മോദി സര്‍ക്കാറിന് പിന്തുണയുമായി സിഎജി റിപ്പോര്‍ട്ട്

റഫാല്‍ വില നിര്‍ണയത്തില്‍ നരേന്ദ്രമോദി സര്‍ക്കാറിന് വീഴ്ചയില്ലെന്ന് സിഎജി റിപ്പോര്‍ട്ട്

മോദി സര്‍ക്കാറിന് പിന്തുണയുമായി സിഎജി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: റഫാല്‍ വില നിര്‍ണയത്തില്‍ നരേന്ദ്രമോദി സര്‍ക്കാറിന് വീഴ്ചയില്ലെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കറിനെക്കാള്‍ 2.86 ശതമാനം കുറഞ്ഞ വിലയ്ക്കാണു വിമാനം വാങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

രാജ്യസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ 36 പേജുകളിലാണ് റഫാല്‍ പരാമര്‍ശിക്കുന്നത്. എന്നാല്‍ റാഫേല്‍ വിമാനങ്ങളുടെ അന്തിമ വില സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലില്ല. മുന്‍സര്‍ക്കാരിന്റെ കരാറുമായി വലിയ അന്തരമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത 126 വിമാനങ്ങളുടെ കരാറിനേക്കാള്‍ 17.08 ശതമാനം തുക പുതിയ കരാറില്‍ ലാഭിക്കാന്‍ കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

കോണ്‍ഗ്രസും പ്രതിപക്ഷപാര്‍ട്ടികളും റിപ്പോര്‍ട്ടിനെതിരെ രംഗത്തെത്തി. 2016 ല്‍ ധനകാര്യ സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ സിഎജി രാജീവ് മെഹര്‍ഷി റാഫാല്‍ ഇടപാടിന്റെ ഭാഗമാണെന്നും പ്രതിപക്ഷം ആരോപിച്ചു. അതുകൊണ്ട് തന്നെ ആ ചര്‍ച്ചകളില്‍ പങ്കാളിയായ ഒരാള്‍ക്ക് ഇടപാട് ഓഡിറ്റ് ചെയ്യാനുള്ള ധാര്‍മിക അവകാശം ഇല്ലെന്നാണ് കോണ്‍ഗ്രസിന്റെ വാദം. ഇടപാടിലെ ക്രമക്കേടുകളില്‍ മെഹ്റിഷി കൂടി പങ്കാളിയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ നിന്ന് മെഹ്റിഷി സ്വയം പിന്‍മാറണം എന്നും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

കള്ളനായ കാവല്‍ക്കാരന്റെ ഓഡിറ്റര്‍ ജനറല്‍ ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നരേന്ദ്ര മോദിയുടേയും അനില്‍ അംബാനിയുടേയും ചിത്രങ്ങള്‍ രേഖപ്പെടുത്തിയ കടലാസ് വിമാനങ്ങളും കോണ്‍ഗ്രസ് എം.പിമാര്‍ പറത്തി. സിഎജി റിപ്പോര്‍ട്ടിലൂടെ പ്രതിപക്ഷത്തിന്റെ നുണ ആരോപണങ്ങള്‍ എല്ലാം തുറന്നുകാട്ടപ്പെട്ടെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രതികരിച്ചു.

Read More >>