍ക്കാര്‍ സ്കൂളുകള്‍

ഭാഷാ അദ്ധ്യാപകരില്ല: മലയാളത്തെ പടിക്കുപുറത്ത് നിര്‍ത്തി 89 സ്‌കൂളുകള്‍

സുധീര്‍ കെ ചന്ദനത്തോപ്പ്‌

തിരുവനന്തപുരം: പത്താംക്ലാസ് വരെയുള്ള ക്ലാസുകളിൽ മലയാളം പഠനം നിർബന്ധമാക്കിയ സംസ്ഥാനത്ത് മലയാളം പഠിപ്പിക്കാത്ത സ്‌കൂളുകളും. കാസർകോട് ജില്ലയിലാണ് മലയാളം പടിക്ക് പുറത്തുള്ളത്. ജില്ലയിലെ 89 സ്‌കൂളുകളിലാണ് മലയാളമില്ലാത്തത്. ഇതിൽ 20 സ്‌കൂളുകളും സർക്കാർ സ്‌കൂളുകളാണെന്നുള്ളതാണ് ഏറെ രസകരം. സർക്കാർ ഗ്രാന്റ് വാങ്ങി പ്രവർത്തിക്കുന്ന 62 എയ്ഡഡ് സ്‌കൂളുകളുകളിൽ മലയാളമില്ല. അൺ എയ്ഡഡ് മേഖലയിൽ ഏഴ് സ്‌കൂളുകളിലാണ് മലയാളമില്ലാത്തത്.

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയിൽ വച്ച രേഖകളിലാണ് ഈ വിവരങ്ങളുള്ളത്. പഠിക്കാൻ വിദ്യാർത്ഥികളെ കിട്ടാത്തത് കൊണ്ടോ സർക്കാരിന്റെ സഹായങ്ങളും ആനുകൂല്യങ്ങളും കിട്ടാത്തത് കൊണ്ടോ അല്ല ഇവിടെ മലയാളം പടിക്ക് പുറത്തായത്. മലയാളം അറിയാവുന്ന അദ്ധ്യാപകർ ഇല്ലാത്തതാണ് ഇവിടുത്തെ പ്രശ്നമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.

അതേസമയം, മലയാളം മീഡിയം ക്ലാസുകൾ തുടങ്ങി ആവശ്യമായ അദ്ധ്യാപകരെ നിയമിച്ചിട്ടും നിയമനാംഗീകാരം കാത്തുകഴിയുന്ന എയ്ഡഡ് സ്‌കൂളുകളും ജില്ലയിലുണ്ട്. കുമ്പള വിദ്യാഭ്യാസ ഉപജില്ലയിലെ ബൻപുത്തട്ക്കയിലെ എസ്.ഡി.പി.എ.യു.പി സ്‌കൂളിൽ ഏഴാം ക്ലാസിലേക്ക് മാനേജർ അദ്ധ്യാപികയെ നിയമിച്ചിട്ടുണ്ടെങ്കിലും സർക്കാർ ഇതുവരെ നിയമനാംഗീകാരം നൽകിയിട്ടില്ല. മലയാളം മീഡിയം ഹൈസ്‌കൂൾ ഇല്ലാത്ത പഞ്ചായത്തും ഈ ജില്ലയിലുണ്ട്.

വൊർക്കാടി, കംബഡാജെ പഞ്ചായത്തുകളിൽ മലയാളം മീഡിയം ഹൈസ്‌കൂളുകളില്ല. ഒരു പഞ്ചായത്തിൽ ഒരു മലയാളം മീഡിയം ഹൈസ്‌കൂളുകൾ പോലും ഇല്ല എന്ന കുറവ് പരിഹരിക്കാൻ നിലവിൽ ഒരു നടപടിയും പരിഗണനയിൽ ഇല്ലെന്നാണ് വകുപ്പിന്റെ വിശദീകരണം.

സംസ്ഥാനത്തെ പത്താംക്ലാസ് വരെയുള്ള ക്ലാസുകളിൽ മലയാളം പഠനം നിർബന്ധമാക്കി 2017ൽ സർക്കാർ ഓർഡിനൻസ് ഇറക്കിയിരുന്നു. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിലും മലയാളം പഠനം നിർബന്ധമാണ്. കേരള വിദ്യാഭ്യാസ നിയമ പ്രകാരമാണ് മലയാള ഭാഷ പഠനം നിർബന്ധമാക്കിയത്. മലയാളം സംസാരിക്കാൻ പാടില്ലെന്ന് പ്രത്യക്ഷമായോ പരോക്ഷമായോ നിർദ്ദേശം നൽകാൻ സ്‌കൂളുകളെ അനുവദിക്കില്ലെന്നായിരുന്നു ഓർഡിനൻസ് ഇറക്കിയ വേളയിൽ മുഖ്യമന്ത്രി പറഞ്ഞത്.

Read More >>