ബി.ജെ.പിയെ തടയാന്‍ ആം ആദ്മി; സംസ്ഥാനത്ത് ആര് ആപ്പിലാകും

കേരളത്തിൽ പാര്‍ട്ടിക്ക് വലിയ സ്വാധീനമില്ലെങ്കിലും ചിലയിടങ്ങളിൽ എൽ.ഡി.എഫിന് ആപ്പാകാൻ പാർട്ടിക്ക് കഴിഞ്ഞേക്കും.

ബി.ജെ.പിയെ തടയാന്‍ ആം ആദ്മി; സംസ്ഥാനത്ത് ആര് ആപ്പിലാകും

കോഴിക്കോട്: കോൺ​​ഗ്രസ്സും ബി.ജെ.പിയും തുല്യ ശത്രുക്കൾ, ഈ രണ്ടു പാർട്ടികളുമായും സഖ്യത്തിനോ നീക്കുപോക്കിനോ തയ്യാറല്ല എന്നതായിരുന്നു ആദ്യകാലത്ത് ആം ആദ്മി പാർട്ടിയുടെ നയം. എന്നാൽ ബി.ജെ.പിയെ തോൽപ്പിക്കാൻ കോൺ​ഗ്രസ്സുമായി ചങ്ങാത്തം കൂടാൻ നോക്കുകയാണ് ആപ്പ്.

ദേശീയ തലത്തിൽ കോൺ​ഗ്രസ്സുമായി പ്രത്യക്ഷ സഖ്യമായില്ലെങ്കിലും വിവിധ സംസ്ഥാനങ്ങളിൽ ആം ആദ്മി പാർട്ടിയുടെ വോട്ടുകൾ കോൺ​ഗ്രസ്സിനു ലഭിച്ചേക്കും. ബി.ജെ.പി അധികാരത്തിലേറുന്നത് തടയുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യമെന്നിരിക്കെ അതിനു സഹായകരമാകുന്ന രീതിയിൽ വോട്ടുകൾ വിനിയോ​ഗിക്കാനാണ് നിര്‍ദേശം. ബി.ജെ.പിയുടെ പ്രധാന എതിരാളി എന്ന നിലയിലും സംസ്ഥാനത്ത് ജയസാദ്ധ്യതയുള്ള പാർട്ടികളിൽ ഒന്ന് എന്ന നിലയിലും കേരളത്തിലെ പാർട്ടി വോട്ടുകൾ കോൺ​ഗ്രസ്സിന് ലഭിക്കാനാണ് സാദ്ധ്യത.

ബി.ജെ.പിയെ ആരാണോ തോൽപ്പിക്കുക അവർക്ക് വോട്ടു നൽകണമെന്നാണ് അരവിന്ദ് കെജരിവാൾ വ്യക്തമാക്കിയിരിക്കുന്നത്. ഈ നയത്തിന്റെ അടിസ്ഥാനത്തിൽ വെസ്റ്റ് ബം​ഗാളിൽ മമത ബാനർജിയെ പിന്തുണക്കും. രാജസ്ഥാനിലും ​ഗുജറാത്തിലും ബി.ജെ.പിയെ തോൽപ്പിക്കാന്‍ കോൺ​ഗ്രസ്സിന് വോട്ട് നൽകും. ഉത്തർപ്രദേശിൽ എസ്.പി-ബി.എസ്.പി കൂട്ടുകെട്ടിനായിരിക്കും വോട്ട്. ഡൽഹിയിൽ ആം ആദ്മി തന്നെ ശക്തമായി മൽസര​രം​ഗത്തുണ്ട്. ഹരിയാനയിൽ സഖ്യം രൂപീകരിക്കാൻ കെജരിവാൾ രാഹുലിനോട് പരസ്യമായി ആഹ്വാനം ചെയ്തിട്ടുണ്ട്.

കേരളത്തിൽ പാര്‍ട്ടിക്ക് വലിയ സ്വാധീനമില്ലെങ്കിലും ചിലയിടങ്ങളിൽ എൽ.ഡി.എഫിന് ആപ്പാകാൻ പാർട്ടിക്ക് കഴിഞ്ഞേക്കും. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 15 സീറ്റുകളിലാണ് എ.എ.പി മൽസരിച്ചത്. മൊത്തം രണ്ടര ലക്ഷത്തോളം വോട്ടുകൾ പാർട്ടി നേടി. എറണാകുളത്ത് അനിതാ പ്രതാപ് 51,000 വോട്ട് നേടിയപ്പോൾ തൃശൂരിൽ സാറാ ജോസഫ് 44000 വോട്ടുകൾ നേടിയിരുന്നു. ചാലക്കുടിയിൽ കെ.എം നൂറുദ്ദീന്‍ 35,000 വോട്ടുകളും തിരുവന്തപുരത്ത് അജിത് ജോയ് 14000 വോട്ടുകളും നേടിയിരുന്നു.

ഇത്തവണ പണവും ആളുമില്ലാത്തതിനാല്‍ ആപിന്റെ 2014-ലേതു പോലുള്ള മിന്നുന്ന പ്രചാരണത്തിന് സംസ്ഥാനത്ത് രാഷ്ട്രീയ നിരീക്ഷകര്‍ വലിയ പ്രാധാന്യം കല്‍പ്പിക്കുന്നില്ല. എങ്കിലും കഴിഞ്ഞതവണ അവര്‍ക്കു ലഭിച്ച വോട്ടുകള്‍ ഇത്തവണ ആരെ തുണയ്ക്കും എന്നത് പ്രധാനമാണ്.

ദേശീയ രാഷ്ട്രീയത്തിലെ പാർട്ടിയുടെ കൂട്ടുകെട്ട് സംസ്ഥാനത്തും പ്രതിഫലിക്കുമെന്നാണ് പാർട്ടിയുടെ കേരള ചുമതലയുള്ള ദേശീയ സെക്രട്ടറി പി.ടി തുഫൈൽ പ്രതികരിച്ചത്. കോൺ​ഗ്രസ്സിനെ പിന്തുണക്കുമെന്ന് പറയാനായിട്ടില്ല.

ദേശീയ തലത്തിൽ രണ്ടു തരത്തിലാണ് പാർട്ടിക്ക് സഖ്യസാദ്ധ്യതകളുള്ളത്. ആദ്യത്തേത് ബി.ജെ.പിക്കെതിരെ കോൺ​ഗ്രസ്സുമായി കൈകോർക്കുക എന്നതാണ്. രണ്ടാമത്തേത് ബി.ജെ.പിയിതര കോൺ​ഗ്രസ്സിതര മുന്നണിയിൽ ചേരുക എന്നതാണ്.

അന്തിമ തീരുമാനം വരും ദിവസങ്ങളിൽ നടക്കുന്ന ചർച്ചകളിലൂടെ മാത്രമേ ഉണ്ടാകൂവെന്നും തുഫൈൽ പറഞ്ഞു.

Read More >>