സാമ്പത്തിക മാന്ദ്യത്തിന് പിന്നില്‍ 91ലെ സാമ്പത്തിക പരിഷ്‌കാരം: വിചിത്ര വാദവുമായി ആര്‍.എസ്.എസ് സൈദ്ധാന്തികന്‍

തുടര്‍ച്ചായി അധികാരത്തില്‍ വന്ന സര്‍ക്കാറുകളുടെ തെറ്റായ നയങ്ങളാണ് കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണം

സാമ്പത്തിക മാന്ദ്യത്തിന് പിന്നില്‍ 91ലെ സാമ്പത്തിക പരിഷ്‌കാരം: വിചിത്ര വാദവുമായി ആര്‍.എസ്.എസ് സൈദ്ധാന്തികന്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക മാന്ദ്യത്തിന് കാരണം 1991ല്‍ നടപ്പാക്കിയ നവ ഉദാരവല്‍ക്കരണ നയങ്ങളാണെന്ന വിചിത്ര വാദവുമായി ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ കെ.എന്‍ ഗോവിന്ദാചാര്യ. വരും വര്‍ഷങ്ങളില്‍ പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഷ്ട്രീയ സ്വാഭിമാന്‍ ആന്ദോളന്റെ ദ്വിദിന സമ്മേളനത്തിന് മുമ്പോടിയായി മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ഗോവിന്ദാചാര്യ. ആഭ്യന്തര ഉല്‍പ്പാദനത്തിനും ഉപഭോഗത്തിലും അടിസ്ഥാനമായുള്ള സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇപ്പോള്‍ നിലനില്‍ക്കുന്നത് അധാര്‍മ്മികമായ വിപണി മൂല്യ വ്യവസ്ഥിതിയാണ്. അത് ആരോഗ്യകരവും സ്വതന്ത്രവുമായ സമൂഹം സൃഷ്ടിക്കില്ല. പ്രകൃതി കേന്ദ്രീകൃതമായ വികസനത്തെ സ്വീകരിക്കാനുള്ള സമയമായിട്ടുണ്ട്. ഉപഭോഗത്തില്‍ അടിസ്ഥാനമാക്കിയുള്ള ജി.ഡി.പി എസ്റ്റിമേഷന്‍ അല്ല വേണ്ടത്. വികസനത്തിന്റെ അടിസ്ഥാനം പാരിസ്ഥിതിക സുസ്ഥിരതയാകണം. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ അവകാശങ്ങളെ കൂടി സംരക്ഷിക്കുന്നതാകണം അത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1991ല്‍ ആരംഭിച്ച സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. തുടര്‍ച്ചായി അധികാരത്തില്‍ വന്ന സര്‍ക്കാറുകളുടെ തെറ്റായ നയങ്ങളാണ് കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണം. ഇതു കൊണ്ട് തൊഴിലില്ലായ്മ കൂടി. ഇറക്കുമതി മൂലം കര്‍ഷകര്‍ക്ക് വിളകളുടെ യഥാര്‍ത്ഥ വില ലഭിക്കാതായി. ഇതോടെ പ്രതിസന്ധി വര്‍ദ്ധിച്ചു- അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story
Read More >>