ബി.ജെ.പി പട്ടിക: തൃശൂരിൽ തുഷാറിനും പത്തനംതിട്ടയിൽ സുരേന്ദ്രനും സാദ്ധ്യത

പത്തനംതിട്ടക്കായി എം.ടി രമേശും രംഗത്ത്. ശ്രീധരൻ പിള്ള മത്സരിച്ചേക്കില്ല

ബി.ജെ.പി പട്ടിക: തൃശൂരിൽ തുഷാറിനും   പത്തനംതിട്ടയിൽ സുരേന്ദ്രനും സാദ്ധ്യത

ന്യൂഡൽഹി: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നു സൂചന. കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ ശ്രീധരൻ പിള്ള ഉന്നമിട്ടത് പത്തനംതിട്ടയാണ്. എന്നാൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി തുഷാർ വെള്ളാപ്പള്ളി മത്സര രംഗത്ത് വേണമെന്ന ഉറച്ച നിലപാടിലാണ് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ. തുഷാർ തൃശൂർ മണ്ഡത്തിലായിരിക്കും മത്സരിക്കുക.

പത്തനംതിട്ടയോ തൃശ്ശുരോ ഇല്ലെങ്കിൽ മത്സരിക്കാനില്ലെന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. തൃശ്ശൂരിൽ സുരേന്ദ്രൻ മത്സരിക്കുന്നതിനാൽ സുരേന്ദ്രനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കിയേക്കും.

തൃശ്ശൂരും പത്തനംതിട്ടയും പോയാൽ ശ്രീധരൻ പിള്ള പിൻമാറുമെന്നാണ് സൂചന. എന്നാൽ എം.ടി രമേശും പത്തനംതിട്ട സീറ്റാവശ്യപ്പെട്ട് രംഗത്തുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ മികച്ച പ്രകടനം ചൂണ്ടിക്കാട്ടിയാണ് രമേശ് പത്തനംതിട്ട ആവശ്യപ്പെടുന്നത്. എന്നാൽ രമേശിനെ കോഴിക്കോട് മത്സരിപ്പിക്കാനാണ് ബി.ജെ.പി ശ്രമം. ദേശീയ നേതൃത്വം നിർബന്ധിച്ചാൽ മത്സരിക്കുമെന്നാണ് സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്. കൊല്ലത്ത് പൊതു സ്വതന്ത്രനെന്ന നിലയിൽ സി.വി ആനന്ദബോസിനെ പരിഗണിച്ചിരുന്നെങ്കിലും മത്സരിക്കാനില്ലെന്ന നിലപാടിലാണ് അദ്ദേഹം.

പാലക്കാട്ട് ശോഭാ സുരേന്ദ്രന്റെ പേര് സംസ്ഥാന നേതൃത്വം പറയുമ്പോൾ സി കൃഷ്ണകുമാറിന്റെ പേര് വി മുരളീധര വിഭാഗം മുന്നോട്ട് വയ്ക്കുന്നുണ്ട്.

ആറ്റിങ്ങലിൽ പികെ കൃഷ്ണദാസ്, കണ്ണൂരിൽ സികെ പദ്മനാഭൻ,കോഴിക്കോട് എം.ടി രമേശ് ഇല്ലെങ്കിൽ കെ.പി ശ്രീശൻ, മാവേലിക്കരയിൽ പി.എം വേലായുധൻ എന്നിവർ സാദ്ധ്യതാ പട്ടികയിൽ ഉണ്ട്. പൊന്നാനിയിൽ എം.ടി രമ മത്സരിക്കും.

Read More >>