പെണ്ണുങ്ങള്‍ക്ക് ശബരിമല മാത്രമല്ല, ശുചിമുറികളുമില്ല!

ഇന്ത്യയിലെ 21000 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇപ്പോഴും പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ശുചിമുറികളില്ലെന്ന് കേന്ദ്ര മന്ത്രി രമേഷ് ചന്ദ്രപ്പ. ചിലയിടങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ശുചിമുറി ഉപയോഗിക്കുമ്പോള്‍ മറ്റു ചിലയിടങ്ങളില്‍ വെളിമ്പ്രദേശങ്ങളാണ് ആശ്രയം

പെണ്ണുങ്ങള്‍ക്ക് ശബരിമല മാത്രമല്ല, ശുചിമുറികളുമില്ല!

ന്യൂഡല്‍ഹി: 'ആണുങ്ങളുടെ ശബരിമല'യില്‍ പെണ്ണുങ്ങള്‍ പോകുന്നതിനെതിരേ സംഘപരിവാര സംഘടനകള്‍ കലാപം നടത്തുമ്പോള്‍ പാര്‍ലമെന്റില്‍ നിന്ന് മറ്റൊരു വാര്‍ത്ത. ഇന്ത്യയിലെ 21000 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇപ്പോഴും പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ശുചിമുറികളില്ല. ചിലയിടങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ശുചിമുറി ഉപയോഗിക്കുമ്പോള്‍ മറ്റു ചിലയിടങ്ങളില്‍ വെളിമ്പ്രദേശങ്ങളാണ് ഏക ആശ്രയം. കേന്ദ്ര മന്ത്രി രമേഷ് ചന്ദ്രപ്പ പാര്‍ലമെന്റില്‍ നല്‍കി മറുപടിയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

2009 ലെ വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ശുചിമുറികള്‍ വേണം. സ്‌കൂളുകളിലെ ശുചിമുറികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മാനവശേഷി വികസന വകുപ്പിന്റെ കണക്കു പ്രകാരം 2016-17 ല്‍ 20977 സ്‌കൂളുകളില്‍ പെണ്‍ശുചിമുറികളില്ല, 28713 സ്‌കൂളുകളില്‍ ആണ്‍ശുചിമുറികളുമില്ല. അത് യഥാക്രമം, 1.93 ശതമാനവും 2.67 ശതമാനവും വരും.

2016 ആഗസ്റ്റ് 15 വരെയുള്ള ഒരു വര്‍ഷം കൊണ്ട് 4.17 ലക്ഷം സ്‌കൂളുകളില്‍ പുതുതായി ശുചിമുറികള്‍ പണിതെന്നും അതില്‍ ഏകദേശം 1.91 ലക്ഷം പെണ്‍കുട്ടികള്‍ക്കുള്ളതായിരുന്നുവെന്നും മന്ത്രി അറിയിച്ചു.

Read More >>