രണ്ടാംഘട്ട വോട്ടെടുപ്പ്; 96 മണ്ഡലങ്ങള്‍ നാളെ ബൂത്തിലേക്ക്; തമിഴ്‌നാട്ടിലെ വെല്ലൂർ മണ്ഡലത്തിൽ വോട്ടെടുപ്പ് റദ്ദാക്കി

ഇവിടങ്ങളിലെ പരസ്യപ്രചാരണം കഴിഞ്ഞ ദിവസം അവസാനിച്ചു. മേയ് 23നാണ് വോട്ടെണ്ണൽ.

രണ്ടാംഘട്ട വോട്ടെടുപ്പ്; 96 മണ്ഡലങ്ങള്‍ നാളെ ബൂത്തിലേക്ക്;  തമിഴ്‌നാട്ടിലെ വെല്ലൂർ മണ്ഡലത്തിൽ വോട്ടെടുപ്പ് റദ്ദാക്കി

ന്യൂഡൽഹി: 12 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 96 ലോക്‌സഭാ സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. തമിഴ്‌നാട് (38), കർണാടക (14), മഹാരാഷ്ട്ര (10), യു.പി (8), അസം, ബിഹാർ, ഒഡീഷ എന്നിവിടങ്ങളിൽ അഞ്ചുവീതം, ഛത്തീസ്ഗഢ്, പശ്ചിമബംഗാൾ, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ മൂന്നുവീതം, മണിപ്പൂർ, ത്രിപുര, പുതുച്ചേരി, എന്നിവിടങ്ങളിലെ ഓരോ സീറ്റിലേക്കുമാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുക. ഇവിടങ്ങളിലെ പരസ്യപ്രചാരണം കഴിഞ്ഞ ദിവസം അവസാനിച്ചു. മേയ് 23നാണ് വോട്ടെണ്ണൽ.

ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലേക്കും തമിഴ്‌നാട്ടിലെ 18 നിമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്. അതേസമയം, തമിഴ്‌നാട്ടിലെ വെല്ലൂർ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് റദ്ദാക്കിയിട്ടുണ്ട്. ഡി.എം.കെ സ്ഥാനാർത്ഥിയുടെ വസതിയിൽവെച്ച് കഴിഞ്ഞദിവസം വലിയതോതിൽ കണക്കിൽപ്പെടാത്ത പണം അധികൃതർ പിടികൂടിയിരുന്നു. കതിർ ആനന്ദിന്റെ ഗോഡൗണിൽവെച്ച് 11.5 കോടിയാണ് അധികൃതർ പിടിച്ചെടുത്തത്. ഇതേത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാർശ രാഷ്ട്രപതി അംഗീകരിച്ചതോടെയാണ് ഈ മണ്ഡലത്തിൽ വോട്ടെടുപ്പ് റദ്ദാക്കിയത്.

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ- ഡി.എം.കെ മുന്നണികൾ തമ്മിലാണ് ശക്തമായ മത്സരം. തെക്കൻ ജില്ലകളിൽ ടി.ടി.വി ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം ശക്തമായ ത്രികോണ മത്സരത്തിന് വഴിവെക്കുന്നുണ്ട്. തെക്കേ ഇന്ത്യയിൽ ബി.ജെ.പിക്ക് സ്വാധീനമുള്ള ഏക സംസ്ഥാനം കർണാടകയാണ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 28ൽ 17 സീറ്റുകൾ നേടിയിരുന്നു. എന്നാൽ, ഇത്തവണ ജെ.ഡി.എസ്‌-കോൺഗ്രസ് സഖ്യമായി മത്സരിക്കുന്നതോടെ ഇവിടെ ബി.ജെ.പി വലിയ വെല്ലുവിളിയാണ് നേരിടുന്നത്.