വാഹനമേഖലയില്‍ 10 ലക്ഷം പേരുടെ തൊഴില്‍ പ്രതിസന്ധിയില്‍; പ്രശ്‌നങ്ങളില്ലെന്ന് സര്‍ക്കാര്‍

താല്‍ക്കാലിക പ്രതിഭാസമല്ല ഇപ്പോള്‍ വാഹന വിപണി നേരിടുന്ന പ്രശ്‌നങ്ങള്‍

വാഹനമേഖലയില്‍ 10 ലക്ഷം പേരുടെ തൊഴില്‍ പ്രതിസന്ധിയില്‍; പ്രശ്‌നങ്ങളില്ലെന്ന് സര്‍ക്കാര്‍

മുംബൈ: വാഹനമേഖല വന്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും പ്രശ്‌നങ്ങളൊന്നുമില്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍. പ്രതിസന്ധി രൂക്ഷമെന്ന നിരവധി റിപ്പോര്‍ട്ടുകള്‍ക്കിടയിലും വിഷയത്തില്‍ ധനമന്ത്രാലയമോ അനുബന്ധ വകുപ്പുകളോ ഇതുവരെ ഇടപെട്ടിട്ടില്ല. നിലവില്‍ ജമ്മു കശ്മീര്‍ വിഭജനവുമായി ബന്ധപ്പെട്ടാണ് എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ശ്രദ്ധയും.

താല്‍ക്കാലിക പ്രതിഭാസമല്ല ഇപ്പോള്‍ വാഹന വിപണി നേരിടുന്ന പ്രശ്‌നങ്ങള്‍. വ്യാവസായിക സമിതിയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് (സിയാം) പുറത്തു വിട്ട കണക്കു പ്രകാരം 2019 ജൂലൈയിലെ കാര്‍വില്‍പ്പന 2,00,790 യൂണിറ്റാണ്. 2018 ജൂലൈയില്‍ 2,90,930 കാറാണ് വിറ്റിരുന്നത്. 36 ശതമാനമാണ് പാസഞ്ചര്‍ കാറുകളുടെ വില്‍പ്പനയില്‍ ഇടിവുണ്ടായത്.

മോട്ടോര്‍ സൈക്കിളുകളുടെ വില്‍പ്പനയില്‍ 16.82 ശതമാനം കുറവാണ് ഉണ്ടായത്. ഈ ജൂലൈയില്‍ വിറ്റത് 1,511,692 ബൈക്കുകള്‍ ആണെങ്കില്‍ 2018 ജൂലൈയില്‍ ഇത് 1,817,406 ആയിരുന്നു.

19 വര്‍ഷത്തിനിടെ ആദ്യമായാണ് കാര്‍ വില്‍പ്പന ഇത്രയും താഴേക്കു പോകുന്നത്. 2000 ഡിസംബറിലാണ് ഇതിനു മുമ്പ് ഇത്രയും വലിയ വീഴ്ചയുണ്ടായത്; 39.86%.

വാഹന വ്യവസായ മേഖലയില്‍ കൂട്ടപ്പിരിച്ചുവിടലും തൊഴില്‍ നഷ്ടവും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് വില്‍പ്പനയിലും ഇടിവു സംഭവിക്കുന്നത്.

ഇന്ത്യയുടെ നിര്‍മാണ മേഖലയുടെ പകുതി ശതമാനവും വാഹന മേഖലയില്‍ നിന്നുള്ളതാണ്. ' ഈ വ്യവസായം താഴേക്കു പോയാല്‍ എല്ലാറ്റിനെയും ബാധിക്കും. നിര്‍മാണം, തൊഴില്‍, സര്‍ക്കാറിനുള്ള വരുമാനം എന്നിവയെ എല്ലാം' - സിയാം ഡയറക്ടര്‍ ജനറല്‍ വിഷ്ണു മാഥുര്‍ പറഞ്ഞു.

വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയിലും വലിയ കുറവു വന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു വര്‍ഷത്തിനിടെ ഇവയുടെ വില്‍പ്പന 25.71 ശതമാനമാണ് ഇടിഞ്ഞത്. 2019 ജൂലൈയില്‍ 56,866 വാഹനങ്ങളാണ് വിറ്റത്. 2018 ജൂലൈയില്‍ ഇത് 76,545 ആയിരുന്നു.

മുച്ചക്രവാഹനങ്ങളുടെ വില്‍പ്പനയില്‍ 7.66 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 60,341 മുച്ചക്രവാഹനങ്ങള്‍ വിറ്റപ്പോള്‍ ഈ വര്‍ഷം വിറ്റത് 55,719 എണ്ണം മാത്രം.

സാമ്പത്തിക മാന്ദ്യം മൂലം മാത്രം 3.45 ലക്ഷം തൊഴില്‍ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് മാഥൂര്‍ പറഞ്ഞു. മൂന്നൂറോളം ഡീലര്‍ഷിപ്പ് ഔട്ട്‌ലറ്റുകള്‍ പൂട്ടി. ഇതുവഴി മാത്രം 2.3 ലക്ഷം തൊഴില്‍ നഷ്ടമാണ് ഉണ്ടായത്. മൊത്തം പത്തുലക്ഷം പേരുടെ ജോലിയാണ് പ്രതിസന്ധിയിലായിട്ടുള്ളത്- അദ്ദേഹം ചൂണ്ടിക്കാട്ടി.

Read More >>