ബാബറി മസ്ജിദ് കേസില്‍ സുപ്രധാന വഴിത്തിരിവായി സുപ്രിം കോടതി വിധി; അന്തിമവിധി വൈകും

ബാബറി മസ്ജിദ് കേസ് ഇനി മുതല്‍ വെറും ഭൂമിക്കേസാവില്ല, ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നതില്‍ സുപ്രധാന കേസെന്ന് സുപ്രിം കോടതി

ബാബറി മസ്ജിദ് കേസില്‍ സുപ്രധാന വഴിത്തിരിവായി സുപ്രിം കോടതി വിധി; അന്തിമവിധി വൈകും

ബാബറി മസ്ജിദ്- അയോധ്യ കേസ് വെറും ഭൂമിപ്രശ്‌നമല്ലെന്നും രാജ്യത്തിന്റെ രാഷ്ട്രീ ചരിത്രവസ്തുതകള്‍ ഉള്‍ക്കൊള്ളുന്ന സുപ്രധാന പ്രശ്‌നമാണെന്നും സുപ്രിം കോടതി. കേസ് പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായി അഞ്ചംഗ ഭരണഘടനാ ബഞ്ച് രൂപീകരിക്കാനുള്ള ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ തീരുമാനം അയോധ്യ കേസ് ഇനി മുതല്‍ വെറും ഒരു കേസായിരിക്കുകയില്ല എന്ന സൂചനയാണ് നല്‍കുന്നത്. 2017 ല്‍ കേസ് പരിഗണിക്കവെ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുളള മൂന്നംഗ ബഞ്ചാണ് മറ്റേതൊരു ഭൂമിക്കേസുപോലെയും ബാബറി മസ്ജിദ് കേസ് പരിഗണിച്ചത്.

2017 ല്‍ സീനിയര്‍ അഭിഭാഷകരായ രാജീവ് ധവാന്‍, കബില്‍ സിബല്‍ എന്നിവര്‍ കേസ് ഭരണഘടനാ ബഞ്ചിന് വിടണമെന്ന ആവശ്യമുയര്‍ത്തിയിരുന്നു. ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നതില്‍ അതീവ പ്രാധാന്യമുളള കേസാണ് ഇതെന്നും രാജ്യത്തിന്റെ മതേതര, ജനാധിപത്യസംവിധാനത്തെ നിര്‍ണയിക്കുന്നതില്‍ ഈ കേസിന് വലിയ പങ്കുണ്ടെന്നും ഇവര്‍ വാദിച്ചു. 2010 ലെ അലഹബാദ് ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തുകൊണ്ട് സുന്നി വക്കഫ് ബോര്‍ഡ്, ഹിന്ദു മഹാസഭ, നിര്‍മോഹി അഖാര എന്നിവര്‍ കൊടുത്ത കേസിലായിരുന്നു സീനിയര്‍ അഭിഭാഷകര്‍ കോടതിയല്‍ സബ്മിഷന്‍ നല്‍കിയത്. ഹിന്ദു മഹാസഭ, സുന്നി വക്കഫ് ബോര്‍ഡ്, നിര്‍മോഹി അഖാര എന്നിവര്‍ക്കിടയില്‍ ഭൂമി തുല്യമായി വീതിക്കാനായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ 2010 സെപ്റ്റംബര്‍ 30 ലെ വിധി. 2011ല്‍ സുപ്രിം കോടതി ഈ വിധി അസ്ഥിരപ്പെടുത്തി.

അതേസമയം ബാബറി മസ്ജിദ് കേസ് ഇനിയും നീളാനുളള സാധ്യതയും ഇതോടെ രൂപപ്പെടുകയാണ്. 4304 പേജുളള വിധിന്യായത്തില്‍ 88 പേരുടെ 13866 പേജ് സാക്ഷി മൊഴിയും അടങ്ങുന്നുണ്ട്. ഹാജരാക്കപ്പെട്ട രേഖകളില്‍ വലിയ ശതമാനത്തോളം ഹിന്ദി, പേര്‍ഷ്യന്‍, സംസ്‌കൃതം, അറബി, ഗുരുമുഖി, ഉറുദു ഭാഷകളിലാണ്. അവയൊക്കെ തര്‍ജ്ജമ ചെയ്തതിനു ശേഷമേ കോടതിയ്ക്ക് പരിശോധിക്കാനാവൂ. ചില ഹര്‍ജിക്കാര്‍ തര്‍ജ്ജമകള്‍ ഹാജരാക്കിയിരുന്നെങ്കിലും തര്‍ക്കമുന്നയിക്കാനുള്ള സാധ്യതയുള്ളതുകൊണ്ട് കോടതി സ്വീകരിച്ചിരുന്നില്ല.

കേസുമായി ബന്ധപ്പെട്ട രേഖകള്‍ നിലവില്‍ 15 ട്രങ്ക് പെട്ടികളിലായി ലോക്ക് ചെയ്ത മുറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അത് നേരിട്ട് പരിശോധിക്കാന്‍ കോടതി രജിസ്ട്രി സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ വിവര്‍ത്തകരുടെ സഹായത്തോടെ രേഖകളുടെ തര്‍ജ്ജമ പൂര്‍ത്തിയാക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത കൈവരാത്തതുകൊണ്ട് കേസും അനിശ്ചിതമായി നീളാനാണ് സാധ്യത. തര്‍ജ്ജമ ചെയ്യുന്നതിന് എടുത്തേക്കാവുന്ന സമയം അറിയിക്കാനും രജസ്ട്രി സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് ഔദ്യോഗിക വിവര്‍ത്തകരുടെ സഹായവും സ്വീകരിക്കാവുന്നതാണ്. കോടതി നേരത്തെ തീരുമാനിച്ചതുപോലെ 2019 ഏപ്രിലില്‍ അന്തിമവിധി പുറപ്പെടുവിക്കാനുള്ള സാധ്യതയാണ് ഇതോടെ മങ്ങുന്നത്.

നേരത്തെ കല്യാണ്‍ സിങിനു വേണ്ടി ബാബറി കേസില്‍ ഹാജരായ ജസ്റ്റിസ്. യു യു ലലിത് നേരത്തേ തന്നെ കേസ് കേള്‍ക്കുന്നതില്‍ നിന്ന് ഒഴിവായിരുന്നു. കേസ് ജനുവരി 29 ന് വീണ്ടും പരിഗണിക്കും.
Read More >>